വോട്ട് ചോർച്ച: എൻഡിഎയിൽ തർക്കം രൂക്ഷം; ചോദ്യമുനയിൽ ബിഡിജെഎസ്

BJP-and-BDJS-logos
SHARE

തിരുവനന്തപുരം ∙ വോട്ടുചോർച്ചയെച്ചൊല്ലി എൻഡിഎയിൽ രൂക്ഷമായ തർക്കം. കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ –മണ്ഡലം തലത്തിലേക്ക് വോട്ടു ചോർച്ച അന്വേഷിച്ച് നേതാക്കൾ പോകണമെന്നൊക്കെ ബിജെപി തിരുമാനിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ ബിഡിജെഎസ് വോട്ട് മറിഞ്ഞുവെന്ന നിഗമനത്തിലാണ് ബിജെപി നേതൃത്വം.

എൻഡിഎയിൽ ബിഡിജെഎസ് മത്സരിച്ച 21 സീറ്റുകളിലും വോട്ടു വൻതോതിൽ ചോർന്നു. ഇതിൽ രണ്ടിടത്ത് ഒഴിച്ച് ബാക്കിയെല്ലായിടത്തും ജയിച്ചത് ഇടതു സ്ഥാനാർഥികളാണെന്നതാണ് കോൺഗ്രസ് ആരോപണം. ബിഡിജെഎസിന്റെ വോട്ട് കുറഞ്ഞ പറവൂരിലും കുണ്ടറയിലും മാത്രമാണ് കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചത്.

ബിഡിജെഎസിൽ നിന്ന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായ ചില മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ ജയവും ഭൂരിപക്ഷത്തിന്റെ തോതും ബിജെപി അവലോകനം ചെയ്തു. ഇടതുമുന്നണി 22,698 വോട്ടിനു ജയിച്ച കയ്പമംഗലത്ത് ബിഡിജെഎസിന് 2016 നെക്കാൾ 20,975 വോട്ടു കുറവാണ്. അരൂരിൽ ബിഡിജെഎസിനു 2016 നെക്കാൾ 10,274 വോട്ടാണ് നഷ്ടം. കുട്ടനാട് 18,098 വോട്ടും. ഇത്തരത്തിൽ കഴിഞ്ഞ നിയമസഭയുമായി താരതമ്യം ചെയ്യുമ്പോൾ ബിഡിജെഎസ് വോട്ട് ചോർച്ച മത്സരിച്ച 21 മണ്ഡലങ്ങളിലും ബിജെപിയെ അമ്പരപ്പിച്ചു.

ഇൗ മണ്ഡലങ്ങളിൽ മാത്രമായി 2.44 ലക്ഷത്തോളം കുറഞ്ഞു. 4 ലക്ഷത്തിലധികം വോട്ടാണ് എൻഡിഎയ്ക്ക് 2016 നെക്കാൾ കുറവുള്ളത്. ബിജെപി മത്സരിച്ച മണ്ഡലങ്ങളിലും ബിഡിജെഎസ് വോട്ട് ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ.

2015 ൽ ബിജെപിയുമായി ബിഡിജെഎസ് ചേർന്നതിനു ശേഷം 2016 ലെ തിരഞ്ഞെടുപ്പിൽ 2.5% വോട്ടിന്റെ വർധനയുണ്ടായെന്നായിരുന്നു വിലയിരുത്തൽ. ഇൗ തിരഞ്ഞെടുപ്പിൽ കുറവുണ്ടായതും ഏതാണ്ട് അത്രയും തന്നെ വോട്ടുകളാണ്. ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥി നിർണയത്തിലും ബിജെപിക്ക് ചില മണ്ഡലങ്ങളിൽ അതൃപ്തിയുണ്ടായിരുന്നു. ബിജെപിയിലെ വോട്ടു ചോർച്ച പരിശോധിച്ച ശേഷമാകാം ബിഡിജെഎസിന്റെ വോട്ടുചോർച്ചയെക്കുറിച്ചുള്ള പരിശോധനയെന്നാണ് കോർ കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം.

എ ക്ലാസിലും ചോർച്ച

പണവും സർവശേഷിയുമായി മാസങ്ങൾക്കു മുൻപേ കളത്തിലിറങ്ങിയ 21 എ ക്ലാസ് മണ്ഡലങ്ങളിൽ 13 ലും ബിജെപിയുടെ വോട്ടു കുറഞ്ഞു. ഇവിടെയൊക്കെ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഉൾപ്പെടെ നിരവധി പരിപാടികൾ നടത്തിയതുമാണ്.

ആർഎസ്എസിന്റെ സംസ്ഥാന–വിഭാഗ് തലത്തിലെ നേതാക്കളുടെ മേൽനോട്ടത്തിലുമായിരുന്നു പ്രചാരണം. എന്നിട്ടും 2016 നെക്കാൾ വോട്ടു കുറ‍ഞ്ഞത് ആർഎസ്എസിനെ ഞെട്ടിച്ചു. 2016 ലെ വോട്ടും കിട്ടിയില്ലെന്നുമാത്രമല്ല, പുതുതായി ഒരു മണ്ഡലത്തിൽ ചേർന്ന 2500–3000 വോട്ടുകൾ എവിടെപ്പോയെന്നതിനും കണക്കില്ല. 

ജയിക്കുമെന്നു കണക്കുകൂട്ടിയിരുന്ന കാസർകോട്ട് 2016 നെക്കാൾ 5725 വോട്ടാണ് കുറഞ്ഞത്. വോട്ടുകുറയുമെന്ന് പറഞ്ഞ് ദേശീയ നേതാവ് ആർ.ബാലശങ്കറിന് സീറ്റ് നിഷേധിച്ച ചെങ്ങന്നൂരിൽ 8060 വോട്ടു ചോർന്നു. കോന്നിയിൽ ഉപതിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 6975 വോട്ടിന്റെ കുറവാണ് ഇപ്പോൾ സുരേന്ദ്രന് കിട്ടിയത്. എ ക്ലാസ് മണ്ഡലങ്ങളിലെ വോട്ടുചോർച്ചയെപ്പറ്റി പ്രത്യേകം അന്വേഷിക്കണമെന്നു തിരഞ്ഞെടുപ്പു മേൽനോട്ട ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കോർ കമ്മിറ്റിയിൽ നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA