ADVERTISEMENT

തിക്‌തൗഷധം കുഞ്ഞുങ്ങൾക്കു നൽകുന്നതുപോലെ മാർ ക്രിസോസ്‌റ്റം എല്ലാം ഹാസ്യത്തിലും നേരമ്പോക്കിലും പൊതിഞ്ഞ് ശ്രോതാക്കൾക്കു സ്വീകാര്യമാക്കി മാറ്റി. ജനങ്ങൾ സന്മാർഗോപദേശങ്ങൾ ഒരിക്കലും ഉള്ളാലെ ഇഷ്‌ടപ്പെടുന്നില്ല. അത് ഇഷ്‌ടപ്പെടുത്താനുള്ള വിദ്യയായിരുന്നു  മെത്രാപ്പോലീത്തയുടെ ഫലിതം

ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി 1999 ഒക്‌ടോബർ 23നു സഭയുടെ പരമാധ്യക്ഷനായ  മാർ ക്രിസോസ്‌റ്റം     പ്രസംഗത്തിലൂടെയും പ്രവൃത്തിയിലൂടെയും കേരളത്തിനു പ്രിയങ്കരനായി. ഒരുദിവസം ഏഴു വേദികളിൽവരെ പ്രധാന പ്രസംഗകന്റെ റോളിൽ തിളങ്ങിയ ചരിത്രമുണ്ട്.  

ക്രിസോസ്‌റ്റം എന്നുവച്ചാൽ ‘സുവർണ നാവുള്ളവൻ’ എന്നാണർഥം.  മധുരമായ വാഗ്മിത്വത്തിനുള്ള ക്രൈസ്‌തവാംഗീകാരമാണ് ആ പേര്. വലിയ പണ്ഡിതന്റെ ഗംഭീര ഗീർവാണത്തിലുള്ള പ്രഭാഷണധോരണിയൊന്നും മാർ ക്രിസോസ്‌റ്റം പ്രകടിപ്പിക്കാറില്ല. വെറുമൊരു സാധാരണ ഗ്രാമീണനെപ്പോലെ ചിരിച്ച് കലവറയില്ലാതെ ചെറിയ കാര്യങ്ങൾ കൊച്ചു വാക്യങ്ങളിൽ പറയുന്നു. ചെവിയിലൂടെ അത് മനസ്സിലെത്തുന്നത് മധുരമായ അനുഭവമാണ്. വചനം ദിവ്യമാണെന്നു തോന്നുന്നത് ആ വാക്കുകൾ കുറെക്കഴിഞ്ഞ് ഹൃദയത്തെ കീഴടക്കുമ്പോഴായിരിക്കും.  അദ്ദേഹം ശകാരിക്കുന്നതും വിമർശിക്കുന്നതും എല്ലാം മധുരമായും ചതുരമായും ആണ്. തേനിൽ ചാലിച്ച്

തിക്‌തൗഷധം കുഞ്ഞുങ്ങൾക്കു നൽകുന്നതുപോലെ മാർ ക്രിസോസ്‌റ്റം എല്ലാം ഹാസ്യത്തിലും നേരമ്പോക്കിലും പൊതിഞ്ഞ് ശ്രോതാക്കൾക്കു സ്വീകാര്യമാക്കി മാറ്റി. ജനങ്ങൾ സന്മാർഗോപദേശങ്ങൾ ഒരിക്കലും ഉള്ളാലെ ഇഷ്‌ടപ്പെടുന്നില്ല. അത് ഇഷ്‌ടപ്പെടുത്താനുള്ള വിദ്യയായിരുന്നു മെത്രാപ്പോലീത്തയുടെ ഫലിതം

പത്തുമുതൽ പതിനായിരം വരെ ആളുകൾ പങ്കെടുക്കുന്ന വേദികൾ മാർ ക്രിസോസ്‌റ്റത്തിന് ഒരുപോലെയായിരുന്നു. 

chrysostom3
മെത്രാപ്പൊലീത്താ സ്ഥാനാരാഹോണച്ചടങ്ങിൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത അംശവടി മാർ ക്രിസോസ്റ്റത്തിനു കൈമാറുന്നു. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയും സമീപം.

