ADVERTISEMENT

കൊച്ചി/ തൃശൂർ ∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഇരുപത്തേഴുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് തിരയുന്ന തൃശൂർ പുറ്റേക്കര അഞ്ഞൂർ സ്വദേശി മാർട്ടിൻ ജോസഫിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ മുണ്ടൂർ കിരാലൂർ അയ്യംകുന്നത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം മാർട്ടിനെ പിടികൂടിയത്. 

ഒളിവിൽ കഴിയാൻ സഹായിച്ച 3 പേരെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി പാവറട്ടി വെൺമനാട് ധനീഷ് (29), മൂന്നാം പ്രതി പുത്തൂർ കൈപ്പറമ്പ് ശ്രീരാഗ് (27), നാലാം പ്രതി മുണ്ടൂർ കിരല്ലൂർ ജോൺ ജോയ് (28) എന്നിവരാണ് പിടിയിലായത്. 

മാർട്ടിനെ കണ്ടതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എരുമപ്പെട്ടി തയ്യൂർ മേഖലയിലെ വനപ്രദേശം പ്രത്യേക അന്വേഷണ സംഘം ഇന്നലെ അരിച്ചു പെറുക്കി. ഇതിനിടയിലാണു പ്രതിയുടെ ഒളിത്താവളം സംബന്ധിച്ച വിവരം ലഭിച്ചത്. 

തൃശൂർ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. നിസാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പൊലീസ് സംഘവും മുന്നൂറോളം നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. 

flat-rape-case-1248
ധനീഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവർ.

ഇതിനിടെ മാർട്ടിനെതിരെ സമാന പരാതിയുമായി കാക്കനാട് സ്വദേശിയായ യുവതിയും പൊലീസിനെ സമീപിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു, ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ എന്നിവർ വെളിപ്പെടുത്തി. 

രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴികൾ അനുസരിച്ചു മട്ടന്നൂരിലെ യുവതി രക്ഷപ്പെട്ട ശേഷമാണു മാർട്ടിൻ കാക്കനാട്ടെ യുവതിയെ അവരുടെ ഫ്ലാറ്റിലെത്തി ഉപദ്രവിച്ചത്. ഡേറ്റിങ് ആപ്പുകൾ വഴിയാണു പ്രതി ഒരുമിച്ചു താമസിക്കാൻ താൽപര്യമുള്ള യുവതികളെ കണ്ടുപിടിച്ചു ബന്ധം സ്ഥാപിക്കുന്നത്. കൂടുതൽ യുവതികളെ പ്രതി മാർട്ടിൻ ഉപദ്രവിച്ചിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. 

നിലവിൽ സമാനസ്വഭാവമുള്ള 2 പീഡനക്കേസുകളിലാണു പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്.

English Summary: Kochi flat rape case, Martin Joseph in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com