ADVERTISEMENT

തിരുവനന്തപുരം∙ നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്നും സംസ്ഥാന റവന്യു വരുമാനത്തിന്റെ 22% തുകയാണു കുടിശികയായി നിൽക്കുന്നതെന്നും കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 20,146 കോടിയാണ് ആകെ കുടിശിക. ഇതിൽ 5,564 കോടി സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. കുടിശിക തിട്ടപ്പെടുത്തി പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനമില്ല. 11 വകുപ്പുകൾ 5 വർഷത്തിലേറെയായി 5,765 കോടി രൂപ സർക്കാരിനു നൽകാനുണ്ട്.

എക്സൈസ് വകുപ്പ് 1952 മുതലുള്ള കുടിശിക നൽകാതിരിക്കുകയാണെന്നു നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി. നികുതി നിർണയത്തിൽ ജിഎസ്ടി വകുപ്പു വരുത്തിയ വീഴ്ച കാരണം 556 കേസിലായി 198 കോടി രൂപ സർക്കാരിനു നഷ്ടമായി. പരിശോധിക്കാത്ത കേസുകൾ കൂടിയാകുമ്പോൾ നഷ്ടം കൂടും. 10 ലക്ഷത്തിലേറെ വിലയുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ സ്രോതസ്സിൽ നിന്ന് 1% നികുതി പിരിച്ചിട്ടില്ല. 3.56 കോടി രൂപ ഇതുവഴി നഷ്ടപ്പെട്ടു. ഹരിത നികുതി ഇൗടാക്കുന്നതിലെ വീഴ്ച മൂലം 54 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയതു ഗതാഗത വകുപ്പാണ്– 2,098 കോടി. കെഎസ്ആർടിസി 1,796 കോടിയോടെ രണ്ടാമതുണ്ട്.

58 സ്ഥാപനങ്ങൾ നഷ്ടത്തിൽ

2018–19 വരെയുള്ള കണക്കുകൾ പ്രകാരം 53 പൊതുമേഖലാ സ്ഥാപനങ്ങൾ 574 കോടിയുടെ ലാഭമുണ്ടാക്കിയപ്പോൾ 58 സ്ഥാപനങ്ങൾ 1,796 കോടിയുടെ നഷ്ടം വരുത്തി. 2 സ്ഥാപനങ്ങൾക്കു ലാഭമോ നഷ്ടമോ ഇല്ല. ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതു കെഎസ്എഫ്ഇ– 144 കോടി. കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ് 104 കോടിയും ബവ്റിജസ് കോർപറേഷൻ 85 കോടിയും ലാഭമുണ്ടാക്കി. നഷ്ടമുണ്ടാക്കിയവരിൽ ഒന്നാമതു കെഎസ്ഇബിയാണ്– 1,860 കോടി. കെഎസ്ആർടിസിയുടെ നഷ്ടം–1,431 കോടി.

കെഎസ്ഇബി സ്വന്തം ജലവൈദ്യുതി ഉൽപാദന നയം പാലിക്കാത്തതും വേനൽ മാസങ്ങളിൽ ഉൽപാദനം ക്രമീകരിക്കാത്തതും കാരണം 25 കോടി രൂപയ്ക്കു വൈദ്യുതി വാങ്ങേണ്ടി വന്നു. ശബരിഗിരി പദ്ധതിയിലെ നിർമാണ വീഴ്ചകൾ വരുത്തിവച്ച നഷ്ടം 59 കോടി. തിരുവനന്തപുരം കുടപ്പനക്കുന്നിൽ ഹൈടെക് ഫാം സ്ഥാപിക്കാൻ 7.31 കോടി ചെലവഴിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കിയില്ല– സിഎജി കുറ്റപ്പെടുത്തി.

കാർഷിക വാഴ്സിറ്റി ചോദ്യക്കടലാസ് അച്ചടി സുരക്ഷിതമല്ല

കേരള കാർഷിക സർവകലാശാല പരീക്ഷകളുടെ ചോദ്യക്കടലാസ് അച്ചടിക്കുന്ന പ്രസ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നില്ലെന്നു സിഎജി റിപ്പോർട്ട്. പ്രസിൽ സന്ദർശകർക്കു നിയന്ത്രണമില്ല. അവരുടെ വിവരം സൂക്ഷിക്കുന്നുമില്ല. മൊബൈൽ ഫോണോ മറ്റേതെങ്കിലും റെക്കോർഡിങ് ഉപകരണമോ പ്രസിൽ ഉപയോഗിക്കുന്നതു വിലക്കിയിട്ടുമില്ല. ശൂന്യമായ ഉത്തരക്കടലാസുകൾ മെഷീൻ നമ്പറോ ബാർ കോഡോ ഇല്ലാതെ അച്ചടിക്കുന്നതു കാരണം ഇവ തിരിച്ചറിയാൻ കഴിയില്ല. പിഎച്ച്ഡി നൽകുന്നതിനുള്ള യുജിസി ചട്ടങ്ങൾ‌ സർവകലാശാല പാലിക്കുന്നില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.

English Summary: Tax, CAG report against Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com