ADVERTISEMENT

തിരുവനന്തപുരം ∙ 2 മുന്നണികളിൽ ഒന്നിന്റെ തകർച്ച തങ്ങളുടെ വളർച്ചയ്ക്കു വളമാകുമെന്നു കണക്കുകൂട്ടിയിരുന്ന ബിജെപി, പക്ഷേ ഏക സീറ്റും നഷ്ടപ്പെട്ട് വട്ടപ്പൂജ്യമായതോടെ മിണ്ടാനാകാത്ത സ്ഥിതിയിലായി.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവയ്ക്കു പുറമേ ഇക്കുറി ആറ്റിങ്ങലിൽ കൂടി രണ്ടാമതെത്തിയെങ്കിലും മറ്റു പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞു. വോട്ട് ആകർഷിക്കാനാകുന്ന നേതാക്കളുടെ കുറവാണു ബിജെപി നേരിടുന്ന വെല്ലുവിളി. അതേസമയം, കടുത്ത പാർട്ടിക്കാരല്ലാത്ത ഇ.ശ്രീധരനും സുരേഷ് ഗോപിയും കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്തു.

കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം പാർട്ടിയിൽ ചേരിപ്പോര് മൂർധന്യത്തിലാണ്. സുരേന്ദ്രൻ മത്സരിക്കാൻ 2 മണ്ഡലം തിരഞ്ഞെടുത്തതു പാർട്ടിയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടാക്കി. കോന്നിയിൽ കിട്ടിയതാകട്ടെ മൂന്നാം സ്ഥാനവും.

സിപിഎമ്മുമായി ബിജെപിക്കു രഹസ്യധാരണയുള്ളതായി ചെങ്ങന്നൂരിൽ സീറ്റ് കിട്ടാതെ വന്ന ഇന്റലക്ച്വൽ സെൽ മുൻ കൺവീനർ ആർ.ബാലശങ്കർ ആരോപണമുന്നയിച്ചതു പാർട്ടിയുടെ പ്രതിഛായയെ ബാധിച്ചു.

ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരസ്യ വിഴുപ്പലക്കലായി മാറിയിരുന്നു. 3 പ്രധാന മണ്ഡലങ്ങളിൽ പത്രിക തള്ളിപ്പോയതും വലിയ വീഴ്ചയായി. ചില നേതാക്കളുടെ അമിത ആത്മവിശ്വാസം ധാർഷ്ട്യമായി വളർന്നത് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. കേന്ദ്ര ഏജൻസികളുടെ വരവും ബിജെപി അതിൽ നടത്തിയ രാഷ്ട്രീയ നീക്കങ്ങളും സിപിഎമ്മും സർക്കാരും അനുകൂലമാക്കി മാറ്റുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com