മാർ ക്രിസോസ്‌റ്റത്തിന്റെ പ്രസംഗങ്ങളിൽ വേദചിന്തകളുടെ നീരൊഴുക്കും ഫലിതങ്ങളിൽ വിമർശനങ്ങളുടെ കൊടുംവേനലും ഉണ്ട്. ഇവ കേൾക്കാൻ ജനം എന്നും കാതു കൂർപ്പിച്ചിരുന്നതാണ് മാർ ക്രിസോസ്‌റ്റത്തെ വേദികൾക്കു പ്രിയപ്പെട്ടവനാക്കിയത്.  മുഖ്യമന്ത്രി ആയശേഷം പുലാത്തീൻ അരമന സന്ദർശിച്ച ഉമ്മൻ ചാണ്ടിയോടു മാർ ക്രിസോസ്‌റ്റം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നാലുമണി കഴിഞ്ഞാൽ പുതുപ്പള്ളിയിൽ ചെന്ന് ധൈര്യമായി ഇനി വഴി ചോദിക്കാമല്ലോ’. പുതുപ്പള്ളിക്കാരുടെ പേരകേട്ട മദ്യപാനശീലത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.  

 

താൻ പ്രസംഗിക്കുമ്പോൾ കേൾവിക്കാർ ഉറങ്ങി സഹകരിക്കണമെന്നു പറയാൻ മടിക്കാത്ത ഈ പുരോഹിതശ്രേഷ്‌ഠൻ, ആത്മപരിഹാസത്തിന്റെ കാര്യത്തിൽ  വളരെ മുൻപിലാണ്. അമേരിക്കൻ സന്ദർശനത്തിനിടെ, മറ്റൊരു ബിഷപ്പിനെ ക്ഷണിക്കാൻ വന്ന യോഗസംഘാടകർ അബദ്ധത്തിൽ ക്രിസോസ്‌റ്റം തിരുമേനിയെ വിളിച്ചുകൊണ്ടുപോയപ്പോൾ ഭാരവാഹികൾക്കും സദസ്യർക്കും ഉണ്ടായ അങ്കലാപ്പിനെ, തന്നെ കളിയാക്കിക്കൊണ്ടുള്ള ഒറ്റവാക്യത്തിലൂടെ ആകെ മാറ്റിയെടുത്ത സംഭവമുണ്ട്. അദ്ദേഹം പറഞ്ഞ മറക്കാനാവാത്ത ആ വാക്യം ഇതാണ്: ‘‘മനുഷ്യനു യേശുവിനെക്കുറിച്ച് എല്ലാം കേട്ടറിയാം; പക്ഷേ, അവൻ വിളിച്ചുകൊണ്ടുപോകുന്നത് സാത്താനെ.’’

 

പ്രഭാഷണംകൊണ്ട് മാർ ക്രിസോസ്‌റ്റം പ്രക്ഷുബ്‌ധരംഗങ്ങളെ പ്രശാന്തമാക്കി. താൻ പള്ളി            ലേലംചെയ്യാൻ പോകുന്നെന്നു പറഞ്ഞതറിഞ്ഞ് ക്ഷോഭിച്ചുവന്ന ജനങ്ങളെ പരിഹസിച്ച് പാഠം പഠിപ്പിച്ചുവിട്ട ആചാര്യനായിരുന്നു അദ്ദേഹം.  മരിക്കാൻ തനിക്ക് ഒട്ടും ഭയമില്ലെന്നു ഖ്യാതിയടിച്ച ഒരാളെ കസേരക്കാൽ തട്ടി താഴെ വിഴ്‌ത്തി ആളിന്റെ ഭയം തെളിയിക്കാൻ അദ്ദേഹം മടിച്ചില്ല. വേദപുസ്‌തകവും മലയാള മനോരമയും തമ്മിലുള്ള വ്യത്യാസം പറഞ്ഞപ്പോൾ നാം ആലോചിക്കാതെ വാക്കുപയോഗിക്കുന്നവരാണെന്ന പാഠം അദ്ദേഹം വെളിപ്പെടുത്തി.

