ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിനു കളമൊരുങ്ങി. ഓൺലൈൻ മന്ത്രിസഭാ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ രാജ്ഭവനിലെത്തി നിലവിലെ മന്ത്രിസഭയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നൽകി. പുതിയ മന്ത്രിസഭ അധികാരമേൽക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചു. 14–ാം നിയമസഭ പിരിച്ചു പിരിച്ചുവിട്ടുള്ള ഉത്തരവിൽ ഗവർണർ ഒപ്പുവച്ചു.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്കു സിപിഎം കടക്കും. മന്ത്രിമാരെ ഇന്നു നിശ്ചയിക്കില്ല. സംസ്ഥാന കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഇടതുമുന്നണി യോഗവും സംസ്ഥാന കമ്മിറ്റി യോഗവും എന്നു വിളിക്കണം, നേരിട്ടു യോഗം ചേരണമോ തുടങ്ങിയവ ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനിക്കും.

മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെന്നു പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചെങ്കിലും അതു നടപടിക്രമങ്ങളും ഔപചാരികതയും പൂർത്തിയാക്കാത്തതു കൊണ്ടു മാത്രമാണെന്നു പാർട്ടി വ്യക്തമാക്കി. പാർട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, നിയമസഭാ കക്ഷി യോഗം എന്നിവ ചേർന്ന ശേഷമേ ഇക്കാര്യത്തിൽ സിപിഎമ്മിന് ഔദ്യോഗിക തീരുമാനം എടുക്കാൻ കഴിയൂ.

മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, ടി.പി.രാമകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.എം.മണി എന്നിവർ ആദ്യ സാധ്യതാ പട്ടികയിൽ ഉണ്ടാകും.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ.വാസവൻ, എം.ബി.രാജേഷ്, സി.എച്ച്.കുഞ്ഞമ്പു, ഇടതു സ്വതന്ത്രൻ കെ.ടി.ജലീൽ, വനിതാ നേതാക്കളായ വീണ ജോർജ്, ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരും പരിഗണിക്കപ്പെട്ടേക്കും. ഇവരിൽ ഒരാൾ സ്പീക്കർ ആകാനും സാധ്യതയുണ്ട്. ചില അപ്രതീക്ഷിത പേരുകൾ വരുമെന്ന സൂചനയും നേതാക്കൾ നൽകി.

കേരള കോൺഗ്രസിന് 2 മന്ത്രിമാർ

സിപിഐ–നാല്, കേരള കോൺഗ്രസ്(എം)–രണ്ട്, എൻസിപി–ഒന്ന്, ജനതാദൾ(എസ്)– ഒന്ന് എന്നതാണു ഘടകകക്ഷി മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചു പരിഗണനയിലുള്ള നിർദേശം. അങ്ങനെയെങ്കിൽ 20 അംഗ മന്ത്രിസഭയിൽ സിപിഎമ്മിന് ഒരു സ്ഥാനം കുറയും. നിലവിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാരാണ്. 21 അംഗ മന്ത്രിസഭ ആണെങ്കിൽ 13 നിലനിർത്താം.

ഏകാംഗ പാർട്ടികൾ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരാൾ മാത്രം ജയിച്ച പാർട്ടികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യത കുറവ്. എൽജെഡി, കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി), ആർഎസ്പി (എൽ), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിങ്ങനെ 6 പാർട്ടികൾക്കാണ് ഒരു എംഎൽഎ വീതമുള്ളത്.


മന്ത്രിസഭയിൽ സിപിഎമ്മിന്റെ അംഗബലം നിലവിലെ 13ൽനിന്ന് 12 ആയി കുറച്ചാൽ സിപിഐയുടെ ഡപ്യൂട്ടി സ്പീക്കർ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ് പദവി എന്നിവ രണ്ടും ഒരുമിച്ച് ഉണ്ടാകില്ല. കേരള കോൺഗ്രസിന് 2 മന്ത്രിസ്ഥാനത്തിനു പകരം ഒരു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കർ പോലെയുള്ള പദവിയും പോരേ എന്ന വാദവും ഉയരുന്നുണ്ട്.

English Summary: CM Pinarayi Vijayan submits his resignation to Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com