ADVERTISEMENT

പിണറായി വിജയൻ (77)

ധർമടം

സർക്കാരിനെതിരെ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടപ്പോഴും നിർണായക പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോയപ്പോഴും വോട്ടെണ്ണലിനായി കാത്തിരുന്നപ്പോഴുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിൽ എന്താണ് എന്നു നമ്മൾ എത്ര വട്ടം ആലോചിച്ചിട്ടുണ്ടാകും? പുതിയ മന്ത്രിസഭയെക്കുറിച്ചു പിണറായി മനസ്സിൽ വരച്ച ചിത്രം എത്ര പേർക്കു കാണാൻ കഴിഞ്ഞു?

മുഖ്യമന്ത്രി പദത്തിലേക്കു വരെ പലരും ഉയർത്തിക്കാട്ടിയ കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനും പി.എ. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനും മുഖ്യമന്ത്രിയും ഇൗ പാർട്ടിയും എങ്ങനെ ധൈര്യപ്പെട്ടു?

Pinarayi-Vijayan-3
പിണറായി വിജയൻ, ഭാര്യ കമല, മക്കളായ വീണ, വിവേക് കിരൺ, പേരക്കുട്ടി ഇഷാൻ.

ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതാണ്. പിണറായി വിജയന് എല്ലാ വിഷയങ്ങളിലും ഉറച്ച തീരുമാനങ്ങളുണ്ട്. വിവാദമായേക്കുമെന്നു ഭയന്ന് അദ്ദേഹം തീരുമാനങ്ങൾ എടുക്കാതിരുന്നിട്ടില്ല. എടുത്ത തീരുമാനങ്ങൾ വലിയ പൊതുജന പ്രതിഷേധം തിരിച്ചറിഞ്ഞാലല്ലാതെ പിൻവലിച്ചിട്ടുമില്ല. ഇങ്ങനെ പ്രത്യേക ജനുസ്സിൽപെട്ട ഒരു മുഖ്യനെ കേരളം ഇതിനു മുൻപു കണ്ടിട്ടുമില്ല. ഇൗ കരുത്തും കരുതലും കൂടിയാണ് വീണ്ടുമൊരു പിണറായിക്കാലത്തേക്കു കേരളം കടക്കുന്നതിനുള്ള കാരണങ്ങളിലൊന്നും.

സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചു റെക്കോർഡിട്ട പ്രതിപക്ഷത്തെ മൂക്കുകുത്തിച്ചാണ് തുടർഭരണമെന്ന റെക്കോർഡിലേക്ക് പിണറായി എൽഡിഎഫിനെ നയിച്ചത്. നാളത്തെ ചരിത്ര നിമിഷത്തിൽ പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു.

ഒഴുക്കിനൊപ്പമല്ല, ഒഴുക്കിനെതിരായ നീന്തൽ ഇഷ്ടമാക്കിയ താരമാണു പിണറായി. അതിനാലാണ് തോമസ് ഐസക്കും ജി. സുധാകരനും ഇല്ലാത്ത സ്ഥാനാർഥിപ്പട്ടികയിൽ തുടങ്ങിയ സർപ്രൈസുകൾ പിന്നെയും വന്നു കൊണ്ടേയിരിക്കുന്നത്. അടുത്തത്, തന്റെ ഓഫിസിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണു മുഖ്യമന്ത്രി. മന്ത്രിമാരായാലും ഉദ്യോഗസ്ഥരായാലും നന്നായി ജോലി ചെയ്യുന്നതുകൊണ്ടു തുടരാൻ‌ അനുവദിക്കുന്നതല്ല പിണറായി ശൈലി.

വൈകിട്ട് ആറിനു തുടങ്ങുന്ന വാർത്താസമ്മേളനം കൃത്യം ഏഴിന് അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്യുന്ന ‘ഇന്നത്തേക്കിനി മതി’ ശൈലിയാണ് ഭരണത്തിലും പിണറായി പയറ്റുന്നത്. പുതിയ ടീമിനെ പരീക്ഷിക്കുകയും അതു സൃഷ്ടിക്കാവുന്ന വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുക്കുകയും ചെയ്യാനാണ് പിണറായിക്കിഷ്ടം.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത മണ്ണായ പിണറായിയിലെ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24നായിരുന്നു ജനനം. 14 മക്കളിൽ അതിജീവിച്ചത് മൂന്നാമനായ നാണുവും നാലാമനായ കുമാരനും പതിനാലാമനായ വിജയനും മാത്രം. അന്നു കൈമുതലായ അതിജീവന കലയാണ് പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലൊന്നും തളരാത്ത ക്യാപ്റ്റനായി പിണറായിയെ മുന്നിൽ നിർ‌ത്തിയത്. പിണറായിയുടെ മകൾ വീണയുടെ ഭർത്താവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമായ റിയാസ് മന്ത്രിസഭയിലെത്തുന്നതിനാൽ ക്ലിഫ് ഹൗസിൽ‌ ഇരട്ടി സന്തോഷത്തിനും വകയുണ്ട്. 

English Summary: Pinarayi Vijayan Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com