കെ.സുരേന്ദ്രൻ പറയുന്നു: ‘സ്ഥാനമൊഴിയേണ്ട കാര്യമില്ല; ഡൽഹിയിലേക്ക് വിളിപ്പിച്ചതല്ല’

k-surendran
കെ. സുരേന്ദ്രൻ
SHARE

ന്യൂഡൽഹിയിൽ സുൻഹരി ബാഗ് റോഡിലെ ഒന്നാം നമ്പർ വീട്ടിലിരിക്കുന്നത് കേരളത്തിലെ ബിജെപിയുടെ ഒന്നാമനാണ്, ഇപ്പോൾ സംസ്ഥാനം ചർച്ച ചെയ്യുന്ന കെ.സുന്ദര കേസിലെ ഒന്നാം പ്രതിയും. കെ.സുരേന്ദ്രൻ അസ്വസ്ഥനാണോയെന്നു ചോദിച്ചാൽ, ആണ്. എന്നാൽ, ആരോപിക്കപ്പെടുന്ന അച്ചുതണ്ടിലെ ഒന്നാം പേരുകാരനായ മന്ത്രി വി.മുരളീധരന്റെ വീട്ടിലാണ് എന്നതുകൊണ്ട് അതിന്റേതായൊരു സ്വസ്ഥതയുണ്ടെന്നും പറയാം.

കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് വിമാനം കയറിയശേഷം മാത്രമാണ് സുരേന്ദ്രനെ ഡൽഹിയിലേക്കു കേന്ദ്ര നേതൃത്വം വിളിപ്പിച്ചു എന്നു വാർത്ത വന്നത്. മന്ത്രി ധർമേന്ദ്ര പ്രധാനായിരുന്നു ഇന്നലെ മുരളീധരന്റെ വീട്ടിലെ പ്രധാന സന്ദർശകൻ.

സുരേന്ദ്രൻ: ‘‘എന്നെ അമിത് ഷായോ ജെ.പി.നഡ്ഡയോ കാണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞാനവരെ കാണാനും പോകുന്നില്ല. ഇതൊക്കെ തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ നൽ‍കുന്നതാണ്. കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി മോനിട്ടർ ചെയ്യുന്ന പ്രഭാരി സംവിധാനം കേന്ദ്ര നേതൃത്വത്തിനുണ്ട്. ആ സംവിധാനം വഴി ഒാരോ ദിവസവും, ആവശ്യമായ സന്ദർഭങ്ങളിൽ ഞങ്ങൾ വിവരങ്ങൾ നൽകുന്നുണ്ട്. പ്രത്യേകമായി കാര്യങ്ങളുണ്ടെങ്കിൽ ഫോണിൽ വിളിച്ചു സംസാരിക്കാം. പൊതുവായ കാര്യങ്ങളുണ്ടെങ്കിൽ ദേശീയ അധ്യക്ഷൻ 10 ദിവത്തിലൊരിക്കൽ ഒാൺലൈൻ മീറ്റിങ് നടത്തും. അതുകൊണ്ട്, വന്നു കാണേണ്ട ഒരു കാര്യവും ഈ സന്ദർഭത്തിലില്ല.’’

∙ ചോദ്യം: കേരളത്തിലെ വിവാദങ്ങൾ നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല?

കേരളത്തിൽ പിണറായി വിജയൻ സർക്കാരെടുക്കുന്ന അടിച്ചമർത്തൽ നയം, രാഷ്ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം – ഇതെല്ലാം കൃത്യമായി കേരളത്തിൽനിന്നു ധരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു ചർച്ചയുടെയും ആവശ്യമില്ല.

∙ കോർ കമ്മിറ്റി കൂടിയ സാഹചര്യമെന്താണ്?

രാഷ്ട്രീയ പ്രതികാരവും കള്ളക്കേസും ചർച്ച െചയ്യാനാണ്. സിപിഎമ്മും പൊലീസും ഒരു വിഭാഗം സിപിഎം അനുകൂല മാധ്യമങ്ങളും നടത്തുന്ന പ്രചാരണം അതിരുവിട്ടതാവുമ്പോൾ ചെറുത്തു തോൽപിക്കണമെന്നത് ഞങ്ങളുടെ തീരുമാനമാണ്.

∙ ഇപ്പോഴത്തെ വിവാദങ്ങൾ കേരളത്തിലെ പാർട്ടിയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ലേ?

വലിയ ഗൂഢാലോചന അതിനു പിന്നിലുണ്ട്. ഉദാഹരണത്തിന്, സി.കെ.ജാനുവുമായി ബന്ധപ്പെട്ട വിവാദം. അതു തുടങ്ങുന്നത് പി.ജയരാജനും പ്രസീദയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ്. അത് വ്യാപകമായി സ്ക്രിപ്റ്റ് തയ്യാറാക്കി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുതന്നെ വന്നൊരു വാർത്ത സി.കെ.ജാനുവിനു താമസിക്കാൻ മുറിയെടുത്തുകൊടുത്തതു ബിജെപി – സുപ്രധാന തെളിവു പുറത്തുവന്നു എന്നാണ്. ജാനു എൻഡിഎയിലെ ഘടകകക്ഷിയായാണ് വന്നത്. ജാനു ഒരു സ്ത്രീയാണ്. ബിജെപി ടിക്കറ്റിൽ മൽസരിച്ച സ്ഥാനാർഥിയാണ്. അവർക്ക് ഞങ്ങൾ മുറിയെടുത്തു കൊടുത്തു എന്നു പറയുന്നതിൽ എന്തു നിയമവിരുദ്ധ കാര്യമാണുള്ളത്. അങ്ങനെയൊരാളോട് ഹോസ്പിറ്റാലിറ്റി കാണിച്ചില്ലെങ്കിലാണ് മോശം.

രണ്ടാമത്, ജാനുവിനു പണം കൊടുത്തതായി ആരോപണമുന്നയിച്ചയാൾതന്നെ പറയുന്നില്ല. ജാനു എന്നെ വിളിച്ചിട്ടില്ല. അതിന്റെ ഒരു തെളിവും പുറത്തുവന്നിട്ടില്ല. പണം കൊടുക്കുന്നതു കണ്ടോ എന്ന ചോദ്യത്തിന്, കണ്ടില്ലെന്നാണ് പ്രസീദയുടെ ഉത്തരം. അപ്പോൾ ആരോപണം അടിസ്ഥാനരഹിതമല്ലേ? ജാനുവിനെപോലെ ഇത്രയും പ്രമുഖയായ ദലിത് ആക്ടിവിസ്റ്റിന് 10 ലക്ഷം രൂപയുടെ വിലയിട്ട് അപമാനിക്കുന്നതിനു പിന്നിൽ മറ്റൊരു രാഷ്ട്രീയമുണ്ട്. അതാണ് പുറത്തുവന്നിരിക്കുന്നത്. ദലിത് – ആദിവാസി എൻഡിഎയിൽ ചേരുന്നത് സ്വാഭാവികമായ രീതിയിലല്ല, ബിജെപിയോട് അടുക്കുന്നതു സ്വാഭാവിക രീതിയിലല്ല എന്നു വരുത്തിത്തീർക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്.

കേരള കോൺഗ്രസ് എം സിപിഎമ്മുമായി സഹകരിച്ചത് എന്തെല്ലാം ഡീലുകളുടെ അടിസ്ഥാനത്തിലാണ്. ബാർ കോഴ കേസിൽനിന്ന് അവരെ മാത്രം ഒഴിച്ചു നിർത്തി. മറ്റു പല ഡീലുകളും നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതൊരു ചർച്ചാ വിഷയമേ ആകുന്നില്ല. ബാർ കോഴ കേസിൽ ബിജു രമേശ് പുറത്തുവിട്ട മൊഴിയിലും, സോളർ കേസിൽ സരിത പുറത്തുവിട്ട മൊഴിലുമെല്ലാം ജോസ് കെ.മാണിയുണ്ട്. ബിജു രമേശിന്റെ അഴിമതിയാരോപണത്തിലെ പ്രധാനം കേരള കോൺഗ്രസ് മാണിഗ്രൂപ്പായിരുന്നു. രണ്ടന്വേഷണത്തിലും അവർ ഒഴിവാക്കപ്പെട്ടു. മറ്റു പല ഡീലുകളുമുണ്ട്. അതൊന്നും ചർച്ചയാവുന്നില്ല. ബിജെപി ധാരാളം ഘടകകക്ഷികൾ പ്രവർത്തിക്കുന്നുണ്ട്. അവരെയാരെയെങ്കിലും ഞാൻ കാണുന്നതോ മുറിയിൽ പോയി സംസാരിക്കുന്നതോ വാർത്തയാകുന്നില്ല. ജാനു വാർത്തയാകേണ്ടത് സിപിഎമ്മിന്റെയും അവരെ അനുകൂലിക്കുന്നവരുടെയും താൽപര്യമാണ്. അതുകൊണ്ടാണ് ഒരു പാവപ്പെട്ട സ്ത്രീ കാർ ഉപയോഗിക്കുന്നത് ചോദ്യമാകുന്നത്. എന്താ ഇവിടെ കാർ ഉപയോഗിക്കാനുള്ള അധികാരം വലിയ വലിയ ആളുകൾക്കു മാത്രമേയുള്ളോ?

k-surendran
കെ. സുരേന്ദ്രൻ

∙ ഇപ്പോൾ താങ്കൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രതികാര രാഷ്ട്രീയമെന്നു പറയുന്നതിന്റെ യുക്തിയെന്താണ്?

തെളിവുകൾ വച്ചു പറയാം. മഞ്ചേരശ്വത്ത് കെ.സുന്ദരയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, വധഭീഷണി, പണം കൊടുത്തു പിൻമാറ്റിക്കൽ എന്നിങ്ങനെ കുറെ വകുപ്പുകൾ ചേർത്ത് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. യഥാർഥത്തിൽ, സുന്ദര എന്റെ അപരനല്ല. സുന്ദര ദേശീയ പാർട്ടിയായ ബിഎസ്പിയുടെ സ്ഥാനാർഥിയാണ്. യഥാർഥ അപരൻ എം.സുരേന്ദ്രൻ ഉണ്ടായിരുന്നു പട്ടികയിൽ. അയാൾ ഇപ്പോഴും പട്ടികയിലുണ്ട്. വോട്ടും പിടിച്ചിട്ടുണ്ട്. അപരനെ പിൻവലിക്കാതെ, ബിഎസ്പി സ്ഥാനാർഥിയെ പിൻവലിച്ചെന്നാണ് ആരോപണം. ഒരാൾ കൈക്കൂലി വാങ്ങിയെന്നു പറഞ്ഞാൽ, നമ്മുടെ തെളിവു നിയമമനുസരിച്ച്, കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും കുറ്റക്കാരനാണ്. ഈ കേസിൽ സുന്ദര പ്രതിയാക്കപ്പെടുന്നില്ല. എഫ്ഐആറിൽ ഒന്നാം പ്രതി ഞാൻ മാത്രമാണ്. ബിജെപി പ്രസിഡന്റ് മാത്രം. നാമ നിർദ്ദേശ പത്രിക പിൻവലിക്കാൻ അദ്ദേഹം അപേക്ഷ കൊടുക്കുന്നത് മാർച്ച് 21നാണ്. 22നു നേരിട്ട് അദ്ദേഹം റിട്ടേണിങ് ഒാഫിസറുടെ മുന്നിൽ ഹാജരായി. സ്വമേധയാ പിൻവലിക്കുകയാണെന്ന് ഒാഫിസർ വേരിഫൈ ചെയ്തിട്ടാണ് അദ്ദേഹം പത്രിക പിൻവലിച്ചത്. അതിനുശേഷം അദ്ദേഹം വാർത്താസമ്മേളനം പരസ്യമായി നടത്തിയിട്ടുമുണ്ട്. എന്താണ് പിൻവലിക്കാൻ കാരണമെന്ന്. പിൻവലിക്കൽ അപേക്ഷ കൊടുത്തപ്പോൾ ബിഎസ്പി ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു, ഇയാളെ തട്ടിക്കൊണ്ടുപോയെന്ന്. ആ പരാതിയിൽ, സ്റ്റേഷനിൽ വിളിച്ചുവരുത്തി സുന്ദരയുടെ മൊഴിയെടുത്തതാണ്. പരപ്രേരണയില്ലാതെയാണ്, പ്രലോഭനമോ ഭീഷണിയോ ഇല്ലാതെയാണ് താൻ പിൻവലിച്ചതെന്ന് അദ്ദേഹം മൊഴികൊടുത്തതാണ്. ഈ നടപടിക്രമങ്ങളെല്ലാം നടന്നതാണ്. ഇനി, കുറ്റമാരോപിക്കപ്പെടുന്നയാളെ നേരിട്ടു ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തെ ഞാൻ ഫോൺ വിളിച്ചിട്ടില്ല. പത്രിക അദ്ദേഹം പിൻവലിക്കുന്ന ദിവസവും അദ്ദേഹം അപേക്ഷ കൊടുക്കുന്ന ദിവസവും ഞാൻ കോന്നിയിലാണ്. പ്രതികാര രാഷ്ട്രീയമല്ലെങ്കിൽ പിന്നെ മറ്റെന്താണിത്?

∙ സുന്ദരയെ സുരേന്ദ്രൻ നേരിട്ടു കാണമെന്നില്ലല്ലോ?

ആയിക്കോട്ടെ. ഞാൻ വിളിക്കണ്ടേ? ഭീഷണിപ്പെടുത്താൻ ആരെയെങ്കിലും ഏൽപിക്കേണ്ടേ? നടപടിക്രമമെല്ലാം പാലിച്ചില്ലേ? അദ്ദേഹമൊരു ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയല്ലേ? ദേശീയ പാർട്ടി സ്ഥാനാർഥിയെ പിൻവലിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലുണ്ടോ? ഒന്നാമതേ അദ്ദേഹമെന്റെ അപരനല്ല. സുന്ദരയെങ്ങനെയാണ് സുരേന്ദ്രന്റെ അപരനാകുന്നത്?

∙ മൂന്നക്ഷരമുണ്ടല്ലോ?

ആയിക്കോട്ടേ. സുരേന്ദ്രനുണ്ടല്ലോ. വേറൊരു സുരേന്ദ്രൻ സിപിഎമ്മിനുവേണ്ടി മൽസരിച്ചാൽ അയാളെങ്ങനെ എന്റെ അപരനാവും? അയാൾ സിപിഎം എന്ന നാഷനൽ പാർട്ടിക്കുവേണ്ടിയാണ് മൽസരിക്കുന്നത്. പ്രതികാരമല്ലാതെ എന്താണിത്?

∙ പ്രതികാരം ബിജെപിയോടാണോ സുരേന്ദ്രനോടാണോ?

തീർച്ചയായും ബിജെപിയോടാണ്. എന്നെ ആക്രമിക്കുന്നതിലൂടെ ബിജെപിയെ ആക്രമിക്കുന്നു. വ്യക്തിപരമായ ആക്രമണമായി ഞാൻ കണക്കാക്കുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ അല്ലെങ്കിൽ നേതാവ് എന്ന നിലയിൽ ഒരാളെ ആക്രമിച്ച് അപകീർത്തിപ്പെടുത്തി പാർട്ടിയെത്തന്നെ അപകീർത്തിപ്പെടുത്തുന്നു. പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുക, അവരെ തളർത്തുക. പ്രതിയാക്കുന്നത് സുരേന്ദ്രനെയല്ല, പാർട്ടിയെയാണ്. കാരണം, കേരളത്തിൽ കോൺഗ്രസിന്റെ ഭീഷണി ഇല്ലാതായിക്കഴിഞ്ഞു. ഞങ്ങൾക്കു സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ഒരു ഉത്തരവാദപ്പെട്ട പ്രതിപക്ഷമായി വിട്ടുവീഴ്ചയില്ലാതെ പോരാടാൻ പോകുന്നത് ഇനിയുള്ള കാലം ബിജെപിയായിരിക്കുമെന്നത് നന്നായി അറിയാവുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനെ ഏതു വിധേനയും മാനേജ് ചെയ്യാൻ പറ്റും. യുഡിഎഫിന് അവർക്കിനി ഒരിക്കലും അധികാരത്തിൽ തിരിച്ചുവരാനാവില്ലെന്നു പിണറായി വിജയനു നന്നായറിയാം. ഇനി വരേണ്ടത്, ബിജെപിയെയുംകൂടി ഇല്ലാതാക്കണം. അതിനു രണ്ടു ലക്ഷ്യങ്ങളാണ്. ഒന്ന് – വിട്ടുവീഴ്ചയില്ലാത്ത സമീപനം ഞങ്ങൾ സ്വീകരിക്കുന്നു. രണ്ട് – ഞങ്ങളെ ആക്രമിക്കുന്നതിലൂടെ കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തെ, പ്രത്യേകിച്ച് അതിലുള്ള തീവ്രവാദ ചിന്താഗതിക്കാരെ സംതൃപ്തിപ്പെടുത്താം. മുസ്‌ലിം ന്യൂനപക്ഷത്തിനിടയിൽ, കണ്ടോ – ബിജെപിയെ ഇല്ലാതാക്കുന്നതു ഞങ്ങളാണ് – ബിജെപിയെ ആക്രമിക്കുന്നതു ഞങ്ങളാണ്. അതുകൊണ്ടു ഞങ്ങൾക്കു പിന്തുണ ലഭിക്കും എന്ന കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വേട്ട.

k-surendran-02
കെ. സുരേന്ദ്രൻ

∙ ഈ കാര്യം ബി.എൽ.സന്തോഷ് – മുരളീധരൻ – സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിനു മനസിലാവുന്നില്ലേ?

അതുമൊരു പ്രചാരണമാണ്. ഉദാഹരണത്തിന്, പി.കെ.കൃഷ്ണദാസും എം.ടി.രമേശും എ.എൻ.രാധാകൃഷ്ണനുമൊക്കെ എന്നെ എതിർക്കുന്നുവെന്ന നിരന്തരമായ പ്രചാരണമുണ്ട്. പക്ഷേ, ഈ വിഷയം ഉയർന്നുവന്നയുടനെ, പാർട്ടി ഒറ്റക്കെട്ടായി പ്രശ്നത്തെ നേരിടുമെന്ന് ഉറച്ച നിലപാടെടുത്ത്, ഞാൻ പറയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ജനങ്ങളോടു വിശദീകരിക്കുന്നത് അവരാണ്. ബിജെപിക്കകത്തു തമ്മിലടിയാണ് എന്നൊരു നറേറ്റിവ്, പ്രത്യേകമായൊരു അവസ്ഥ കേരളത്തിലുണ്ടാക്കുകയാണ്. അതിനു പിന്നിൽ പ്രവർത്തിക്കുന്നത് പിണറായി വിജയനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവർത്തകരാണ്.

∙ മാധ്യമപ്രവർത്തകരാണ്?

ഒരു പിആർ ഏജൻസിപോലെ അവർ പ്രവർത്തിക്കുന്നു. ഒരു വിഭാഗം. എല്ലാ സ്ഥാപനങ്ങളിലും അവർ കടന്നുകയറിയിട്ടുണ്ട്. ഈ വാർത്തകളുടെയെല്ലാം പിന്നിൽ ഒരേ ശക്തികളാണ്. ഒരേ കേന്ദ്രത്തിൽനിന്നുതന്നെയാണ് ഈ ശക്തികളുടെ വാർത്തകൾ പുറത്തുവരുന്നത്.

∙ അപ്പോൾ, കേരളത്തിലെ പാർട്ടിയുടെ നേതൃത്വനിരയിലുള്ളവരെല്ലാം ഈ വിഷയങ്ങളിൽ സുരേന്ദ്രന്റെ കൂടെയാണോ?

വ്യക്തിപരമല്ലന്നേ. എന്റെ കൂടെയെന്നല്ല, പാർട്ടിയുടെ കൂടെയാണ്. എല്ലാ പാർട്ടി പ്രവർത്തകരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായുള്ള നിലപാടാണ്.

Praseetha | K Surendran | CK Janu
പ്രസീത, സുരേന്ദ്രൻ, ജാനു

∙ പ്രവർത്തകരല്ല, മറ്റു നേതാക്കൾ?

നേതാക്കളും ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്.

∙ കൃഷ്ണദാസും ശോഭാ സുരേന്ദ്രനുമെല്ലാം സുരേന്ദ്രന്റെ ഒപ്പമാണ്?

എല്ലാവരും ഒറ്റക്കെട്ടാണ്.

∙ അങ്ങനെ പറയാനുള്ള ധൈര്യമെങ്ങനെ?

എനിക്കു യാതൊരു സംശയവുമില്ല. മാധ്യമങ്ങൾക്കു സംശയമുണ്ടോയെന്ന് എനിക്കറിയില്ല. എന്തായാലും എനിക്ക് സംശയമില്ല. എന്റെ ഉറച്ച ബോധ്യം എല്ലാ ബിജെപി നേതാക്കളും പൊതുവായ വിഷയങ്ങളിൽ ഒറ്റക്കെട്ടായ നിലാപാടാണ് സ്വീകരിക്കുന്നതെന്നാണ്.

∙ പൊതുവായ വിഷയങ്ങളിൽ?

പൊതുവായ വിഷയങ്ങളെന്നു പറഞ്ഞാൽ പാർട്ടിയെ തകർക്കാനുള്ള പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നീക്കത്തിനെതിരായ എല്ലാ ബിജെപി നേതാക്കളും ഒറ്റക്കെട്ടാണ്.

∙ അവരും അങ്ങനെയാണോ വ്യക്തമാക്കിയിട്ടുള്ളത്?

തീർച്ചയായും. ഞങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ഒരുമിച്ചുകൂടിയിട്ട് ഐകകണ്ഠേന തീരുമാനിച്ചിട്ട് സംയുക്ത വാർത്താ സമ്മേളനമാണ് നടത്തിയത്. അതിനുശേഷം എല്ലാ ബിജെപി നേതാക്കളും ഒാരോ ദിവസമായി ഈ കാര്യങ്ങൾ വിശദീകരിക്കുകയാണ്.

∙ അതു പ്രതിസന്ധിഘട്ടങ്ങളിൽ ഏതു പാർട്ടിയും ചെയ്യുന്നതാണ്. എല്ലാവരും ഒറ്റക്കെട്ടെന്നു പുറമെ കാണിക്കുകയെന്നത്. അങ്ങനെ പറയുകയെന്നത്.

തിരഞ്ഞെടുപ്പു ഘട്ടത്തിൽ എന്തായിരുന്നു സ്ഥിതി? പ്രതിസന്ധിയും വിവാദങ്ങളും താങ്കൾക്കെതിരെ ആരോപണങ്ങളും വന്നശേഷമുള്ള സ്ഥിതിയെന്താണ്? ആരോപണം വന്നപ്പോഴും, തിരഞ്ഞെടുപ്പു ഘട്ടത്തിലും നടന്ന കാര്യങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും – തിരഞ്ഞെടുപ്പു മാനേജ്മെന്റ്, സ്ഥാനാർഥി നിർണയം – എല്ലാ കാര്യങ്ങളിലും ബിജെപി – എല്ലാ പ്രമുഖ നേതാക്കളും മൽസരിച്ചു – എല്ലാവരും ചേർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങളെല്ലാം നടത്തിയത്. എല്ലാ വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതാക്കളുടെയും വിശദമായ ചർച്ചകൾക്കുശേഷമാണ് തീരുമാനിച്ചിട്ടുള്ളത്.

∙ ഇപ്പോഴത്തെ വിവാദവിഷയങ്ങളിൽ, ഇപ്പോഴത്തെ ഏറ്റവും മുതിർന്ന നേതാവെന്നു പറയാവുന്ന ഒ.രാജഗോപാലുമൊക്കെ സുരേന്ദ്രന്റെ കൂടെയാണോ?

അങ്ങനെ ഒറ്റതിരിഞ്ഞു ചോദിച്ചാൽ...

k-surendran-v-muraleedharan-3
കെ. സുരേന്ദ്രൻ, മുരളീധരൻ

∙ ശോഭാ സുരേന്ദ്രന്റെ കാര്യം പറഞ്ഞു, കൃഷ്ണദാസിന്റെ കാര്യം പറഞ്ഞു.

എന്റെ ഉത്തമ ബോധ്യം, ഞാൻ അടിയുറച്ചു വിശ്വസിക്കുന്നത് എല്ലാ ബിജെപി നേതാക്കളും ഒറ്റക്കെട്ടെന്നാണ്.

∙ അപ്പോൾ ഭിന്നിപ്പിന്റേതായ പ്രതിസന്ധി കേരളത്തിലെ ബിജെപിയിലില്ല?

ഭിന്നിപ്പ് ഭിന്നിപ്പ് എന്നതു തുടർച്ചയായി വരുന്ന പ്രചാരണമാണ്. കോൺഗ്രസിനകത്ത് സുധാകരൻ വന്നു, അതു ഭീകരമായ തമ്മിലടിയാണ്. ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യുന്നില്ല. സിപിഎമ്മിനകത്ത് പാർട്ടിയേയില്ല, ഒറ്റ നേതാവാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. മാധ്യമങ്ങളെ അതേക്കുറിച്ചു മിണ്ടുന്നതേയില്ല. പക്ഷേ, ബിജെപിക്കകത്ത് മുരളീധരൻ പക്ഷമാണ്, കൃഷ്ണദാസ് പക്ഷമാണ് എന്നൊക്കെ നിരന്തരം വാർത്ത വരുന്നതിനു പിന്നിലെന്താണ്? അതു കൃത്യമായ ഉദ്ദേശ്യത്തോടെയാണ്. കെ.സുധാകരനെ നിയമിച്ചതിൽ അങ്ങേയറ്റം ക്ഷുഭിതരമാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഒരു പത്രത്തിലും ഒന്നാം പേജിൽ വാർത്ത വരുന്നില്ല. സിപിഎമ്മിനകത്തു നേരത്തെ വിഎസും പിണറായിയും തമ്മിൽ ശാക്തിക ധ്രുവീകരണമുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരെയും അടിച്ചമർത്തി ഒരാൾ തീരുമാനങ്ങളെടുക്കുന്നു. ഒരുകാലത്തു പിണറായി വിജയനെ വിമർശിച്ചവരെയെല്ലാം അദ്ദേഹമിപ്പോൾ കൈയിലാക്കിയിരിക്കുന്നു. ബിജെപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ വ്യക്തമായ അജണ്ടയുണ്ട്.

∙ ചുരുക്കത്തിൽ, സുരേന്ദ്രനെക്കുറിച്ച് മാധ്യമങ്ങളോട് വിമർശനം പറയുന്നവരെല്ലാം കള്ളം പറയുകയാണ്?

ആരൊക്കെയാണ് പറയുന്നത്?

∙ എന്റെ വിലയിരുത്തലിൽ 90% പേരും സുരേന്ദ്രന് അനുകൂലമല്ല.

ആരാണ് അങ്ങനെ പറയുന്നത്? അതിനു തെളിവില്ലാതെ ഞാനെങ്ങനെ വിശ്വസിക്കും?

∙ ഇപ്പോൾ കേരളത്തിലെ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഇ.ശ്രീധരൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും റിപ്പോർട്ടുകൾ നൽകിയതായി വാർത്തകളുണ്ട്. രണ്ടു പേർ അതു സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീധരൻ നിഷേധിച്ചിട്ടുമുണ്ട്.

അങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കാൻ എന്റെ അറിവിൽ കേന്ദ്ര നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്നു പേരുടെ റിപ്പോർട്ടെന്നു പറയുന്നു. ഇ.ശ്രീധരൻ അതില്ലെന്നു പറഞ്ഞപ്പോൾ തന്നെ അതു കള്ളമാണെന്നു മനസിലായില്ലേ?

∙ ഇ.ശ്രീധരൻ അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാൻവേണ്ടി പറഞ്ഞതാവാമല്ലോ? മറ്റു രണ്ടു പേരും അതു നിഷേധിച്ചിട്ടില്ല.

അങ്ങനെ ആരെയും ചുമതലപ്പെടുത്തിയതായി എനിക്കറിവില്ല. ഞാൻ മനസിലാക്കുന്നത് അതു തെറ്റായ വാർത്തയെന്നാണ്. ബിജെപിക്ക് സംഘടനാപരമായ റിപ്പോർട്ടുകൾ സമാഹരിക്കാൻ വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. കേരത്തിലെ തിരഞ്ഞെടുപ്പു ഫലത്തെയും പാർട്ടി പ്രവർത്തനത്തെയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തിനുണ്ട്. അതു വ്യവസ്ഥാപിത മാർഗത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചു വരുന്ന വാർത്തകൾ ചിലരുടെ സൃഷ്ടി മാത്രമാണ്.

∙ വ്യവസ്ഥാപിത മാർഗമെന്നു പറയുമ്പോൾ, പരാമർശിക്കപ്പെട്ടതിൽ രണ്ടു പേർ ബിജെപിയുടെ സ്ഥാനാർഥികളായിരുന്നു.

സത്യസന്ധതയെന്ന കാര്യമുണ്ടല്ലോ. ഇതാരാണു ചെയ്യുന്നതെന്ന് എനിക്കറിയാം. കാര്യങ്ങളെക്കുറിച്ച് ഇങ്ങനെയൊരു റിപ്പോർട്ട് കേന്ദ്രം തേടിയതായി ഒരറിവും എനിക്കില്ല. ഇവരാരും എന്നെ വിളിച്ചിട്ടില്ല. ഞാൻ തിരഞ്ഞെടുപ്പിനുശേഷം ഇ.ശ്രീധരനുമായും ജേക്കബ് തോമസുമായും സംസാരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ മാത്രമാണ് അവരോടു സംസാരിച്ചത്. ഇങ്ങനെയൊരു കാര്യത്തിന് അവർ എന്നെയോ ഞാൻ അവരയോ വിളിച്ചിട്ടില്ല. ആരെയെങ്കിലും നേതൃത്വം ചുമതലപ്പെടുത്തിയതായി എനിക്കു വിവരമേയില്ല. അവർ പരസ്യമായി പറയട്ടെ.

∙ കുഴൽപ്പണ കേസിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കുഴൽപ്പണ കേസ് എന്നൊരു കേസിൽ ഇതുവരെ എഫ്ഐആറില്ല. ഇതുവരെയുള്ള എഫ്ഐആർ ഹൈവേ റോബറി മാത്രമാണ്. അതിൽ 22 പേരെ അറസ്റ്റ് ചെയ്തു. ആദ്യമന്വേഷിച്ചത് എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. അവർ ധർമ്മരാജന്റെയും ഡ്രൈവർ ഷംജീറിന്റെയും മൊഴിയുൾപ്പെടുത്തി ഒരു റിപ്പോർട്ട് കോടതിക്കു നൽകി. അത് ഒരു മാധ്യമപ്രവർത്തകരും പുറത്തുകൊണ്ടുവന്നിട്ടില്ല. അതിൽ നടന്ന സംഭവങ്ങളുടെ വ്യക്തമായ വിശകലനമുണ്ട്. ഈ പണം തങ്ങളുടേതാണെന്നും റിക്കവറി ചെയ്ത പണം തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഞാൻ ആദ്യ ദിവസം മുതൽ പറയുന്നു ഈ പണവുമായി ബിജെപിക്കു യാതൊരു ബന്ധവുമില്ലെന്ന്. ഇവിടെ ഇപ്പോൾ നടക്കുന്നത് പ്രതികളുടെ കോൾ ലിസ്റ്റ് എടുക്കുകയോ അവരെ വിളിപ്പിക്കുകയോ െചയ്യാതെ, പരാതിക്കാരന്റെ ഫോൺ േരഖകൾ പരിശോധിച്ച് അയാൾ ആരെയൊക്കെ വിളിച്ചുവെന്നു നോക്കി അവരെയെല്ലാം ചോദ്യം ചെയ്യാൻ വിളിക്കുകയാണ്. ഏതു വകുപ്പിലാണ് കേരള പൊലീസ് ഇങ്ങനെ അവരെ ചോദ്യം ചെയ്യാൻ വിളിക്കുന്നത്? പരാതിക്കാരന്റെ കോൾ ലിസ്റ്റ് പരിശോധിച്ച് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിക്കുന്നവർ എന്തുകൊണ്ടാണ് പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിച്ച് ആരെയും വിളിക്കാത്തത്? പ്രതികൾ ആരെയൊക്കെ ബന്ധപ്പെട്ടു, കവർച്ച നടത്തിയവർ ആരുമായി ചേർന്നാണ് തൊണ്ടിമുതൽ ഒളിപ്പിച്ചത് – അതെന്തുകൊണ്ടു പരിശോധിക്കുന്നില്ല? പ്രതികളിൽ 99% പേരും സിപിഎം, സിപിഐ, എസ്ഡിപിഐ പ്രവർത്തകരാണ്. ഈ സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് ഒല്ലൂരിൽ ഇതേ സംഘം പണം കവർച്ച ചെയ്തതായി എഫ്ഐആറുണ്ട് – നമ്പർ 201–2021 – ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ. 21–3–2021ലാണ്. അതിൽ ഒരു നടപടിയും പൊലീസ് എടുത്തിട്ടില്ല. ഇനി അഥവാ ഇതു കണക്കിൽ പെടാത്ത പണമാണെങ്കിൽ, നിയമപ്രകാരം കേരള പൊലീസ് എന്താണു ചെയ്യേണ്ടത് – കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ അന്വേഷിക്കാൻ കഴിയുന്ന വ്യവസ്ഥാപിത അന്വേഷണ ഏജൻസികൾ നമ്മുടെ രാജ്യത്തുണ്ട്. അതു ചെയ്യുകയാണു വേണ്ടത്. അതു ചെയ്യാതെ രാഷ്ട്രീയ പ്രതികാരമാണ് ബിജെപിയോടു കാണിക്കുന്നത്.

1200-flag-bjp

∙ കേന്ദ്രം ഭരിക്കുന്ന സർക്കാരിനു കീഴിലുള്ള ഏജൻസി വേണം?

അത് അവർ നിയമപരമായി ചെയ്യേണ്ടതാണ്. ഞാൻ പറഞ്ഞത് അതിന്റെ രാഷ്ട്രീയമാണ്. ഇത് ബിജെപി തിരഞ്ഞെടുപ്പിൽ പണം കൊണ്ടുവന്നുവെന്നു പ്രചാരണം നടത്താനുള്ളത്. നിയമപരമായി ബിജെപിയെ ഒന്നും ചെയ്യാനാവില്ലെന്ന് അറിഞ്ഞുകൊണ്ട്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ മൂക്കറ്റം മുങ്ങിയ പിണറായി വിജയനും സർക്കാരും കുറച്ചുദിവസത്തേക്കുള്ള ഒരു നാടകമുണ്ടാക്കുകയാണ്. ബിജെപിയെ വേട്ടയാടുകയാണ്.

∙ അല്ലാതെ പ്രതിപക്ഷം ആരോപിക്കുംപോലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയൊന്നുമില്ല?

ധാരണയുണ്ടെങ്കിൽ ഞങ്ങളെ വേട്ടയാടില്ലല്ലോ.

∙ ധാരണയില്ലെങ്കിൽ ജാമ്യമില്ലാത്ത വകുപ്പുള്ള കേസുള്ളപ്പോൾ സുരേന്ദ്രന് എങ്ങനെ കേരളത്തിൽനിന്ന് ഡൽഹിയിലേക്കു വരാൻ പറ്റി?

അങ്ങനെ ചോദിച്ചാൽ കേരളത്തിൽ എത്ര പേർക്കെതിരെ കേസുണ്ട്. എന്റെ പേരിൽ 264 കേസുണ്ട്. ഞാനിപ്പോൾ കേരളത്തിലേക്കു പോകാതിരിക്കുന്നൊന്നുമില്ലല്ലോ.

∙ എങ്ങനെ വരാൻ പറ്റിയെന്നതാണ് ചോദ്യം.

ധാരണയുണ്ടെങ്കിൽ കേസെടുക്കില്ലല്ലോ. കേസു കൊടുത്തത് ആരാണ് – സിപിഎമ്മിന്റെ സ്ഥാനാർഥിയും ജില്ലാ കമ്മിറ്റിയംഗവുമായ ആളാണ്.

∙ സ്വർണക്കടത്ത് കേസും മറ്റും തിരഞ്ഞെടുപ്പിനു മുൻപ് എങ്ങുമെത്തിയില്ല, നിങ്ങൾക്ക് വേണമെങ്കിൽ തിരഞ്ഞെടുപ്പിൽ കാര്യമായി ഉപയോഗിക്കാവുന്ന വിഷയമായിരുന്നു.

അങ്ങനെ ഉപയോഗിക്കുകയെന്ന പരിപാടി ബിജെപിക്കില്ല. ഞങ്ങൾ അന്നും പറഞ്ഞത് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളുവെന്നാണ്. സിപിഎം എപ്പോഴും കേസുകളെ ഉപയോഗിക്കാറുണ്ട്.

∙ സുരേന്ദ്രൻ അറസ്റ്റ് മുന്നിൽ കാണുന്നുണ്ടോ?

അവരുടെ രീതിയനുസരിച്ച് അവർക്കതു ചെയ്യാവുന്നതേയുള്ളു. നേരത്തെയുമെന്നെ അറസ്റ്റ് ചെയ്യുകയും ഒരാവശ്യവുമില്ലാതെ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്തതാണ്. അന്നും എന്റെ പേരിൽ വലിയ കുറ്റങ്ങളായിരുന്നു – തേങ്ങകൊണ്ട് തലയ്ക്കടിച്ചെന്നൊക്കെ. ആ കേസെന്തായെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. അവരു വേണമെങ്കിൽ അറസ്റ്റു ചെയ്തോട്ടെ. ഞാനതിനെ ഭയപ്പെടുന്നില്ല.

∙ ഭയത്തിന്റെ പ്രശ്നമല്ല. അതുകൊണ്ടാണ് ആ വാക്ക് ഉപയോഗിക്കാതിരുന്നത്.

അങ്ങനെ എനിക്ക് ആന്റിസിപ്പേറ്റ് ചെയ്യാനാവില്ലല്ലോ. അറസ്റ്റും ജയിലറകളും ഒരു പുത്തരിയല്ലല്ലോ.

∙ കുഴൽപ്പണ കേസിൽ എത്ര രൂപയാണുള്ളത്?

പൊലീസിനു നൽകിയ മൊഴിയിൽ മൂന്നര കോടിയെന്നാണ് അവർ സമ്മതിച്ചിട്ടുള്ളത്. 25 ലക്ഷത്തിന്റെ പരാതിയെന്ന് പത്രവാർത്തകളുണ്ടായിരുന്നു. പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ മൂന്നര കോടിയെന്നാണ് ഞാൻ മനസിലാക്കുന്നത്.

∙ ബിജെപിക്ക് തിരഞ്ഞെടുപ്പു സമയത്ത് അക്കൗണ്ടിലൂടെ അല്ലാതെ എത്ര രൂപ ലഭിച്ചിട്ടുണ്ടാവും?

ബിജെപിക്ക് അക്കൗണ്ടിലൂടെയല്ലാതെ ഒരു രൂപ പോലും വന്നിട്ടില്ല. എല്ലാ ഇടപാടുകളും ഞങ്ങൾ അക്കൗണ്ടിലൂടെയാണ് നടത്തിയിട്ടുള്ളത്.

∙ വ്യക്തികളുടെ അക്കൗണ്ടിന്റെ കാര്യമല്ല.

അല്ല, പാർട്ടി അക്കൗണ്ടിലൂടെ. ഞങ്ങൾ എല്ലാ സ്ഥാനാർഥികൾക്കും പണം കൊടുത്തിട്ടുണ്ട്.

∙ പറയപ്പെടുന്നത് 400 കോടി വന്നു, 156 കോടിയുടെ കണക്കേയുള്ളു എന്നാണ്.

ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങൾ പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മാത്രം നടത്തുന്നതാണ്. പാർട്ടി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും അറിയാം കേരളത്തിൽ ഏറ്റവും കുറച്ച് പണം ചെലവഴിച്ച് തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയതു ബിജെപിയാണെന്ന്.

∙ ഏറ്റവും കുറച്ച്?

ഏറ്റവും കുറച്ച്.

∙ പൈസ ഇല്ലാത്തതുകൊണ്ടാണോ?

ഞങ്ങൾ 140ൽ 21 മണ്ഡലമൊഴിച്ചാൽ ബാക്കിയെല്ലായിടത്തും ഞങ്ങളുടെ സ്ഥാനാർഥികളാണു മൽസരിച്ചത്. കേരളത്തിൽ ഒരു മുന്നണിക്കും ഈ ബുദ്ധിമുട്ടില്ല. കാരണം എല്ലാവരും ഘടകകക്ഷികൾക്കു സീറ്റു കൊടുത്തു. ഞങ്ങൾക്ക് ഇത്തവണ ഘടകകക്ഷികളുടെ എണ്ണം വളരെ കുറവായിരുന്നു. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം, പ്രവർത്തനം ഒക്കെ നടത്താൻ ചെലവുവരുന്നതുകൊണ്ട് ഞങ്ങൾ ചുരുക്കിപ്പിടിച്ചു.

∙ അക്കൗണ്ടിലേക്കു വന്ന പണമാണ്. തിരഞ്ഞെടുപ്പു കമ്മിഷനു കൊടുക്കുന്ന കണക്കായതുകൊണ്ടു ചോദിക്കുകയാണ്. സുരേന്ദ്രന്റെ കണക്കിൽ ബിജെപിക്ക് ഇത്തവണ എത്ര പണം ചെലവായി?

കൃത്യമായിട്ട് എന്റെ കൈയിലില്ല. തിരഞ്ഞെടുപ്പു കമ്മിഷനു ഞങ്ങളിപ്പോൾ നാളെയോ മറ്റന്നാളോ കണക്കു കൊടുക്കും. എങ്ങനെയായാലും ഒരു മണ്ഡലത്തിൽ പാർട്ടി ചെലവാക്കിയത് 10 മുതൽ 15 ലക്ഷം രൂപവരെ പാർട്ടി ഫണ്ടിൽനിന്നു ചെലവാക്കിയിട്ടുണ്ട്. പിന്നെ എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകർ കൂപ്പൺ പിരിച്ച് തിരഞ്ഞെടുപ്പിന്റെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുകയാണു െചയ്തത്. എല്ലാ ഘടകങ്ങളും സാധാരണ ജനങ്ങളിൽനിന്ന് പണം കൂപ്പൺ വഴി സമാഹരിച്ചാണ് മറ്റു ചെലവുകൾ നടത്തിയത്.

∙ 15 ലക്ഷംവരെയാണ് ചെലവാക്കിയിട്ടുള്ളത്?

15 ലക്ഷം മുതൽ 25 ലക്ഷംവരെയാണ് ഒാരോ സ്ഥാനാർഥിയും ചെലവാക്കിയിട്ടുള്ളത്.

∙ 400 കോടിയും 156 കോടിയുമൊക്കെ എവിടെനിന്നു വന്നു?

ഇതൊക്കെ ശൂന്യതയിൽനിന്നുള്ള കണക്കുകളാണ്. നാളെയത് 5000 കോടിയാവും 10000 കോടിയാവും. കുഴപ്പമില്ല. ഞങ്ങൾ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്.

∙ സുരേന്ദ്രൻ പറയുന്നതുവച്ചാണെങ്കിൽ, 15 ലക്ഷമാണ് െചലവാക്കിയതെങ്കിൽ പാർട്ടിക്ക് 20 കോടി പോലും ചെലവായിട്ടില്ല?

എന്തായാലും അത് തിരഞ്ഞെടുപ്പു കമ്മിഷന്റെ ലിമിറ്റിനെക്കാൾ കുറച്ചാണ് ഞങ്ങൾ ചെലവാക്കിയിട്ടുള്ളത്.

∙ അതു കണക്കിൽ. ഒാരോരുത്തരും കോടികളുടെ കണക്കാണ് സാധാരണ ചെലവായി പറയാറുള്ളത്.

യുഡിഎഫിനും എൽഡിഎഫിനുമാണ് അങ്ങനെ ചെലവഴിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് അങ്ങനെ െചലവഴിക്കേണ്ട കാര്യമില്ല. ഒന്ന് – താഴേത്തട്ടിൽ പ്രചാരണസാമഗ്രികൾ ഒരുക്കുന്നത് അതാതു ഘടകങ്ങളാണ്. സ്ഥാനാർഥിയുടെ പ്രചാരണം, മറ്റു കാര്യങ്ങളെല്ലാം ഒാരോ പഞ്ചായത്തുമാണ് ചുമതല നിർവഹിക്കുന്നത്. സ്ഥാനാർഥിയുടെ ബാക്കി വരുന്ന ചെലവുകളാണ് ഫണ്ടിലൂടെ മുടക്കുന്നത്.

India Elections

∙ നേരത്തെയൊക്കെ ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്ത് പാർട്ടിയുടെ ഫിനാൻസ് കമ്മിറ്റിയുണ്ടായിരുന്നു. ഇത്തവണ അതില്ലായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ സുരേന്ദ്രന്റെ മകന്റെ പേരുൾപ്പെടെ വന്നതെന്നാണ് കേട്ട ഒരാരോപണം.

എന്നു പറഞ്ഞാൽ?

∙ എന്നു പറഞ്ഞാൽ വേണ്ടപ്പെട്ടവരെല്ലാം ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നെന്ന്.

അതെവിടുന്നാണ് ആ ആരോപണം വന്നത്? ഒരു മാധ്യമപ്രവർത്തൻ ചോദ്യം ചോദിക്കുമ്പോൾ അതിൽ എന്തെങ്കിലുമൊരു ഇതില്ലാതെ ചോദിക്കില്ലല്ലോ?

∙ പേരു പറയണമെന്നാണോ. അതു പറ്റില്ല.

ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണ്.

∙ ഫണ്ട് കൈകാര്യം ചെയ്യാൻ കൃത്യമായ സംവിധാനമുണ്ടായിരുന്നോ?

കൃത്യമായ സംവിധാനമുണ്ടായിരുന്നു.

∙ മകന്റെ പേരു വന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

രമേശ് ചെന്നിത്തലയുടെ ഉമ്മൻ ചാണ്ടിയുടെ പിണറായി വിജയന്റെയൊന്നും മക്കൾ അവരുടെ കൂടെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. പിണറായി വിജയൻ കൊച്ചുമകനെയും കൂട്ടിയിട്ടാണ് എല്ലാ ഒൗദ്യോഗിക ചടങ്ങുകൾക്കുപോലും പോകുന്നത്. എന്റെ മകൻ തിരഞ്ഞെടുപ്പു കാലത്ത് എന്റെ വ്യക്തിപരമായ കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി മണ്ഡലത്തിൽ ഉണ്ടാകുന്നത് ഇത്ര വലിയൊരു പാതകമാണോ? എന്റെ മകൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. പാർട്ടി പ്രവർത്തകനല്ല. ഒരു സംഘടനയിലും പ്രവർത്തിക്കുന്ന ആളല്ല. എന്റെ പഴ്സനൽ ആയ കാര്യങ്ങൾ, മരുന്ന്, മറ്റു കാര്യങ്ങളൊക്കെ നോക്കാൻ ഈ തിരഞ്ഞെടുപ്പു കാലത്തും എല്ലാ കാലത്തും അവൻ വരാറുണ്ട്.

∙ അല്ലാതെ, പാർട്ടി കാര്യങ്ങളിൽ മകന് ഒരു ബന്ധവുമില്ല?

പാർട്ടി കാര്യങ്ങളിൽ എന്തിനാണ് മകനെ ഏർപ്പെടുത്തുന്നത്? പാർട്ടി കാര്യങ്ങൾ നോക്കാനല്ലേ ഞാനിരിക്കുന്നത്. മകൻ മാത്രമല്ല, രണ്ടു മാസം മുൻപ് മകളെയും മാധ്യമങ്ങൾ വേട്ടയാടില്ലേ.

∙ ബിജെപി നേതാക്കൾ ഈ വ്യക്തിപരമായ വശത്തെ പ്രതിരോധിക്കാനില്ലേ?

എം.ടി.രമേശിന്റെ പത്രസമ്മേളനത്തിലെ പ്രധാന പോയിന്റ് തന്നെ വ്യക്തിപരമായ വിഷയത്തെക്കുറിച്ചാണ്, രാധാകൃഷ്ണനും കുമ്മനവും പറഞ്ഞത് അതാണ്.

∙ േകരളത്തിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിയുണ്ടാവുമോ?

തിരഞ്ഞെടുപ്പു ഫലം താഴേത്തലം വരെ വിലയിരുത്തി ആവശ്യമായ നടപടികൾ പുതുക്കിപ്പണിയലുകൾ ബൂത്ത് തലംമുതൽ സംസ്ഥാനതലംവരെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

∙ സ്ഥാനമൊഴിയാൻ താങ്കൾ തയ്യാറാവുമോ?

ഒരു തിരഞ്ഞെടുപ്പിലെ ചെറിയൊരു തിരിച്ചടിയുടെ പേരിൽ സ്ഥാനമൊഴിയാനാണെങ്കിൽ 19 സീറ്റിലും പരാജയപ്പെട്ടപ്പോൾ പിണറായി വിജയൻ സ്ഥാനമൊഴിയാൻ ആരും ആവശ്യപ്പെട്ടില്ലല്ലോ. ബിജെപിയിൽ അങ്ങനെയൊരു പതിവില്ല.

∙ പരാജയത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തതിൽ സുരേന്ദ്രനെ മാറ്റുമെന്ന വാർത്തകളോ?

അത്തരം വാർത്തകളൊക്കെ മാധ്യമസൃഷ്ടിയാണ്.

∙ ബി.എൽ.സന്തോഷ്, വി.മുരളീധരൻ, കെ.സുരേന്ദ്രൻ അച്ചുതണ്ടെന്ന ആരോപണത്തിന്റെ വാസ്തവമെന്താണ്?

ഒന്നാമത്, ബി.എൽ.സന്തോഷ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. എന്തുകൊണ്ടാണ് സ്ഥിരമായി അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതെന്ന് എനിക്കറിയില്ല. ബിജെപിക്ക് കൂട്ടായ നേതൃത്വമാണ്. വ്യക്തിക്ക് ഒറ്റയടിക്ക് ഒരു തീരുമാനമെടുക്കാനാവില്ല. ബി.എൽ.സന്തോഷ് എല്ലാ കാര്യങ്ങളും നോക്കുന്നതുപോലെയേ കേരളത്തിലെ കാര്യങ്ങളും നോക്കുന്നുള്ളു.

∙ മുരളീധരൻ – സുരേന്ദ്രൻ അച്ചുതണ്ട്?

അങ്ങനെയൊരു അച്ചുതണ്ട് കേരളത്തിലില്ല.

ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായാണ് കേരളത്തിലേക്കു മടങ്ങുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: Exclusive interview with BJP Kerala State President K Surendran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA