ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിലും അകന്നു നിന്ന ന്യൂനപക്ഷ വോട്ടുകൾ കൂടെ വന്നത് ഇത്തവണത്തെ വൻ കുതിപ്പിനു വഴിയൊരുക്കിയതായി സിപിഎം. അതേ സമയം ന്യൂനപക്ഷ പിന്തുണ കൊണ്ടു മാത്രമുള്ള നേട്ടമായി ഇതിനെ വിശേഷിപ്പിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. എല്ലാ ജാതിമത വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചതായാണ് പാർട്ടി കേന്ദ്രങ്ങൾ‍ ചൂണ്ടിക്കാട്ടുന്നത്.

Raj-Bhavan
തുടരും വൺ: മുഖ്യമന്ത്രി പിണറായി വിജയൻ രാജ് ഭവനിൽ ഗവർണർക്കു രാജി സമർപ്പിച്ചു മടങ്ങുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

2016 ൽ 91 സീറ്റ് നേടിയപ്പോഴും മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകൾ യുഡിഎഫിനൊപ്പം ഉറച്ചുനിന്നത് മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കു കടന്നുകയറാൻ കഴിയാത്തതിന്റെ തെളിവായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇത്തവണ മലപ്പുറത്തും എറണാകുളത്തും 2016 ലെ അതേ സ്ഥിതി തുടർന്നപ്പോൾ കോട്ടയത്ത് രണ്ടിനു പകരം 5 സീറ്റ് നേടി ജില്ലയിൽ മുന്നിലെത്തി. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫിലേക്കുള്ള വരവു ഫലം കണ്ടു. പത്തനംതിട്ടയിലെ 5 സീറ്റും നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 6.78 ലക്ഷം വോട്ട് എൽഡിഎഫിന് കൂടുതലായി ലഭിച്ചുവെന്ന കണക്കാണ് പാർട്ടിക്കു ലഭിച്ചത്. സ്ത്രീകൾ കൂടുതലായും പുതു വോട്ടർമാരിലെ വലിയ പങ്കും ഇടതിനു വോട്ടു ചെയ്തുവെന്നാണ് അനുമാനം. തുടർ ഭരണത്തിന് അനുകൂലമായ വികാരം കേരള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരുന്നുവെന്ന് പാർട്ടി ഇതിൽ നിന്നു കണക്കു കൂട്ടുന്നു.

ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് പ്രകാരം 100 സീറ്റ് വരെ കിട്ടുമെന്ന കണക്കു നേതൃത്വത്തിന്റെ പക്കൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോവളം ഒഴിച്ച് 13 സീറ്റിലും ജയിക്കുമെന്നു തന്നെയാണു ജില്ലാ സെക്രട്ടേറിയറ്റ് അവകാശപ്പെട്ടത്. എന്നാൽ ആ ഘട്ടത്തിൽ ജില്ലകളുടെ അവകാശവാദങ്ങൾ അതേപടി അംഗീകരിക്കാൻ നേതൃത്വം തയാറായില്ല. ഓരോ മണ്ഡലത്തിന്റെയും സ്ഥിതി നേതൃത്വം പ്രത്യേകം പരിശോധിച്ചാണ് ഏതു സാഹചര്യത്തിലും 80 എന്ന കണക്കിൽ എത്തിയത്. എന്നാൽ ഫലം വന്നപ്പോൾ, പല ജില്ലകളും അവകാശപ്പെട്ടതിന്റെ അടുത്ത് സീറ്റ് പാർട്ടിക്കു ലഭിച്ചു.

തോറ്റ സിറ്റിങ് സീറ്റുകളിൽ തൃപ്പൂണിത്തുറ ഉറച്ച പട്ടികയിൽ പെടുത്തിയിരുന്നില്ല. എന്നാൽ കൊല്ലത്തെ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചിട്ടും കുണ്ടറയിൽ തോറ്റതു നേതൃത്വത്തെ അമ്പരപ്പിച്ചു. കുണ്ടറയിലും തൃപ്പൂണിത്തുറയിലും ബിജെപിക്കു ചോർന്ന അത്രയും വോട്ടുകൾ യുഡിഎഫിനു കിട്ടി എന്ന പാർട്ടിയുടെ നിഗമനമാണു മുഖ്യമന്ത്രി യുഡിഎഫിനെതിരെ ആരോപണമായി ഇന്നലെ ഉന്നയിച്ചത്.

ബിജെപി ഒരിടത്തും ജയിക്കില്ലെന്നു സിപിഎം അവകാശപ്പെട്ടുവെങ്കിലും അവരുടെ വോട്ട് വിഹിതം കുറയുമെന്നു പാർട്ടി കരുതിയിരുന്നില്ല. എന്നാൽ, ഇതിൽ ഒരു പങ്ക് എൽഡിഎഫ് സ്ഥാനാർഥിക്കും കിട്ടാനുള്ള സാധ്യത നേതൃത്വം തള്ളുന്നു.

കോൺഗ്രസിനെക്കാൾ വലിയ തിരിച്ചടി മുസ്‌ലിം ലീഗിനാണ് ഉണ്ടായതെന്നും സിപിഎം പ്രാഥമികമായി വിലയിരുത്തി. മണ്ണാ‍ർക്കാട് ഒഴിച്ചാൽ മലബാറിനു പുറത്ത് ലീഗിന് സീറ്റ് ഇല്ലാത്ത സ്ഥിതിയായി. മുസ്‌ലിം ജനവിഭാഗത്തിന്റെ കുത്തക ലീഗിന് അവകാശപ്പെടാൻ ഇതോടെ കഴിയാതെ പോകുമെന്നും സിപിഎം നേതാക്കൾ പറയുന്നു. കുഞ്ഞാലിക്കുട്ടി അടക്കം മിക്ക ലീഗ് സ്ഥാനാർഥികൾക്കും ഭൂരിപക്ഷവും ഇടിഞ്ഞു.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഫലം ഔദ്യോഗികമായി വിലയിരുത്തും. തുടർന്നു ജില്ലകളിൽനിന്നു വിശദ റിപ്പോർട്ട് തേടിയശേഷം സംസ്ഥാന കമ്മിറ്റിയും വിശകലനം ചെയ്യും. കുണ്ടറയിലെ തോൽവി പ്രത്യേകമായി അന്വേഷിക്കാൻ സാധ്യതയുണ്ട്.

English Summary: Kerala Assembly Elections 2021 - CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com