ADVERTISEMENT

ചിറ്റാർ (പത്തനംതിട്ട) ∙ മോഷ്ടാവിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി യുവതി ട്രെയിനിൽനിന്നു ചാടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടൻ (ബിനു– 35) അറസ്റ്റിൽ. 

ചിറ്റാർ – വയ്യാറ്റുപുഴ റൂട്ടിൽ ഈട്ടിച്ചുവടിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 

ഇന്നലെ വൈകിട്ട് 6.30നു ചിറ്റാർ ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രി കോട്ടയത്തുനിന്ന് എത്തിയ റെയിൽവേ പൊലീസിനു പ്രതിയെ കൈമാറി.

ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 28നാണ് മുളന്തുരുത്തി സ്നേഹ നഗർ സ്വദേശി ആശ ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ട്രെയിനിൽ കവർച്ചയ്ക്കും ആക്രമണത്തിനും ഇരയായത്. ചെങ്ങന്നൂർ ഗവ. സ്കൂളിലെ ജീവനക്കാരിയായ ഇവർ ജോലിക്കു പോകവെയായിരുന്നു സംഭവം. 

ആശയെ ആക്രമിച്ച് ആഭരണവും ബാഗും കവർന്ന ശേഷം ട്രെയിനിൽ കിടന്നുറങ്ങിയെന്നും ആഭരണങ്ങളടങ്ങിയ ബാഗ് ആരോ മോഷ്ടിച്ചെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുറ്റിക്കാടുകളിലും സ്കൂളുകളിലുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. 

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ലുക് ഔട്ട് നോട്ടിസ് പതിപ്പിച്ചിരുന്നതിനാലാണ് പ്രതി, പിതാവിന്റെ കുടുംബാംഗങ്ങൾ കഴിയുന്ന വയ്യാറ്റുപുഴയിലെത്തിയത്.

റോഡിലൂടെ നടന്നു പോകുകയായിരുന്ന ഇയാൾ കറുത്ത കണ്ണടയും മാസ്കും ധരിച്ചിരുന്നതിനാൽ പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. തുടർന്ന് പേരുവിളിച്ചപ്പോൾ വിളി കേട്ട ഇയാളെ പിടികൂടുകയായിരുന്നു. നൂറനാട്, കൊല്ലം, മാവേലിക്കര പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 

ചിലർ ബാബുക്കുട്ടനെ മാവേലിക്കരയിൽ കണ്ടതായി അറിയിച്ചതിനെത്തുടർന്ന് റെയിൽവേ സ്പെഷൽ ടീം ഇന്നലെ രാവിലെ മാവേലിക്കര മേഖലയിൽ അന്വേഷണം നടത്തിയിരുന്നു. 

വീഴ്ചയിൽ തലയ്ക്കും കഴുത്തിനും കൈക്കും പരുക്കേറ്റ് കൊച്ചിയിൽ ചികിത്സയിലായിരുന്ന ആശ ഇന്നലെ ആശുപത്രി വിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com