ADVERTISEMENT

തൃശൂർ ∙ പട്ടയഭൂമികളിലെ മരം കൊള്ളയിൽ ഭൂവുടമകൾക്കെതിരെ മാത്രം കേസെടുത്തു സ്വയം തടിതപ്പി വനംവകുപ്പ്. മരംമുറിക്കാൻ പാസ് അനുവദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസില്ല. പട്ടയഭൂമികളിൽ താമസിക്കുന്ന പാവപ്പെട്ട കർഷകരിൽ നിന്നു ചുളുവിലയ്ക്കു മരം വാങ്ങിക്കൊണ്ടുപോയ ഇടനിലക്കാരും നിയമ നടപടികളിൽ നിന്നു തലയൂരുന്നു. തൃശൂർ അടക്കം പല ജില്ലകളിലും തടി കണ്ടെടുക്കുകയോ ഇടനിലക്കാരെ പിടികൂടുകയോ ചെയ്യാതെ കർഷകരുടെ പേരിൽ കേസെടുത്തു നടപടി അവസാനിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ.

റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നൽകിയ പാസ് ഉപയോഗിച്ചാണ് പട്ടയഭൂവുടമകൾ മരം വിറ്റത്. മരംമുറിക്കാനുള്ള അനുമതിയാണ് പാസ് എന്നതിനാൽ പട്ടയഭൂവുടമകൾക്കെതിരായ കേസ് എങ്ങനെ നിലനിൽക്കുമെന്നതു ചോദ്യചിഹ്നമായി ശേഷിക്കുന്നു. കയ്യൊപ്പു വച്ച് പാസ് അനുവദിച്ചത് അതതു റേഞ്ചുകളിലെ റേഞ്ച് ഓഫിസർമാരാണ്. 

ഇവർക്കെതിരെ നിയമ നടപടിയില്ല. ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും രക്ഷിക്കാനുള്ള നീക്കത്തിന് ചില വനംവകുപ്പ് സ്റ്റേഷനുകളിൽ ജീവനക്കാർ തന്നെ എതിർശബ്ദം ഉയർത്തിയിട്ടുണ്ട്. 

ഇതോടെ, ആരുടെയും പേരിൽ കേസെടുക്കാതെ മരം നഷ്ടപ്പെട്ടെന്നു മാത്രം കാട്ടി മഹസ്സറെഴുതി കേസ് അവസാനിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

മരംകൊള്ള അന്വേഷിക്കാൻ ഇഡി അടക്കമുള്ള ഏജൻസികൾ എത്തുന്നുവെന്നു സൂചന ലഭിച്ചതോടെയാണ് തിരക്കിട്ടു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. നഷ്ടപ്പെട്ട മരങ്ങൾ തിരിച്ചുപിടിക്കണമെന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുംകാട്ടി ഫെബ്രുവരി 17നു വനംവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയിരുന്നില്ല.

കർഷകന് 5% മാത്രം

ഇടനിലക്കാർ ഭൂവുടമകളിൽ നിന്നു മരം വാങ്ങിയത് ചുളുവിലയ്ക്ക്. മരത്തിന്റെ യഥാർഥ വിലയുടെ 5% മാത്ര

  മാണു പലയിടത്തും കർഷകർക്കു ലഭിച്ചത്. 45% ഉദ്യോഗസ്ഥർക്കും മറ്റും ‘കമ്മിഷൻ’ ഇനത്തിൽ നൽകും. ബാക്കി 50% ഇടനിലക്കാർക്കും വ്യാപാരികൾക്കുമുള്ള ലാഭം. അവർ അതു വീതംവച്ചെടുക്കും.

പുലാക്കോട്ടെ ഒറ്റത്തേക്കിന് 54 ലക്ഷം; ഉടമയ്ക്ക് 3 ലക്ഷം

മച്ചാട് പുലാക്കോട്ടെ പട്ടയഭൂമിയിൽ നിന്ന് കൂറ്റൻ തേക്കുമരം മുറിച്ചുവിറ്റ വകയിൽ ഉടമയ്ക്കു ലഭിച്ചത് 3 ലക്ഷം രൂപ. പല കൈകളിലൂടെ മറിഞ്ഞ് വൻകിട മില്ലുടമ ഈ മരം വാങ്ങിയത് 54 ലക്ഷം രൂപയ്ക്ക്. 

തൃശൂർ മാന്ദാമംഗലം അടക്കം പല സ്ഥലങ്ങളിലും ഭൂവുടമകൾക്കു മരത്തിനു പ്രതിഫലമായി ലഭിച്ചത് ശരാശരി 25,000 – 30,000 രൂപ. ഈ മരങ്ങൾക്ക് ഓരോന്നിനും 5 ലക്ഷം രൂപയിലേറെയാണ് വിപണി മൂല്യം.

English Summary: Illegal tree felling Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com