ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ച നീട്ടി. ഇന്നു ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം മന്ത്രിസഭാ രൂപീകരണത്തിലെ പൊതു സമീപനം ചർച്ച ചെയ്തേക്കും.

17ന് എൽഡിഎഫ് യോഗം ചേർന്ന് ഓരോ കക്ഷിയുടെയും മന്ത്രിസഭാ പ്രാതിനിധ്യം അന്തിമമാക്കും. 18നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും സിപിഎം മന്ത്രിമാരെ നിശ്ചയിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ എന്നാണു ധാരണ. സിപിഐയുടെ നിർവാഹകസമിതി 15നു ശേഷം ചേരും. കഴിഞ്ഞ പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 2016 മേയ് 25നായിരുന്നു.

എൽഡിഎഫിന്റെയും സിപിഎം സംസ്ഥാന കമ്മിറ്റിയുടെയും ഓൺ‌ലൈൻ യോഗങ്ങൾ തിരക്കിട്ടു വിളിച്ചു മന്ത്രിസഭാ രൂപീകരണ ചർച്ച നടത്തേണ്ടെന്നു സിപിഎം സെക്രട്ടേറിയറ്റ് ധാരണയിലെത്തി. യാത്രകൾക്കും നേരിട്ടുള്ള യോഗങ്ങൾക്കും വിലക്കുള്ളപ്പോൾ എൽഡിഎഫ് തന്നെ അതു ലംഘിക്കരുതെന്നാണു സിപിഎം തീരുമാനിച്ചത്. 

മന്ത്രിസഭയിൽ പുതുമുഖങ്ങൾ 10

തിരുവനന്തപുരം ∙ മന്ത്രിസഭയിൽ പത്തോളം പുതുമുഖങ്ങൾ ഇടം പിടിക്കുമെന്ന് സൂചന. നിയമസഭയിലേക്ക് 2 ടേം നിബന്ധന നടപ്പാക്കിയതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്ത സാഹചര്യത്തിൽക്കൂടിയാണിത്. സ്ഥാനാർഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണമെന്നാണ് സിപിഎമ്മിലെ ധാരണ. പുതിയ സഭയിൽ അംഗങ്ങളായ നിലവിലെ മന്ത്രിമാരെയെല്ലാം നിലനിർത്തണോ, അതല്ല കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഒഴികെ മറ്റെല്ലാവരെയും പൊതുമാനദണ്ഡം അടിസ്ഥാനമാക്കി  മാറ്റണോ എന്നതാണ് പ്രധാനമായും തീരുമാനിക്കാനുള്ളത്. ശൈലജയ്ക്ക് ആരോഗ്യവകുപ്പിനൊപ്പം ഉന്നത വിദ്യാഭ്യാസം കൂടി ലഭിച്ചേക്കാം. 

എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകും. രാജീവോ ബാലഗോപാലോ ധനമന്ത്രി ആകാനാണ് സാധ്യത. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.പി.ചിത്തരഞ്ജൻ, പി.നന്ദകുമാർ, സി.എച്ച്.കുഞ്ഞമ്പു, വീണാ ജോർജ്, എം.ബി.രാജേഷ്, കാനത്തിൽ ജമീല, ആർ.ബിന്ദു, എ.എൻ ഷംസീർ, കെ.ടി.ജലീൽ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. ഇവരിൽ ഒരാൾ സ്പീക്കറുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com