ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജൻ ശേഖരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം കോവിഡ് വാക്സീൻ രണ്ടു ദിവസത്തേക്കു കൂടിയേ ഉള്ളൂ.108.35 ടൺ ഓക്സിജനാണ് ഒരു ദിവസം വേണ്ടത്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ‌270.2 ടൺ ലിക്വിഡ് ഓക്സിജനും 8.97 ടൺ മെഡിക്കൽ ഓക്സിജനും ഉണ്ട്.

കമ്പനികളിൽ നിന്നു വാക്സീൻ ലഭിക്കുമ്പോൾ മാത്രമേ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകാനാവൂ. സംസ്ഥാനങ്ങൾ ഇതു നേരിട്ടു വാങ്ങണമെന്നാണു കേന്ദ്രനയം. വാക്സീൻ ലഭിക്കുന്നില്ല എന്നതാണു പ്രശ്നം. ഒന്നുകിൽ 45 വയസ്സിനു മുകളിലുള്ളവർക്കു സൗജന്യമായി വാക്സീൻ നൽകാൻ കേന്ദ്രം തയാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്കു വാങ്ങാവുന്ന വിധം വാക്സീൻ ലഭ്യത ഉറപ്പു വരുത്തണം.

വാക്സീനിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഏറ്റുമുട്ടലില്ല. ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ ഏറ്റുമുട്ടലിനു പ്രസ്കതിയില്ല. കേന്ദ്രനയം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതു തിരുത്തുമെന്നാണു പ്രതീക്ഷ. നമ്മുടെ ആവശ്യം പരിഗണിക്കാതെ വാക്സീൻ മറ്റു സ്ഥലങ്ങളിലേക്കു നൽകിയതും തിരിച്ചടിയായെന്നു മുഖ്യമന്ത്രി വ്യക്തമാക്കി

ഇന്നലെ 4.75 ലക്ഷം ഡോസ്  എത്തി

തിരുവനന്തപുരം∙ സംസ്ഥാനത്തെ അതിരൂക്ഷമായ വാക്സീൻ ക്ഷാമത്തിന് ചെറിയ ആശ്വാസം. ഇന്നലെ 4.75 ലക്ഷം ഡോസ് വാക്സീൻ എത്തി. 2.05 ലക്ഷം ഡോസ് മാത്രമാണ് ഇന്നലെ വൈകിട്ടു വരെ ബാക്കിയുണ്ടായിരുന്നത്. 4 ലക്ഷം ഡോസ് കോവിഷീൽഡും 75000 കോവാക്സീനുമാണ് എത്തിയത്.വാക്സീൻ ക്ഷാമത്തെത്തുടർന്നു വിതരണ കേന്ദ്രങ്ങളുടെ എണ്ണം 431 ആയി കുറച്ചു. ഇതുവരെ 75.08 ലക്ഷം പേർക്കാണ് വാക്സീൻ നൽകിയത്. രണ്ടാം ഡോസ്  നൽകിയത് 14.19 ലക്ഷം പേർക്കു മാത്രം.

തുള്ളി പോലും പാഴാക്കാതെ കേരളം

തിരുവനന്തപുരം ∙ ഒരു തുള്ളി പോലും പാഴാക്കാതെയുള്ള മാതൃകാ വാക്സീൻ ഉപയോഗവുമായി കേരളം. പാഴായി പോകാനുള്ള സാധ്യത കരുതി അധികമായി ഉൾക്കൊള്ളിച്ച വാക്സീൻ കൂടി കേരളം കൃത്യതയോടെ വിതരണം ചെയ്തെന്നു മുഖ്യമന്ത്രി .

കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ 73,38,860 ഡോസ് ആണു ലഭിച്ചത്. ഓരോ വയലിലും 10 ഡോസ് കൂടാതെ പാഴായി പോകാനുള്ള സാധ്യത കണക്കാക്കി ഒരു ഡോസ് അധികമുണ്ടായിരിക്കും. ഇതുൾപ്പെടെ 74,26,164 ഡോസ് വിതരണം ചെയ്തു.ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ചു നഴ്സുമാരുടെ മിടുക്കു കൊണ്ടാണിതു സാധിച്ചത്. അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com