ADVERTISEMENT

ചരിത്രത്തിലാദ്യമായി ഇടതുഭരണത്തിനു തുടർച്ചയുണ്ടാവുകയാണ്. ഒന്നാം ഊഴത്തിന്റെ സദ്ഫലങ്ങൾ ശക്തമാക്കിയും സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയിൽ നവകേരളം കെട്ടിപ്പടുക്കുകയാവും ഈ ഭരണത്തിന്റെ ലക്ഷ്യം.

എൽഡിഎഫിന്റെ ജയം ഇതിനുള്ള ജനസമ്മതിയാണ്. കേരളത്തിന്റെ താൽപര്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെങ്കിൽ, അവകാശം നേടിയെടുക്കണമെങ്കിൽ, അഴിമതിരഹിത വികസനം യാഥാർഥ്യമാകണമെങ്കിൽ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ തുടരണമെന്നു ജനം വിധിയെഴുതി.

വാക്കിനു വിലയുള്ള ഇടതുപക്ഷ ജനകീയ ബദൽ യാഥാർഥ്യമാകണമെന്നു ജനം കരുതുന്നു. ഈ ജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും ഒന്നായി മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണു തിരഞ്ഞെടുപ്പു ഫലം.

വികസനവും ക്ഷേമവുമാണു ജനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ. സമാധാനവും സ്വൈരജീവിതവുമാണു ജനം ആഗ്രഹിക്കുന്നത്. ഇത് ഉറപ്പു വരുത്തുന്നവരോടൊപ്പമാണു ജനം. അതിനു വെല്ലുവിളി ആകുമെന്നു കരുതുന്നവരെ തള്ളി.

മഹാമാരിയുടെ നടുവിലാണു നാം. കോവിഡ് തുടരുന്നു. അതിനെ ചെറുക്കുന്നതിനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണു പ്രാധാന്യം. കഴിഞ്ഞ 5 വർഷം സമാനത ഇല്ലാത്തതായിരുന്നു. ഓഖി, നിപ്പ, പ്രളയം, കാലവർഷക്കെടുതി, ഉരുൾപൊട്ടൽ എന്നിവയ്ക്കു പിന്നാലെ കോവിഡും. അവയുടെ മുന്നിൽ കേരളം തളർന്നില്ല. ഇതിനെയും നാം അതിജീവിക്കും.

∙ വികസന, ക്ഷേമ പ്രവർത്തനങ്ങൾ പൂർണമായി നിറവേറ്റും.

∙ റെസിലിയന്റ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിനു ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും 250 ദശലക്ഷം ഡോളർ പ്രയോജനപ്പെടുത്തും. 

∙ 210 ദശലക്ഷം ഡോളറിന്റെ ഖരമാലിന്യ സംസ്കരണ പദ്ധതി.

∙ അടിസ്ഥാനസൗകര്യ മേഖലയിൽ സ്ഥായിയായ വികസനമാതൃക. ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തും; തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.

∙ ഇന്ത്യയിലെ സ്കിൽഡ് ലേബറിന്റെ ഹബ് ആയി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. 25 വർഷംകൊണ്ടു കേരളത്തിന്റെ ജീവിതനിലവാരം രാജ്യാന്തരതലത്തിലുള്ള വികസിത, മധ്യവരുമാന രാഷ്ട്രങ്ങൾക്കു സമാനമാക്കുക ലക്ഷ്യം.

∙ കേരളത്തെ ഗുണമേന്മയോടും സുരക്ഷയോടുംകൂടി ജീവിക്കാവുന്ന സംസ്ഥാനമാക്കി നിലനിർത്തും. പശ്ചാത്തലസൗകര്യ മേഖലയിൽ 60,000 കോടിയുടെ പദ്ധതികൾ.

∙ കേരളത്തിന് അനുയോജ്യം ഐടി, ടൂറിസം പോലുള്ള വ്യവസായങ്ങൾ. സോഫ്റ്റ്‌വെയർ നിർമാണവും മൂല്യവർധിത വ്യവസായങ്ങളും ബയോടെക്നോളജി വികാസവും പ്രധാനം. കാർഷിക, വ്യവസായ, സാങ്കേതികവിദ്യാ മേഖലകളും മെച്ചപ്പെടുത്തും. സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടന ആക്കുന്നതിനു പരിപാടി. ഇതിനുള്ള പ്രധാന ഇടപെടൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ.

∙ സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യകളോടു സഹകരിച്ചു പ്രവർത്തിക്കുന്നതിനു വഴിയൊരുക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ് തുടങ്ങുന്നതിനും ഹൈ ടെക്നോളജി സംരംഭങ്ങളിൽ ഏർപ്പെടുന്നതിനും പ്രോത്സാഹനം. 3 മുതൽ 5 വർഷം കൊണ്ട് ഐടി കയറ്റുമതി മൂല്യം ഇരട്ടിപ്പിക്കും.

∙ കേന്ദ്രത്തിന്റെ ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയ, അമിതാധികാര പ്രവണതകൾക്കുമെതിരെ ബദൽ അവതരിപ്പിക്കും.

ജനപിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നു. കൂടുതൽ വിനയത്തോടെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനാകും ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com