ADVERTISEMENT

കൊല്ലം∙ വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ. വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നു. അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകൾ പറഞ്ഞതെന്നും സജിത പറഞ്ഞു.

കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു.

പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻ‍പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്.

അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി– സജിത പറയുന്നു.

പരീക്ഷയെഴുതാൻ കോളജിൽ പോയ വിസ്മയയെ കിരൺ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും വിവരങ്ങൾ അച്ഛനെയും എന്നെയും അറിയിക്കാതിരിക്കാൻ വിസ്മയയുടെ ഫോണിൽ ഞങ്ങളുടെ ഫോൺ നമ്പരുകൾ അയാൾ ബ്ലോക്ക് ചെയ്തതായും സഹോദരൻ വിജിത്ത് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ സഹോദരി വിഷമിക്കുന്ന സമയത്താണ് എന്റെ വിവാഹം നടക്കുന്നത്. അതുകൊണ്ട് സ്ത്രീധനം ഒഴിവാക്കാൻ എന്റെ വിവാഹസമയത്ത് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. എന്റെ വിവാഹം അച്ഛനും അമ്മയും ചേർന്ന് കിരണിന്റെ വീട്ടിൽപോയി വിളിച്ചെങ്കിലും ആരും വന്നില്ല – വിജിത്ത് പറയുന്നു.

English Summary: Kiran beat Vismaya even before marriage says her mother Sajitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com