ജനിക്കാത്ത കുഞ്ഞും ചില മാമോദീസാ പ്രശ്നങ്ങളും

kerala-assembly-niyamasabha-1248
SHARE

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയും നിയമസഭാ തിരഞ്ഞെടുപ്പും തമ്മിൽ എന്താണു ബന്ധം? ചോദ്യം സാദാ പൗരന്മാരോടാണെങ്കിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടും. എന്നാൽ കെ.ബാബു (തൃപ്പൂണിത്തുറ) ശരിയുത്തരം കണ്ടെത്താൻ തെല്ലും ബുദ്ധിമുട്ടിയില്ല. സർവകലാശാലയും തിരഞ്ഞെടുപ്പും ശ്രീനാരായണീയരുടെ വോട്ടും തമ്മിലുള്ള ബന്ധം കണ്ടെത്താൻ അദ്ദേഹത്തിലെ ശാസ്ത്രജ്ഞനു കഴിഞ്ഞു.

യുജിസിയുടെ വിദൂര–സമാന്തര വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അനുമതിയില്ലാതെ തുടങ്ങാൻ പോകുന്ന കോഴ്സുകൾ വിദ്യാർഥികളെ പെരുവഴിയിലാക്കുമെന്നു ബാബു കുറ്റപ്പെടുത്തി. കേരളത്തിലെ മറ്റു സർവകലാശാലകൾ ഇത്തരം കോഴ്സുകൾ നടത്തുന്നതു നിയമം മൂലം നിരോധിച്ചതോടെ വിദ്യാർഥികൾ ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തെത്തിയതുമില്ല എന്ന സ്ഥിതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പച്ചമലയാള പ്രയോഗങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല. അമ്മിക്കല്ലിനു കാറ്റു പിടിച്ചതു പോലുള്ള ഇരിപ്പ് എന്നു ബാബു പറഞ്ഞപ്പോൾ ജനിക്കും മുൻപു കുട്ടിയെ മാമോദീസ മുക്കണമെന്നാണോ ബാബു ആവശ്യപ്പെടുന്നതെന്ന് അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞ മന്ത്രി ആർ. ബിന്ദു ചോദിച്ചു. ജനിക്കും മുൻപേ കഴുത്തു ഞെരിച്ചു കൊന്ന കുട്ടിയെ മാമോദീസ മുക്കണമെന്നാണോ മന്ത്രി പറയുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുചോദ്യം ഉന്നയിച്ചു. കുട്ടിയെ ആരോഗ്യവാനും ഊർജ്വസ്വലനുമായി വളർത്തുമെന്നു മന്ത്രി അവകാശപ്പെട്ടു.

വിസി, പിവിസി, റജിസ്ട്രാർ നിയമനങ്ങളിൽ ചട്ടലംഘനം നടത്തിയതിനാൽ സർവകലാശാലയ്ക്കു യുജിസി അംഗീകാരം ലഭിക്കാനിടയില്ലെന്നും സതീശൻ പറഞ്ഞു. ഇതിനിടെ സതീശനും മുൻ മന്ത്രി കെ.ടി.ജലീലും തമ്മിലിടഞ്ഞു. ജലീലിനു വഴങ്ങാത്തതായിരുന്നു കാരണം.

വോട്ട് ഓൺ അക്കൗണ്ട് ചർച്ചയ്ക്കു തുടക്കമിട്ട കെ.ഡി.പ്രസേനൻ ദൃഷ്ടാന്ത കഥകളും ചമൽക്കാരങ്ങളും യഥേഷ്ടം പ്രയോഗിച്ചു. അമ്മമാർ മക്കളുടെ തെറ്റുകളെ ന്യായീകരിക്കാറുണ്ടെന്നും എന്നാൽ പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ചെയ്യുമ്പോൾ ‘പെറ്റമ്മ പൊറുക്കില്ല മക്കളേ’ എന്നു പറയുന്നതു പ്രതിപക്ഷം പിണറായി വിജയനെ കുറ്റപ്പെടുത്തുമ്പോഴും ബാധകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എൽദോസ് കുന്നപ്പിള്ളിൽ ജന്മനാ കവിയാണ്. എന്നാൽ ശാസ്ത്രവും അദ്ദേഹത്തിന് അന്യമല്ലെന്ന് ഇന്നലെ തെളിഞ്ഞു. ഡാനിഷ് ഊർജതന്ത്രജ്ഞൻ നീൽസ് ബോറിന്റെ ഉദ്ധരണിയിലാണു കുന്നപ്പിള്ളിൽ കൈ വച്ചത്. പരമമായ സത്യത്തിന്റെ എതിർവശം പരമമായ സത്യം മാത്രമാണ് എന്നതായിരുന്നു ആ ഉദ്ധരണി.

35 ഉപക്ഷേപങ്ങൾ, മുട്ടിനു മുട്ടിനു ക്രമപ്രശ്നങ്ങൾ, റൂളിങ്ങുകൾ... സഭ പിരിയാൻ ഏറെ വൈകി. അങ്ങനെ 15–ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനു ശുഭാന്ത്യം.

ഇന്നത്തെ വാചകം

സഭാ നടപടികളിൽ എനിക്ക് എ.എൻ.ഷംസീറിന്റെ ക്ലാസ് വേണ്ട-പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA