ADVERTISEMENT

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി തൃശൂർ ജില്ലയിലെ 3 റേഞ്ചു‍കളിൽ നിന്നും ഇടുക്കി വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു കടത്തി. 2020 ലെ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും തൃശൂരിലും ഇടുക്കിയിലും മരങ്ങൾ മുറിച്ചു കടത്തിയെന്നാണു വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 

തട്ടേക്കാട് റേഞ്ചിൽ മാത്രം 80ൽ അധികം വൃക്ഷങ്ങൾ കടത്തി. സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നും സർക്കാർ ഉടമസ്ഥതയിലുള്ള റവന്യുഭൂമിയിൽ നിന്നും മരം മുറിച്ചതായി ആരോപണമുണ്ട്.  തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചു‍കളിലാണു വ്യാപകമായി മരം വെട്ടിക്കടത്തിയത്. 500 വൻവൃക്ഷ‍ങ്ങളെങ്കിലും ഇവിടെ നിന്ന് മുറിച്ചു കടത്തി. കഴിഞ്ഞ നവംബർ മുതലാണ് വ്യാപകമായി മരം മുറിച്ചത്. 

മച്ചാട് മേഖലയിലെ പട്ടയഭൂമികളിൽ നിന്നു കടത്തിയ 85 തേക്ക് മലപ്പുറം വാണിയമ്പലത്തെ മില്ലിൽ നിന്ന് വനംവകുപ്പ് കണ്ടെത്തി. അടച്ചുപൂട്ടിയ പൊങ്ങണംകാട് സ്റ്റേഷന്റെ പരിധിയിലെ പൂമലയിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 തേക്ക് വെട്ടിക്കടത്തിയതായും കണ്ടെത്തി. 3 പാസ് ഉപയോഗിച്ചു മുറിച്ച മുഴുവൻ തടിയും കണ്ടെടുത്തതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് ഫർണിച്ചർ പണിയാൻ ഉപയോഗിച്ചെന്നു സൂചനയുണ്ട്. ഇതേസമയം, അനുമതി വാങ്ങി കൊണ്ടുവന്ന തടിയാണു മില്ലിൽ ഉള്ളതെന്ന് ഉടമ പറഞ്ഞു.  

ഒരുമാസം മുൻപു പൊങ്ങണംകാട്, വാണിയംപാറ, അകമല, പൂങ്ങോട് സ്റ്റേഷനുകൾ വനംവകുപ്പ് നിർത്തലാക്കിയത് കൊള്ള മറച്ചുവയ്ക്കാൻ വേണ്ടിയാണെന്ന വാദം ബലപ്പെട്ടിരിക്കയാണ്. മരംവെട്ടാൻ അനുവാദം നൽകിയ പട്ടയഭൂമിയുടെ ഉടമസ്ഥനെയും തടിക്കച്ചവടക്കാരനെയും വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും ഇവർക്കു ജാമ്യം നൽകിയതായി അറിയുന്നു. ഈ മേഖലയിൽ പാസ് നൽകിയതിന്റെ രേഖകളും മുക്കിയതായാണു സൂചന. ഇതിനിടെ, വനംകൊള്ളയ്ക്കു കുപ്രസിദ്ധി നേടിയ മാന്ദാമംഗലത്തു മുപ്പതോളം തേക്ക് വെട്ടിക്കടത്തിയതിന് 3 കേസുകൾ ഇന്നലെ റജിസ്റ്റർ ചെയ്തു. ഇവിടെയും പാസിന്റെ ഫയലുകൾ അപ്രത്യക്ഷമായതായി സൂചനയുണ്ട്. 

25 ലക്ഷം കോഴ നൽകിയെന്ന് റോജി അഗസ്റ്റിൻ

വയനാട് മുട്ടിലിൽ മരംമുറിക്കുന്നതിനു വനം വകുപ്പുദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ പറഞ്ഞു. ഡിഎഫ്ഒയ്ക്ക് 10 ലക്ഷവും റേഞ്ച് ഓഫിസർക്ക് 5 ലക്ഷവും നൽകി. ഓഫിസ് ജീവനക്കാർക്കും പണം നൽകി. റവന്യൂ ഉദ്യോഗസ്ഥർക്കു നൽകിയിട്ടില്ല. മരംമുറിക്കുന്നതുമായി ബന്ധപ്പെട്ടു വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറഞ്ഞു. 

സ്വന്തം പറമ്പിലെ 14 എണ്ണം ഉൾപ്പെടെ 56 മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണു മുറിച്ചത്. ലൈസൻസ് ഉപയോഗിച്ചു പെരുമ്പാവൂരിലാണു തടി എത്തിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തി വനത്തിൽ നിന്നു മരംമുറിച്ചതായി കാട്ടി കേസെടുത്തു. 

മരം മുറിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറുമായി നടത്തിയ ഫോൺ സംഭാഷണവും റോജി പുറത്തു വിട്ടു. ഡിഎഫ്ഒയ്ക്കു പണം നൽകിയതു സംബന്ധിച്ച പരാമർശവും ഇതിലുണ്ട്.

English Summary: Wood smuggling at Idukki, Thrissur districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com