ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂടി. എതിർശബ്ദം ഉയർത്തി ഘടകകക്ഷി നേതാക്കളും രംഗത്തെത്തി.‘എന്തിനാണ് ഇനിയും ഒരു ഉറക്കംതൂങ്ങി പ്രസിഡന്റ്’ എന്ന ഹൈബി ഈഡന്റെ ഫെയ്സ്ബുക് ചോദ്യം പാർട്ടിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചു. എന്നാൽ, അധ്യക്ഷ സ്ഥാനം സ്വയം ഒഴിയുമെന്നു പറയാതെ എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

എ യുടെ മുൻനിര നേതാവായ കെ.സി. ജോസഫും ഐ ഗ്രൂപ്പിലെ പ്രധാനിയായ ഹൈബി ഈഡനും കെപിസിസി നേതൃത്വത്തിനെതിരെ വിരൽ ചൂണ്ടിയതോടെ മുല്ലപ്പള്ളിയുടെ നേതൃത്വത്തോടുള്ള ഗ്രൂപ്പുകളുടെ അതൃപ്തി പരസ്യമായി മറനീക്കി. നേതൃമാറ്റം ഉമ്മൻ ചാണ്ടിയും ആഗ്രഹിക്കുന്നുവെന്ന സൂചന കെ.സി. ജോസഫിന്റെ പ്രതികരണത്തിൽ പ്രകടമായി.

പരാജയത്തിന്റെ പേരിൽ തന്നെ മാത്രം ബലിയാടാക്കാനാണ് നീക്കമെന്ന വികാരം ആശയവിനിമയം നടത്തിയ നേതാക്കളോടു മുല്ലപ്പള്ളി പങ്കുവച്ചു. ഗ്രൂപ്പുകളുമായി ചർച്ച ചെയ്താണ് എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പു മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും തനിക്കും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമാണെന്ന മനോഭാവത്തിലാണ് മുല്ലപ്പള്ളി. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടി വരാനിടയില്ല എന്നിരിക്കെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മാറട്ടെ എന്ന അഭിപ്രായമാണ് ഉയരുന്നത്.

ഇതിനിടെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ കെ.മുരളീധരൻ സന്ദർശിച്ചു ചർച്ച നടത്തി. തലസ്ഥാനത്തെത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി. തോമസും നേതാക്കളെ കണ്ടു. തിരക്കിട്ട് തീരുമാനങ്ങൾ വേണ്ടെന്നും പ്രായോഗിക സമീപനം വേണമെന്നുമാണ് മുരളിയുടെയും തോമസിന്റെയും അഭിപ്രായം.

അതേസമയം, ഗ്രൂപ്പുകളോടുള്ള എതിർപ്പ് പി.ജെ. കുര്യൻ വ്യക്തമാക്കി. തൃശൂരിലെ തന്റെ തോൽവിയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്നു പത്മജ വേണുഗോപാൽ തുറന്നടിച്ചു. തിരിച്ചടിക്ക് ഉത്തരം പറയാനുള്ള ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി സമിതിക്കുണ്ടെന്നു മുൻമന്ത്രി പന്തളം സുധാകരൻ പറഞ്ഞു.

ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫും (കേരള കോൺഗ്രസ്) ഷിബു ബേബി ജോണും (ആർഎസ്പി) കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. കോൺഗ്രസിലെ കൂട്ടക്കുഴപ്പമാണ് യുഡിഎഫിന്റെ വൻ തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് ചവറയിൽ തോറ്റ ഷിബു പറഞ്ഞു. മുസ്‍ലിം ലീഗും യുഡിഎഫും ആത്മപരിശോധന നടത്തണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് പി.കെ. അബ്ദു റബ്ബ് രംഗത്തെത്തിയതും യുഡിഎഫ് കേന്ദ്രങ്ങളിൽ ചർച്ചയായി.

രാഷ്ട്രീയകാര്യ സമിതി  വെള്ളിയാഴ്ച

തിരുവനന്തപുരം ∙ നിയമസഭാ തിര‍ഞ്ഞെടുപ്പിലെ വൻതിരിച്ചടി ചർച്ച ചെയ്യാനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വെള്ളിയാഴ്ച വിളിച്ചു ചേർത്തു. നേതൃത്വത്തിനെതിരെ പരസ്യ വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com