ADVERTISEMENT

‘ഈ നാട്ടിലെ സാധാരണക്കാരുടെ ഹൈക്കോടതിയും സുപ്രീം കോടതിയുമൊക്കെ ഈ പൊലീസ് സ്റ്റേഷനാണ്...’ - ‘ആക്‌ഷൻ ഹീറോ ബിജു’ സിനിമയിൽ എസ്ഐ ബിജു പൗലോസ് പറയുന്ന ഡയലോഗ് വൈപ്പിൻ എടവനക്കാട് എന്ന കടലോരഗ്രാമത്തിലെ ആളുകൾ ഇങ്ങനെ മാറ്റിപ്പറയും – ‘ഞങ്ങളുടെ ആശുപത്രിയും ബാങ്കും സൂപ്പർ മാർക്കറ്റും എല്ലാം ഈ സ്കൂളാണ്.’

പ്രളയക്കെടുതിയും കോവിഡുമൊക്കെ മാറിമാറി ആക്രമിച്ച എടവനക്കാടിന്റെ കഴി‍ഞ്ഞ ഒന്നര വർഷത്തെ ജീവിതം ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിനെ (എച്ച്ഐഎച്ച്എസ്എസ്) ചുറ്റിപ്പറ്റിയായിരുന്നു. രണ്ടായിരത്തോളം വിദ്യാർഥികൾ. ഭൂരിഭാഗവും സാധാരണക്കാരായ മത്സ്യത്തൊളിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും മക്കൾ.

വെറുതെയിരുന്നു ശമ്പളം വാങ്ങുന്നുവെന്ന് അധ്യാപകസമൂഹത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചവർ ഈ സ്കൂളിലെ അധ്യാപകരും പിടിഎയും നടത്തിയ പ്രവർത്തനങ്ങൾ കണ്ടാൽ തീർച്ചയായും തിരുത്തിപ്പറയും. സ്വന്തം ശമ്പളവും, തികയാത്തപ്പോൾ സന്മനസ്സുള്ളവരുടെ സഹായവുമെല്ലാം ഇവർ നാട്ടിൽ ചെലവഴിച്ചു.

കഴിഞ്ഞ ജൂണിൽ അധ്യയന വർഷം തുടങ്ങിയപ്പോൾ, പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള രണ്ടായിരത്തോളം കുട്ടികൾക്കും ബാഗും നോട്ട്ബുക്കുകളും നൽകിയതു സ്കൂളാണ്. ചെലവായ 8 ലക്ഷം രൂപയിൽ നാലേകാൽ ലക്ഷവും അധ്യാപകർ നൽകി. ബാക്കി പിടിഎയും പൂർവവിദ്യാർഥികളും മാനേജ്മെന്റും ചേർന്നു സംഘടിപ്പിച്ചു.

ഫസ്റ്റ് ബെൽ ക്ലാസ് തുടങ്ങിയപ്പോൾ വീണ്ടും പ്രശ്നം. ഒട്ടേറെ കുട്ടികൾക്കു സൗകര്യങ്ങളില്ല. അധ്യാപകരും പിടിഎയും രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലും സഹായം തേടി. അങ്ങനെ 109 കുട്ടികൾക്കു പുതിയ ടിവി, 7 പേർക്കു ടാബ്, 23 കേബിൾ ടിവി / ഡിടിഎച്ച് കണക്‌ഷൻ. അങ്ങനെ ഫസ്റ്റ് ബെല്ലിൽ സമ്പൂർണ ഹാജർ.

മുക്കാൽ ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റുകൾ പലപ്പോഴായി നൽകി എല്ലാ വീട്ടിലും അടുപ്പു പുകയുന്നുവെന്ന് ഉറപ്പാക്കി. 165 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചികിത്സാ സഹായമായി സ്റ്റാഫ്‌ വെൽഫെയർ ഫണ്ടിൽനിന്നു മാത്രം 5.75  ലക്ഷം രൂപ ചെലവഴിച്ചു. ആശുപത്രി ബിൽ അടയ്ക്കാൻ വഴിയില്ലാതെ വലഞ്ഞവർക്കുള്ള സ്നേഹസ്പർശം. 

ആദ്യം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഇപ്പോൾ ഡൊമിസിലിയറി കെയർ സെന്ററുമാണ് സ്കൂൾ. 

നാട്ടിലെ കാരുണ്യഭവൻ അനാഥാലയം കോവിഡ് കാലത്ത് അടച്ചപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന പെൺകുട്ടികൾ മാസങ്ങളോളം താമസിച്ചത് അധ്യാപികയുടെ വീട്ടിൽ.

മാനം കറുക്കുമ്പോഴും തിരകളുയരുമ്പോഴും അധ്യാപകർ എല്ലാ കുട്ടികളുടെയും വീട്ടിലേക്കു വിളിക്കും. നാട്ടിൽ അപകടമുണ്ടായാൽ, അസുഖം വന്ന് ആശുപത്രിയിലായാൽ, വീട്ടിൽ കടൽ കയറിയാൽ അപ്പോൾ സ്കൂളിലേക്കും വിളിവരും. നാടിന് ഇതൊരു സ്കൂൾ മാത്രമല്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com