പൂവച്ചൽ ഖാദർ അന്തരിച്ചു

poovachal
പൂവച്ചൽ ഖാദർ
SHARE

തിരുവനന്തപുരം ∙ മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ(72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം  12.15ന് ആയിരുന്നു. സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. 

മുന്നൂറ്റിയൻപതിലേറെ സിനിമകൾക്കായി ആയിരത്തിലേറെ ഗാനങ്ങൾക്കൊപ്പം ഒട്ടേറെ ലളിത ഗാനങ്ങളും നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ‘കളിവീണ’ എന്ന കവിത സമാഹരവും രചിച്ചു.  

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ സ്വദേശിയായ അദ്ദേഹം പേരിനൊപ്പം ചേർത്തു നാടിന്റെ ഖ്യാതി വളർത്തുകയായിരുന്നു. അബൂബക്കറിന്റെയും റാബിയത്തുൽ അദബിയ്യ ബീവിയുടെയും മകനായി 1948 ഡിസംബർ 25നു ജനിച്ച ഖാദർ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കയ്യെഴുത്തു മാസികകളിൽ കവിതകളെഴുതിയിരുന്നു. 

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ നിന്നു ബിരുദം നേടി പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി. 1972-ൽ വിജയനിർമല സംവിധാനം ചെയ്‌ത ‘കവിത’ എന്ന ചിത്രത്തിനായി ഏതാനും കവിതകൾ എഴുതിയാണു ചലച്ചിത്ര  ലോകത്തേക്കു ചുവടുവച്ചത്. സലാം കാരശ്ശേരിയുടെ ‘ചുഴി’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യം പാട്ടെഴുതിയതെങ്കിലും ആദ്യം റിലീസായതു ‘കാറ്റു വിതച്ചവൻ’ എന്ന ചിത്രമാണ്. അതിലെ ‘നീയെന്റെ പ്രാർഥന കേട്ടു’ എന്ന ക്രിസ്തീയ ഭക്തിഗാനമടക്കം ശ്രദ്ധേയമായി. 1975ൽ പുറത്തിറങ്ങിയ ‘ഉത്സവ’ത്തിനുവേണ്ടി എഴുതിയ ഗാനങ്ങളും ഹിറ്റായി. 1978ൽ ‘കായലും കയറും’ എന്ന ചിത്രത്തിലെ ‘ശരറാന്തൽ തിരിതാണു...’ അടക്കമുള്ള എല്ലാ ഗാനങ്ങളും ഹിറ്റായതോടെ തിരക്കേറി. അതോടെ അവധിയെടുത്തു  മദ്രാസിലേക്കു ചേക്കേറി. ഒന്നര പതിറ്റാണ്ടോളം അവിടെ താമസിച്ചായിരുന്നു പാട്ടെഴുത്ത്.  പലവർഷങ്ങളിലും മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്കു പാട്ടെഴുതിയത് അദ്ദേഹമായിരുന്നു. ചാമരം, ഒരു കുടക്കീഴിൽ, പാളങ്ങൾ, തമ്മിൽ തമ്മിൽ, നിറക്കൂട്ട്, ദശരഥം, തകര, താളവട്ടം തുടങ്ങിയ സിനിമകളിലെയെല്ലാം ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനകളാണ്. 

തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി തിരികെ ജോലിയിൽ പ്രവേശിച്ചതോടെ സിനിമാ ലോകവുമായുള്ള ബന്ധം കുറഞ്ഞു. തിരുമലയിലായിരുന്നു താമസം. ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന

English Summary: Poovachal Khader passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA