ADVERTISEMENT

കൊച്ചി∙നിർദിഷ്ട കൊച്ചി– തേനി ദേശീയപാത (എൻഎച്ച് 85) നിർമാണത്തിനു എറണാകുളം ജില്ലയിൽ ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി ആരംഭിച്ചു. കുന്നത്തുനാട്, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 19 വില്ലേജുകളിലൂടെയാണു ജില്ലയിൽ പാത കടന്നു പോകുന്നത്. ഇടുക്കി ജില്ലയിൽ ഭൂമിയേറ്റെടുക്കാനായി സ്പെഷൽ തഹസ‌ിൽദാർ ഓഫിസ് തുറക്കാൻ റവന്യു വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. 1489 കോടി രൂപയാണു ഭൂമിയേറ്റെടുക്കാൻ അനുവദിച്ചിരിക്കുന്നത്.

4 വരി പാതയാണു നിർമിക്കുക. ഭൂമിയേറ്റെടുക്കാനാവശ്യമായ തുകയുടെ 25% (372 കോടി) സംസ്ഥാന വിഹിതം കിഫ്ബി വഴി നൽകും. 238.89 ഹെക്ടർ ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 10,236 കോടി രൂപയാണു റോഡ് നിർമാണത്തിനു ചെലവാക്കുക. മരടിനു സമീപം തുടങ്ങി ഇടുക്കി ജില്ലയിൽ കേരള അതിർത്തിയിലെ ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ (163 കിമീ) സർവേ നടപടികൾ വൈകാതെ ആരംഭിക്കും. 

കൊച്ചി–ധനുഷ്കോടി പാതയ്ക്കു സമാന്തരമായാണു പുതിയ പാതയുടെ അലൈൻമെന്റ്. കൊച്ചി- തേനി ദൂരം 100 കിലോമീറ്ററോളം കുറയും. തൃപ്പൂണിത്തുറ ബൈപാസിനായി ഏറ്റെടുത്ത ഭൂമിയും ദേശീയപാത അലൈൻമെന്റിൽ ഉൾപ്പെടുത്തുമെന്നാണു സൂചന. ചില സ്ഥലങ്ങളിൽ നിലവിലുള്ള ചില റോഡുകളും ദേശീയപാതയുടെ ഭാഗമായി വികസിപ്പിക്കും. ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, കുരീക്കാട്, നടമ, തെക്കുംഭാഗം,തിരുവാങ്കുളം, മരട്, ഏനാനല്ലൂർ, കല്ലൂർക്കാട്, മഞ്ഞളൂർ,മുവാറ്റുപുഴ, ആരക്കുഴ, മാറാടി, മേമുറി, രാമമംഗലം, ഓണക്കൂർ,തിരുമാറാടി, നേര്യമംഗലം, കടവൂർ എന്നീ വില്ലേജുകളിലൂടെയാണു ജില്ലയിൽ പാത കടന്നു പോകുക. ഇടുക്കി ജില്ലയിലെ 3 (എ) വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. 

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലൂടെയാണു ദേശീയപാതയുടെ അലൈൻമെന്റ്. കേന്ദ്രത്തിന്റെ ഭാരതമാല പദ്ധതിയിലുൾപ്പെടുത്തിയാണു കൊച്ചി–തേനി ഗ്രീൻഫീൽഡ് കോറിഡോർ നിർമിക്കുന്നത്.

English Summary: Kochi -Theni national highway land acquisition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com