ADVERTISEMENT

സൗജന്യ വാക്സീൻ അഭിനന്ദനാർഹം, ആരോഗ്യ മേഖല ശക്തിപ്പെടും

കെ.പി. കണ്ണൻ (സാമ്പത്തിക വിദഗ്ധൻ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടർ) 

പുതിയ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണം ഹ്രസ്വവും മധുരമൂറുന്നതുമായിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ബജറ്റ് സുപ്രധാന പരിഗണന നൽകിയതും സ്വാഗതാർഹമാണ്. ദുർബലമായ സാമ്പത്തിക അവസ്ഥയിലും സൗജന്യവും സാർവത്രികവും ആയി വാക്സീൻ നൽകാൻ സർക്കാർ സന്നദ്ധമായത് പ്രശംസ അർഹിക്കുന്നു. പ്രത്യേകിച്ചും എല്ലാവർക്കും തുല്യ പരിഗണന നൽകാത്ത കേന്ദ്രസർക്കാരിന്റെ ലജ്ജാവഹമായ വാക്സീൻ നയത്തിന്റെ പശ്ചാത്തലത്തിൽ.

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കവും മികച്ചതാണ്. വാക്സീൻ ഗവേഷണത്തിനും ഉൽപാദനത്തിനുമുള്ള നടപടികൾക്കു നീക്കിവച്ചിരിക്കുന്ന ബജറ്റ് വിഹിതം കുറവാണെങ്കിലും നല്ല തുടക്കമാണ്. ഫാർമസ്യൂട്ടിക്കൽ, ഫാർമസ്യൂട്ടിക്കൽ ഇതര വ്യവസായങ്ങൾക്കും ഗവേഷണങ്ങൾക്കും സാധ്യതകൾ വർധിപ്പിക്കുന്ന നയരൂപവത്ക്കരണത്തിന്റെ തുടക്കമായി ഇതിനെ കാണാം.

ഈ ബജറ്റ് ഒരു സപ്ലിമെന്ററി ബജറ്റാണ്. ബജറ്റിൽ മന്ത്രി പറയുന്ന 20,000 കോടി രൂപയുടെ കോവിഡ് പാക്കേജ്, 2800 കോടി മാത്രം അധികമായി ചേർത്തുള്ള ഒരു ‘റീ പാക്കിങ്’ മാത്രമായിട്ടാണ് തോന്നിയത്. തോമസ് ഐസക്കിന്റെ ബജറ്റും ബാലഗോപാലിന്റെ ബജറ്റും തമ്മിൽ റവന്യു ചെലവിന്റെ കാര്യത്തിൽ 2605 കോടി രൂപയുടെ വ്യത്യാസമേ കാണുന്നുള്ളു. അധികമായി 30,670 കോടി രൂപയാണ് കടമെടുക്കുന്നതായി ബജറ്റിൽ പറയുന്നത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ വരവും ചെലവും തമ്മിലുള്ള വിടവു നികത്താൻ ഈ തുക മതിയാകുമോയെന്നു സംശയമുണ്ട്.

മുൻപു പല തവണ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ നികുതി, നികുതി ഇതര വരുമാനങ്ങൾ പിരിച്ചെടുക്കുന്നതിലുള്ള സർക്കാരിന്റെ കഴിവുകേടിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. 2020–21 ൽ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ 3.2% കുറവുണ്ടായെന്ന് ധനമന്ത്രി പറയുന്നു. അതേസമയം, സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിലെ കുറവ് 18.77% എത്തിയെന്നും പറയുന്നു.  അതായത് മൊത്തം വരുമാനത്തിന് ആനുപാതികമല്ല നികുതി വരുമാനത്തിലെ കുറവ് എന്നർഥം. മൊത്തം സാമ്പത്തിക വരുമാനത്തിൽ ഒരു ശതമാനം കുറയുമ്പോൾ റവന്യു വരവിൽ 5% കുറവു വരുന്നു. ഇതിനർഥം ഈ മഹാമാരി കാലത്തും കോവിഡിന്റെ മറവിലും  നികുതി വെട്ടിപ്പ് കൂടുന്നുവെന്നല്ലേ?. 

കോവിഡ് കാലത്തിനു ശേഷം വളരെ കാര്യക്ഷമമായി നികുതി പിരിക്കാമെന്നും വരുമാനം വർധിപ്പിക്കാമെന്നും ധനമന്ത്രി കണക്കുകൂട്ടുന്നു. എല്ലാവരും അവർ നൽകാനുള്ള നികുതി കൃത്യമായി നൽകിയാൽ സർക്കാരിന്റെ സാമ്പത്തിക സമ്മർദം കുറയുമെന്ന് തന്റേടത്തോടെ ആദ്യം പറയുന്ന ധനമന്ത്രി ബാലഗോപാലാണ്. ഉപഭോക്താക്കൾ നികുതി നൽകിയാൽ വ്യാപാരികളും വ്യവസായികളും നിയമപരമായി അതു സർക്കാരിനു കൈമാറണം. അതു നടക്കുന്നില്ലെങ്കിൽ നടപടിയുണ്ടാകണം.

രണ്ടാഴ്ചത്തെ ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിൽ ഒരു ധനമന്ത്രിയെ വിലയിരുത്താനാകില്ല. അദ്ദേഹത്തിനു കൂടുതൽ സമയവും മന്ത്രിസഭയുടെ പൂർണ പിന്തുണയും ലഭിക്കണം. എങ്കിൽ മാത്രമേ സർക്കാരിന്റെ ധന സ്ഥിതി സുസ്ഥിരമാകൂ. ജനങ്ങളുടെ പിന്തുണയും വേണം.

വ്യക്തത വേണം പലതിലും

ടി.നന്ദകുമാർ (മുൻ ദേശീയ ഭക്ഷ്യ–കൃഷി സെക്രട്ടറി, ഡയറി ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാൻ)

കർഷകരുടെ വരുമാനം 5 വർഷംകൊണ്ട് 50% വർധിപ്പിക്കുമെന്നു പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പറഞ്ഞെങ്കിലും ബജറ്റിൽ പരാമർശിക്കാതിരുന്നത് നിരാശയുണ്ടാക്കി. വിശദപഠനത്തിനു ധനമന്ത്രിക്കു സമയം കിട്ടിയിട്ടില്ലെന്നതു സത്യമാണെങ്കിലും ആ ദിശയിലേക്കുള്ള ഒരു റോഡ് മാപ് ഉൾപ്പെടുത്തേണ്ടതായിരുന്നു.

കാർഷിക അടിസ്ഥാനവികസനത്തിനുള്ള 2000 കോടി രൂപ വകയിരുത്തൽ സ്വാഗതാർഹമാണ്. ഇതു കേന്ദ്രത്തിന്റെ ഒരു ലക്ഷം കോടിയുടെ പദ്ധതിക്കു പുറമേയാണോ അതേ പദ്ധതിയുടെ പ്രയോജനം കേരളത്തിൽ അനായാസം ലഭ്യമാക്കാനുള്ള നടപടിയെന്നാണോ ഉദ്ദേശിക്കുന്നത്?

കൃഷിഭവനുകളുടെ ഭരണപരമായ ജോലിഭാരം ലഘൂകരിക്കുകയും അവരുടെ സാങ്കേതിക നൈപുണ്യം വർധിപ്പിക്കുകയും ചെയ്തുവേണം ‘സ്മാർട് കൃഷിഭവൻ’ പദ്ധതി നടപ്പാക്കാൻ. ഇപ്പോഴത്തെ നിലയിൽ, മന്ത്രി പറഞ്ഞ ഉയർന്ന മൂല്യമുള്ള വിളകളുടെ കാര്യത്തിൽ ഉപദേശം നൽകാനാകുന്ന എത്ര ക‍ൃഷിഭവനുകളുണ്ട്!

കാർഷിക വിപണനത്തിനുള്ള 2 പൈലറ്റ് പദ്ധതികൾ പ്രഖ്യാപിച്ചത് പൊതുമേഖല മോഡലിലാകാതെ, ‘അമുൽ’ മാതൃകയിലാകുന്നതാണു നന്ന്. ക്ഷീര രംഗത്തെ മൂല്യവർധനയ്ക്കു പ്രഖ്യാപിച്ച പ്ലാന്റ് മിൽമയുടെ ഭാഗമായിട്ടാണെങ്കിൽ കുഴപ്പമില്ല. അതല്ലാതെ, സർക്കാർ മേഖലയിലെ ഒരു പുതിയ സ്ഥാപനം എന്ന നിലയ്ക്കാണെങ്കിൽ അതു നടപ്പാകാതാരിക്കുകയാണു നല്ലത്.

നല്ല ആശയം: സർക്കാർ നടത്തിയാൽ പാളും

ജി. വിജയരാഘവൻ (ആസൂത്രണ ബോർഡ് മുൻ അംഗം)

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ച ത്വരിതപ്പെടുത്തുന്നതിനു 100 കോടി രൂപ കോർപസ് ഉള്ള വെൻച്വർ ക്യാപ്പിറ്റൽ ഫണ്ട് സ്ഥാപിക്കുവാനുള്ള ബജറ്റ് നിർദേശം നല്ല ആശയമാണ്. പക്ഷേ, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടാകുമ്പോൾ വെൻച്വർ ഫണ്ട് വിജയകരമാകണമെന്നില്ല. വളരെ പ്രഫഷനലായി നടത്തേണ്ട ഫണ്ട് ആണിത്. 

സർക്കാരിൽ നിന്നോ, പൊതുമേഖലയിൽ നിന്നോ ഉള്ളവർ ഇത്തരമൊരു ഫണ്ടിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ അവിടെ ‘റിസ്ക്’ കൂടുതലാണ്. ഓഡിറ്റ് പോലെയുള്ള പ്രശ്നങ്ങളുണ്ടാകും. 10 നിക്ഷേപം നടത്തുമ്പോൾ അതിൽ രണ്ടോ, മൂന്നോ ആകാം വിജയിക്കുന്നത്. ആ മൂന്നിൽ നിന്നു മുഴുവൻ നിക്ഷേപവും തിരിച്ചു കിട്ടുമെങ്കിലും ഓഡിറ്റിൽ പ്രശ്നമുണ്ടാകും. 

സ്പെഷലൈസേഷൻ ആവശ്യമുള്ള മേഖലയായതിനാൽ അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ മികച്ച വിദഗ്ധരെ നിയമിക്കേണ്ടി വരും. ഇതുൾപ്പെടെ കാര്യങ്ങൾക്കായി പ്രവർത്തന ഫണ്ട് വേറെ കണ്ടെത്തേണ്ടി വരും. വെൻച്വർ ഫണ്ട് രൂപീകരിച്ച് അതിന്റെ കോ–ഇൻവെസ്റ്റർ ആവുകയാണു സർക്കാരിനു മുന്നിലുള്ള പ്രായോഗിക മാർഗം. പണം കണ്ടെത്തുക എന്നതിൽ മാത്രമാകണം സർക്കാരിന്റെ റോൾ. നേരിട്ടു ഫണ്ട് മാനേജ് ചെയ്യാൻ സർക്കാർ ശ്രമിക്കാതിരിക്കുക. അല്ലെങ്കിൽ, സ്വകാര്യ മേഖലയിൽ മികച്ച രീതിയിൽ നടക്കുന്ന വെ​ൻച്വർ ഫണ്ടിൽ സർക്കാർ കോ–ഇൻവെസ്റ്റർ ആവുക. 

കെഎസ്ഐഡിസിയും കെഎഫ്സിയും സിഡ്ബിയും ചേർന്ന് 2000 ൽ ഇത്തരത്തിൽ 20 കോടി രൂപ കോർപസ് ഉള്ള വെൻച്വർ ക്യാപ്പിറ്റൽ ഫണ്ട് സ്ഥാപിച്ചിരുന്നു. എന്നാൽ അതു വേണ്ടത്ര വിജയിച്ചില്ല എന്ന അനുഭവം നമുക്കു മുൻപിലുണ്ട്. 

Content Highlight: Kerala Budget reactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com