ADVERTISEMENT

കാക്കനാട് (കൊച്ചി)∙ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും ഇന്നലെ വൈകിട്ടു ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനു പറഞ്ഞു. 

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാൻ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവർത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല.

മകൾക്ക് ഫോൺ നൽകിയതിനെ ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുമ്പു തന്റെ ഫോൺ 13,000 രൂപയ്ക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല. ഫോൺ നന്നാക്കാൻ കൊടുത്തെന്നാണ് പറഞ്ഞത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ. മകളുടെ സ്കൂൾ ഫീസ്, കാർ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാർ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നൽകി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്കൂട്ടറും വാങ്ങിയതായി സനുമോഹൻ മൊഴി നൽകി. ചോദ്യം ചെയ്യൽ രാത്രി അവസാനിച്ചു. കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ ഇന്നു കോടതിയിൽ തിരികെ ഹാജരാക്കും.

വൈഗ ചോദിച്ചു; ‘അമ്മ എന്തു ചെയ്യും’

കാക്കനാട്∙ മകൾ വൈഗയെ കൊന്ന രീതി സനു മോഹൻ ഇന്നലെയും പൊലീസിനു മുന്നിൽ ആവർത്തിച്ചു. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്. 

ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയിൽ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോൾ നിശ്ചലമായി. കൈലി അഴിച്ചു മാറ്റി തോളിൽ എടുത്തു കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു.

മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മാമനു കൊടുക്കാൻ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയിൽ മകൾ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com