ADVERTISEMENT

കേരള രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽ മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്. തിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് മേയ് 3ന് രാജി സമർപ്പിച്ച അദ്ദേഹം അന്നു മുതൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20 വരെ 17 ദിവസം കെയർടേക്കർ മുഖ്യ മന്ത്രിയായിരിക്കും.

ഇതുവരെയുള്ള റെക്കോർഡ് എ.കെ.ആന്റണിയ്ക്കായിരുന്നു. തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 1996 മേയ് 9ന് രാജി സമർപ്പിച്ച അദ്ദേഹം അന്നു മുതൽ മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന 20 വരെ 11 ദിവസം കെയർ ടേക്കർ മുഖ്യ മന്ത്രിയായിരുന്നു.

ഏറ്റവും വൈകിയ സത്യപ്രതിജ്ഞ പട്ടത്തിന്റേത്

മേയ് രണ്ടിന് ഫലപ്രഖ്യാപനം വന്ന് 18 ദിവസം കഴിഞ്ഞാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ഏറ്റവും വൈകിയത് പട്ടം എ താണുപിള്ളയുടേതാണ്. 1960 ഫെബ്രുവരി ഒന്നിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പിറ്റേന്നു നടന്നു. വോട്ടെണ്ണൽ പൂർത്തിയാകാൻ മൂന്നു ദിവസമെടുത്തെങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ ഐക്യകക്ഷിയ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. സത്യപ്രതിജ്ഞ നടന്നത് ഫെബ്രുവരി 22 നായിരുന്നു. അതായത് വോട്ടെണ്ണൽ തുടങ്ങി 20 ദിവസത്തിനു ശേഷം. അന്നു കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

ഫലപ്രഖ്യാപനം നടന്ന് 16 ദിവസത്തിനു ശേഷം, ഒക്ടോബർ 4നാണ് സി. അച്യുത മേനോൻ സത്യപ്രതിജ്ഞ ചെയ്തത്. ഫലപ്രഖ്യാപനം പൂർത്തിയായി 13 ദിവസത്തിനു ശേഷം 1957 ഏപ്രിൽ 5നാണ് ഒന്നാം ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റത്. ഈ രണ്ടു സമയത്തും കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

1987ൽ എല്ലാം പെട്ടെന്നായിരുന്നു

ഏറ്റവും വേഗത്തിൽ സത്യപ്രതിജ്ഞ നടന്നത് 1987ലാണ്. മാർച്ച് 23ന് വോട്ടെടുപ്പ്, പിറ്റേന്ന് വോട്ടെണ്ണൽ. അടുത്ത ദിവസം കരുണാകരൻ മന്ത്രിസഭയുടെ രാജി, 26ന് നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. കെ. കരുണാകരൻ കാവൽ മുഖ്യമന്ത്രിയായത് ഒറ്റ ദിവസം മാത്രം. ഒറ്റ ദിവസം കാവൽ മുഖ്യമന്ത്രിയായ മറ്റൊരാൾ ഇ.കെ. നായനാർ (1981 ഒക്ടോബർ 20 – 21) ആണ്.

English Summary: Record for Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com