ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയിൽ നാല് ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നൽകും. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്– എസ്), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ബി. ഗണേഷ്കുമാർ (കേരള കോൺഗ്രസ്– ബി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവരാണ് ഊഴം വച്ചു മന്ത്രിമാരാകുന്നത്. ഏകാംഗ കക്ഷികളിൽ എൽജെഡിയെ തഴഞ്ഞു.

രണ്ടു മന്ത്രിസ്ഥാനം നാലായി പങ്കുവയ്ക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം കക്ഷികളെ അറിയിച്ചു. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനത്തിനൊപ്പം കാബിനറ്റ് റാങ്കോടെ ചീഫ് വിപ് പദവി നൽകാമെന്നാണു നിർദേശം. ഇക്കാര്യത്തിലുള്ള നിലപാട് അവർ ചർച്ച ചെയ്ത് അറിയിക്കും.

ഇന്നു 11 നു ചേരുന്ന എൽഡിഎഫ് നേതൃയോഗം മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച ഔപചാരിക തീരുമാനമെടുക്കും.ഇന്നലെ രാവിലെ സിപിഎം– സിപിഐ ചർച്ചയ്ക്കു ശേഷം ബാക്കിയുള്ള 9 പാർട്ടികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസാരിച്ചു. എൽഡിഎഫിൽ ആദ്യമായാണ് ഊഴം വച്ചു മന്ത്രിസ്ഥാനം പകുത്തുനൽകുന്നത്. 11 കക്ഷികളുള്ള മുന്നണിയായി എൽഡിഎഫ് വികസിച്ച സാഹചര്യത്തിൽ എല്ലാവർക്കും പ്രാതിനിധ്യം നൽകാനായി പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണെന്നു നേതാക്കൾ വിശദീകരിച്ചു. അഞ്ചു വർഷവും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഗണേഷ്കുമാറും ആന്റണി രാജുവും പരിഭവത്തിലാണ്. ഇരുവർക്കും ആദ്യ ടേം ലഭിക്കുമെന്നാണു സൂചന. അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കും.

കഴിഞ്ഞ മന്ത്രിസഭയിൽ 20 പേരാണുണ്ടായിരുന്നത്. പുതിയത് 21 അംഗ മന്ത്രിസഭയാണെങ്കിലും സിപിഎമ്മിന് ഒരാൾ കുറയും. സിപിഎം 12, സിപിഐ 4, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), എൻസിപി ഒന്നുവീതം, മറ്റു നാലു കക്ഷികൾക്കുംകൂടി 2 എന്ന നിലയ്ക്കാണു പ്രാതിനിധ്യം.

വകുപ്പുകളിൽ സിപിഎം–  സിപിഐ ധാരണ

വകുപ്പുകൾ സംബന്ധിച്ച സൂചനയൊന്നും ഇന്നലത്തെ ചർച്ചയിൽ നൽകിയില്ല. നിലവിലെ വകുപ്പു വിഭജനത്തിൽ ചെറിയ മാറ്റങ്ങൾക്കു സിപിഎം–സിപിഐ ധാരണയായി. പ്രധാന വകുപ്പുകൾ ഇരു പാർട്ടികളും കൈവശം വയ്ക്കും. വകുപ്പ് വിഭജനം ഇന്നത്തെ എൽഡിഎഫ് യോഗത്തിലും ചർച്ചയ്ക്കു വരാനിടയില്ല. പകരം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തും.

English Summary: LDF government, discussions on cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com