 ‘‘വേദപുസ്‌തകം വായിക്കാനുള്ളതല്ല, ധ്യാനിക്കാനും പഠിക്കാനുമുള്ളതാണ്. മലയാള മനോരമ വായിക്കാനുള്ളതാകുന്നു.’’ ഈ രണ്ടു തരം വായനകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇതു കേട്ട ഒരാൾക്കും പിന്നീടൊരിക്കലും സംശയം ഉണ്ടായിട്ടുണ്ടാവില്ല.

  അധികാരത്തിന്റെ അഹങ്കാരങ്ങളെയും പാവങ്ങളോടുള്ള പുച്‌ഛത്തെയും ഒരുനാളും അദ്ദേഹം  പൊറുത്തിട്ടില്ല. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടി കുറച്ചു വർഷം കഴിഞ്ഞ് ഇംഗ്ലണ്ടിൽ ചെന്ന തിരുമേനിക്ക് അവിടെ ഒരു സ്വീകരണം ഏർപ്പെടുത്തിയിരുന്നു. അധ്യക്ഷനായ ആംഗ്ലിക്കൻ ബിഷപ്  പഴയ ചരിത്രത്തിന്റെ തണലിൽ, തിരുമേനിയെയും ഇന്ത്യക്കാരെയും ഒന്നു കളിയാക്കാമെന്നു കരുതി, ഇപ്രകാരം ഒരു ചോദ്യം ചോദിച്ചു: ‘‘ഇന്ത്യയിൽ ഇപ്പോഴും റോഡുകളിൽ കരടിയും സിംഹവും മറ്റും ഇറങ്ങിവരാറുണ്ടോ?’’. മറുപടി ഉടനെ വന്നു, പതുക്കെ: ‘‘ അതൊക്കെ 1947നു മുൻപായിരുന്നു.’’. കൊൽക്കത്തയിൽവച്ച് മദർ തെരേസ സന്നിഹിതയായ ഒരു സദസ്സിൽ തിരുമേനി ചെയ്‌ത             പ്രസംഗത്തിൽനിന്ന്: ‘‘യേശു കുഷ്‌ഠരോഗിയെ തൊട്ടു സൗഖ്യമാക്കി. ഞാനായിരുന്നെങ്കിൽ സൗഖ്യമായതിനു ശേഷമേ തൊടുകയുള്ളായിരുന്നു.’’.

തിരുമേനി ഫലിതപ്രിയനാണ് എന്നതായിരുന്നു സാധാരണക്കാർ ഏറ്റവും ശ്രദ്ധിച്ച മുഖം. എന്നാൽ അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണ് ഈ ഭാവത്തിൽ തെളിഞ്ഞത്.

 ശ്രേഷ്‌ഠമായ നേതൃത്വസിദ്ധിയും സുക്ഷ്‌മമായ നിരീക്ഷണ ശക്‌തിയും പ്രവാചക സദൃശമായ വീക്ഷണ വിശേഷണവും പണ്ഡിത പ്രകാണ്ഡങ്ങളെ അതിശയിപ്പിക്കുന്ന മസ്‌തിഷ്‌കസിദ്ധിയുംനർമബോധത്തോട് ചേർന്നപ്പോൾ ഒരു നല്ല നേതാവ് രൂപപ്പെട്ടു. 

ദൈവം സംസാരിക്കുന്ന വഴികളിലൊന്നായിരുന്നു മാർ ക്രിസോസ്‌റ്റം. മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയും എല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചുകൊണ്ട് പരിഹരിക്കുകയായിരുന്നു അദ്ദേഹം. മനസിനു സൗഖ്യമേകുന്നവയായി ആ വാക്കുകൾ മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com