ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിന്റെ വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തു പഠന, പരീക്ഷാ തയാറെടുപ്പുകൾ ഊർജിതമാകുന്നു. 1 മുതൽ 10 വരെ ക്ലാസുകളിലെ ഡിജിറ്റൽ പഠനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഒന്നിനു തുടങ്ങും.കോവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂൺ 15നു സർവകലാശാലാ പരീക്ഷകൾ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സ്കൂളുകളിൽ പ്രവേശനോത്സവം

സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിനു തിരുവനന്തപുരത്തു നടക്കും. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തും. കഴിഞ്ഞ വർഷത്തെ പ്രധാന പാഠഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രിജ് കോഴ്സാകും വിക്ടേഴ്സ് ചാനലിൽ ആ

ദ്യ രണ്ടാഴ്ച നടക്കുക. പ്ലസ് വൺ ക്ലാസുകൾ പൂർത്തിയാകുന്ന മുറയ്ക്കു ജൂണിൽ തന്നെ പ്ലസ്ടു ക്ലാസുകളും തുടങ്ങാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) അവലോകനയോഗത്തിൽ തീരുമാനമായി. പ്ലസ് വൺ പരീക്ഷയുടെ കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കും.

ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതിനൊപ്പം സ്കൂളുകൾ കുട്ടികൾക്കു പഠനപിന്തുണ നൽകണം. വിദ്യാർഥികൾക്കു മൊബൈൽ ഫോണോ ടാബ്‌ലറ്റോ കംപ്യൂട്ടറോ ലഭ്യമാക്കാൻ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി നിർദേശിച്ചു.

സർവകലാശാലാ പരീക്ഷ ഓഫ്‌ലൈൻ

വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓൺലൈനല്ല, നേരിട്ടുള്ള ഓഫ്‌ലൈൻ പരീക്ഷ തന്നെയാകും അഭികാമ്യമെന്ന അഭിപ്രായമാണു പൊതുവേ ഉയർന്നത്. അതേസമയം, സാങ്കേതിക സർവകലാശാലയിൽ (കെടിയു) അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കേരള എൻട്രൻസ്ജൂലൈ 24ന്

തിരുവനന്തപുരം ∙ ഈ വർഷത്തെ കേരള എൻജിനീയറിങ്‌, ഫാർമസി പ്രവേശനപരീക്ഷ (കീം) ജൂലൈ 24 ന്.രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സ് - കെമിസ്ട്രിയും ഉച്ചയ്ക്കു ശേഷം 2.30 മുതൽ 5 വരെ മാത്‌സും നടത്തും. എൻജിനീയറിങ്‌, മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ ഒന്നിനു സ്വീകരിച്ചു തുടങ്ങും. വിശദ വിജ്ഞാപനം പിന്നീട്.

കോവിഡ് സാഹചര്യത്തിൽ ഇത്തവണ വിദ്യാർഥികൾ അപേക്ഷിക്കുമ്പോൾ അവരുടെ ജില്ലയും താലൂക്കും കൂടി രേഖപ്പെടുത്തണം. കഴിവതും സ്വന്തം താലൂക്കിൽ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കും. ഒരു താലൂക്കിൽ 60 വിദ്യാർഥികളെങ്കിലുമുണ്ടെങ്കിൽ കേന്ദ്രം അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com