ADVERTISEMENT

തിരുവനന്തപുരം ∙ ഉദ്യോഗസ്ഥ തലങ്ങളിൽ ദുഷ്പ്രവണത വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വില്ലേജ് ഓഫിസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഫയലുകൾ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണം. അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പൊതുജനങ്ങൾക്ക് ഓഫിസിൽ വരാതെ തന്നെ പരമാവധി സേവനം ലഭ്യമാക്കാൻ വില്ലേജ് ഓഫിസുകൾ നൽകുന്ന സേവനങ്ങൾ സ്മാർട്ട് ആക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ ഓരോ ഫയലും ഓരോ ജീവിതമാണ് എന്നു പറഞ്ഞത് ഇന്നും പ്രസക്തമാണ്. കെട്ടിടങ്ങളും വിവരസാങ്കേതിക സംവിധാനങ്ങളും സ്മാർട്ട് ആക്കിയതുകൊണ്ടു മാത്രം സേവനങ്ങൾ മെച്ചപ്പെടണമെന്നില്ല. ജീവനക്കാരുടെ മനോഭാവവും മാറണം. ഫയലുകൾ തീർപ്പാക്കാതെ സൂക്ഷിക്കുന്നത് അഴിമതിക്കുള്ള അരങ്ങൊരുക്കലാണ്. 

സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമായ സേവനം ലഭ്യമായില്ലെങ്കിൽ പൊതുജനങ്ങൾക്ക് സർക്കാർ ഓഫിസുകളോട് അതൃപ്തിയുണ്ടാകും. ഏതെങ്കിലും ഒരു ഓഫിസിൽ നിഷേധാത്മകമായ സമീപനം പൊതുജനങ്ങളോട് സ്വീകരിക്കുമ്പോൾ അവിടെ ചെല്ലുന്നവർ സർക്കാരിന് എതിരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ രണ്ടിനകം ഓൺലൈനാകും

ഒക്ടോബർ രണ്ടിനകം വില്ലേജ് ഓഫിസുകളിൽനിന്നുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ടു വർഷം കൊണ്ട് 1666 വില്ലേജുകളിലും ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കും. 

റവന്യു വകുപ്പ് മുഖേന വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ ഓൺലൈനാക്കുമെന്നും ഭൂനികുതി അടയ്ക്കുന്നതിനായി മൊബൈൽ ആപ് കൊണ്ടുവരുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

‘ഒരേ സേവനത്തിന് ജനങ്ങളെ പലതവണ ഓഫിസുകളിൽ എത്തിക്കുന്നതും ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാത്തതും ഓൺലൈൻ അപേക്ഷകളിൽ മതിയായ കാരണങ്ങളില്ലാതെ ജനങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തിൽപെടും. ഇതൊന്നും അനുവദിക്കാനാവില്ല.’

മുഖ്യമന്ത്രി പിണറായി വിജയൻ

English Summary: Pinarayi Vijayan online meet with village officer's

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com