ADVERTISEMENT

‘നാളെ ഏഴുമണിക്കു കണക്കു ക്ലാസാ, നേരത്തേ എണീക്കാനുള്ളതാ.... അതോർത്തിട്ട് ഉറക്കം വരുന്നില്ലല്ലോ ഈശ്വരാ!’ – ഉറക്കംവരാതെ അമ്മ തിരിഞ്ഞുംമറി‍ഞ്ഞും കിടക്കുന്നു. സ്വന്തം പരീക്ഷാകാലത്തു പോലും ടെൻഷനടിക്കാത്ത മാതാപിതാക്കളുടെ വാക്കുകൾ ഒരു ടെൻഷനുമില്ലാതെ ഉറങ്ങുന്ന കുട്ടിയുടെ കൂർക്കംവലിയിൽ മുങ്ങിപ്പോകുന്നു!

ഇതാണു ശരാശരി മലയാളി രക്ഷാകർത്താവിന്റെ കോവിഡ്‌കാല ജീവിതം.ജോലിക്കു പോകുന്ന രക്ഷിതാക്കളുടെ സൗകര്യാർഥം അതിരാവിലെ ഓൺലൈൻ ക്ലാസുകൾ, മക്കളുടെ എണ്ണമൊപ്പിച്ചു ടാബോ മൊബൈലോ വാങ്ങൽ...കൂലിപ്പണിപോലുമില്ലാത്ത കാലത്തു 2 കുട്ടികളുടെ വിശപ്പടക്കിയാൽ പോരാ, 4 ഫോണുകളെയും നെറ്റ്, വൈഫൈ തുടങ്ങിയവയെയും പോറ്റണം.

പഠനം ശരിയാവുന്നുണ്ടോ... കുട്ടികൾ വീട്ടിൽ തനിച്ചാണല്ലോ... ആശങ്കകൾ എഴുതിയാൽ 200 പേജിന്റെ നോട്ടുബുക്ക് നിറയും.

(ഒരമ്മ പറഞ്ഞ നേരനുഭവം)

∙ രക്ഷിതാവ് @ KG ക്ലാസ്

പിഡബ്ല്യുഡി വർക്കിനു നേരത്തേ വീട്ടിൽ നിന്നിറങ്ങേണ്ട ദിവസം ഓവർസീയറെ കാണാഞ്ഞിട്ടു സഹപ്രവർത്തകൻ വിളിച്ചു. മറുപടി വേഗം വന്നു: ‘ഞാൻ കെജി വർക്കിലാ,’ അതുകഴിഞ്ഞ് ഓടി സൈറ്റിലെത്തിക്കോളാം.’ ഫോൺ കട്ടായി. കെജി വർക്ക് എന്ന ആശ്ചര്യം മാറിയതു സൈറ്റിൽ ഓവർസീയറെത്തിയപ്പോഴാണ്. ‘കണ്ണ്, കാല്, മൂക്ക്... പൂച്ചയുടെ ശരീരഭാഗങ്ങൾ പൂരിപ്പിക്കുക, 10 കടൽജീവികളുടെ പേരെഴുതുക...ഓൺലൈനിൽ യുകെജിയിൽ പഠിക്കുന്ന കൊച്ചിന്റെ പ്രോജക്ട് വർക്ക് പൂർത്തിയാക്കേണ്ട ജോലി ഇപ്പോൾ മിക്കപ്പോഴും രക്ഷിതാക്കളാണു കൈകാര്യം ചെയ്യുന്നത്.

(തൃശൂരിലെ ഒരു ഓവർസീയറുടെ അനുഭവം)

∙ രക്ഷിതാവ് @ UP ക്ലാസ്

അ‍ഞ്ചാം ക്ലാസുകാരി സുമിയുടെ പരീക്ഷ. മണിമണിപോലെ ഉത്തരങ്ങൾ. നൽകിയ സമയത്തിനും 10 മിനിറ്റു മുൻപേ ടീച്ചറുടെ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ മിന്നി. സുമിയുടെ ഉത്തരക്കടലാസിന്റെ പടമാണ്.

കഴിഞ്ഞ വർഷം ക്ലാസ്സിൽ 10 മിനിറ്റ് അധികം നൽകിയാലും എഴുതിത്തീർക്കാത്ത കുട്ടിയാണ്. ഉത്തരങ്ങളെല്ലാം ശരി. പക്ഷേ, പേപ്പറിൽ കുട്ടിയുടെ പേര് എഴുതേണ്ടിടത്ത് വന്നപ്പോൾ ടീച്ചർക്കു ചിരി പൊട്ടി. പേര് എഴുതിയിരിക്കുന്നത് സുമേഷ്. കുഞ്ഞനുജത്തിയുടെ കുഞ്ഞേട്ടനാണു കക്ഷി!

(മധ്യകേരളത്തിലെ ഒരു സ്കൂളിലുണ്ടായ സംഭവം, പേരുകൾ സാങ്കൽപികം)

∙ രക്ഷിതാവ് @ HS ക്ലാസ്

ഒരു ഹൈസ്കൂൾ രക്ഷിതാവിന്റെ ടെൻഷൻ പറഞ്ഞാൽ മനസ്സിലാവുമോ? പത്താം ക്ലാസ് പരീക്ഷയ്ക്കു മുൻപുള്ള സമ്മർദങ്ങൾ... ഒൻപതാം ക്ലാസോ ഓൺലൈൻ ആയിപ്പോയി. ഇനി പത്താം ക്ലാസും. കുട്ടി എപ്പോഴും ഫോണിൽതന്നെ.

അതിനിടെ സ്വന്തം ‘ഹോംവർക്കി’ന്റെ (വർക്ക് ഫ്രം ഹോം) ടെൻഷൻ. ആഴ്ചയിൽ രണ്ടു തവണ വരെ ഡേറ്റ തീർന്നു എന്ന പരാതിയുമായി മക്കളെത്തുന്നു. പ്രോജക്ടുകൾ അയച്ചും മറ്റും ഫോണും ക്ഷീണിക്കുന്നു. ഹാങ് ആവുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരത്തിനു വിളിക്കാൻ ഒരു ദൈവമേയുള്ളു: രക്ഷാകർത്താവ്. ‘ഇത്തവണയും സ്കൂൾ തുറക്കില്ലല്ലേ... എന്താ പരിഹാരമെന്നു മന്ത്രിയോടൊന്നു ചോദിക്കുമോ?’ സമ്മർദം വിട്ടുമാറാതെ ആ വീട്ടമ്മയുടെ ശബ്ദം.

(മനോരമ ഓഫിസിലേക്കു വന്ന ഒരു വീട്ടമ്മയുടെ ഫോൺ കോൾ)

∙ രക്ഷിതാവ് @ HSS ക്ലാസ്

‘സ്പ്ലിറ്റ്’ പഴ്സണാലിറ്റിയാണ് എച്ച്എസ്എസിലെ കുട്ടികളുടെ രക്ഷിതാക്കളെ വലയ്ക്കുന്ന പ്രശ്നം. മൊബൈലിലെയും കുട്ടിയുടെ സ്വഭാവത്തിലെയും ‘സ്പ്ലിറ്റ് എഫക്ട്’ ടീച്ചർ വിളിച്ചുപറ‍ഞ്ഞു: ‘ക്ലാസ്സിൽ കുട്ടി അറ്റൻഷനായി ഇരിക്കുന്നുണ്ട്. പക്ഷേ, മനസ്സ് ഇവിടെയല്ല ഒന്നു ശ്രദ്ധിച്ചേക്കണേ...’

മുതിർന്ന കുട്ടിയാണ്. മുറിയിൽ അടച്ചിരുന്നാണു ക്ലാസ് കേൾക്കുന്നത്. മൊബൈലിൽ സ്പ്ലിറ്റ് സ്ക്രീൻ ഓപ്ഷനാണ്. മേൽപാതിയിൽ ടീച്ചർ ക്ലാസെടുക്കുന്നു. കീഴ്പാതിയിൽ ഗെയിം പൊടിപൊടിക്കുന്നു... ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അധികം പേരും. ചെലോൾക്ക് വെബ് സീരീസ്, ചെലോൾക്ക് സഹപാഠികൾ തമ്മിൽ ചാറ്റിങ്. ശര്യാവില്ല. ഉപദേശിച്ചു, വഴക്കുപറഞ്ഞു നോക്കി. കുട്ടി പെട്ടെന്നു പൊട്ടിത്തെറിക്കുന്നു. സാധനങ്ങൾ വലിച്ചെറിയുന്നു.

സ്കൂളിൽ പോകാത്തതിന്റെയും കൂട്ടുകാരെ കാണാത്തതിന്റെയുമൊക്കെ നിരാശയും വിഷമവുമൊക്കെയാണു കുട്ടികളിൽ ഈ ‘സ്പ്ലിറ്റ്’ പഴ്സണാലിറ്റിയായി പൊട്ടിത്തെറിക്കുന്നത്.

(കുട്ടിയുമായി കൗൺസലിങ് കേന്ദ്രത്തിലെത്തിയ രക്ഷിതാവിന്റെ അനുഭവം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com