ADVERTISEMENT

കോഴിക്കോട് ∙ വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്– ഹോഫ്) സ്ഥാനത്തേക്ക് സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ നടത്തിയ നിയമനത്തിനു തിരിച്ചടി. ഒരു മാസത്തേക്കു വനം മേധാവിയായി നിയമിക്കപ്പെട്ട ഡി.കെ. വർമയ്ക്ക് വകുപ്പിലെ ഏറ്റവും ഉയർന്ന ശമ്പളവും അതിന് അനുസൃതമായ പെൻഷനും നൽകാനുള്ള ശുപാർ‍ശ അക്കൗണ്ടന്റ് ജനറൽ തള്ളി.

ഉത്തരവ് അടുത്തയാഴ്ച സർക്കാരിന് അയയ്ക്കും. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന നിഗമനത്തോടെയാണ് ജി–1 സെക‍്ഷൻ ശുപാർശ തള്ളിയത്.

അടുത്ത വർഷം മേയ് വരെ സർവീസുള്ള ‘ഹോഫ്’ ആയ പി.കെ. കേശവൻ, 29 ദിവസത്തെ അവധിയിൽ പ്രവേശിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും താഴെയുള്ള വർമയെ ഹോഫ് ആക്കി സ്ഥാനക്കയറ്റം നൽകാൻ നിർദേശിക്കുകയുമാണ് ചെയ്തത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ– ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്നീ ചുമതലകൾ നൽകുന്നതിനൊപ്പം, മേയ് 31ന് വിരമിക്കാനിരിക്കുന്ന വർമയ്ക്ക് 2,25,000 രൂപയുടെ ഉയർന്ന ശമ്പളം അനുവദിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് അഡിഷനൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ സർവീസിലെ അവസാന ദിനം കൈപ്പറ്റിയ ഉയർന്ന ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനും ഇദ്ദേഹത്തിനു ലഭിക്കുമെന്നു വന്നു.

വനം മേധാവി സ്ഥാനത്തേക്കു നിയമനം ന‍ടത്താനുള്ള നടപടിക്രമങ്ങൾ ലംഘിച്ചു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ഇത്. അവധിയെടുത്ത കേശവനും ചുമതലയേറ്റ വർമയ്ക്കും മേയ് മാസത്തിൽ ‘ഹോഫി’ന്റെ ഉയർന്ന ശമ്പളം നൽകേണ്ട സ്ഥിതിയായി. അക്കൗണ്ടന്റ് ജനറലിന് പരാതി കിട്ടി. ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

English Summary: AG rejected Head Of Forest Force appointment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com