ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിനൊപ്പം സഹ സംഘടനകളുടെ പ്രവർത്തനത്തിലും കാതലായ മാറ്റത്തിനു പുതിയ കെപിസിസി നേതൃത്വം മുൻകൈ എടുക്കുന്നു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും അംഗത്വ, തിരഞ്ഞെടുപ്പു ശൈലി പൂർണമായി മാറ്റണമെന്നു ഹൈക്കമാൻഡിനോടു സംസ്ഥാന നേതൃത്വം ആവശ്യപ്പെടും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർദേശങ്ങൾ രേഖാമൂലം നൽകും.

യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രവർത്തന ശൈലിയിൽ രാഹുലിന്റെ നേതൃത്വം വരുത്തിയ പൊളിച്ചെഴുത്ത് ഇവിടെ ഇരു സംഘടനകളെയും പ്രതികൂലമായി ബാധിച്ചെന്നു തുറന്നു പറയാനാണു സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഓൺലൈൻ അംഗത്വ രീതിയും ഭാരവാഹി തിരഞ്ഞെടുപ്പിനായി ആവിഷ്കരിച്ച പ്രത്യേക സമ്പ്രദായവും ഉപേക്ഷിച്ചു കേരളത്തിന്റെ സാഹചര്യത്തിന് ഇണങ്ങുന്ന തരത്തിൽ തിരഞ്ഞെടുപ്പു നടത്താൻ അനുവദിക്കണമെന്നു സുധാകരൻ ആവശ്യപ്പെടും. രാഷ്ട്രീയകാര്യ സമിതിയിലും അതിനു മുൻപായുള്ള നേതാക്കളുടെ കൂടിയാലോചനയിലും ഇക്കാര്യം ഉയർന്നു. യൂത്ത് കോൺഗ്രസും കെഎസ്‍യുവും ഗതകാല പ്രതാപം വീണ്ടെടുത്താലേ കോൺഗ്രസിനും മുന്നോട്ടു വരാൻ കഴിയൂവെന്നാണു നേതൃത്വം കരുതുന്നത്.

കെപിസിസി–ഡിസിസി മാറ്റം

14 ഡിസിസികളിലും പുതിയ പ്രസിഡന്റ് വരുന്നതു വരെ നിലവിലുള്ളവർ സാങ്കേതികമായി തുടരും. പുതിയ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും ഒരുമിച്ചു വരും. ഡിസിസി പ്രസിഡന്റുമാരായി മികച്ച പ്രവർത്തനം കാഴ്ച വച്ച ചിലരെ കെപിസിസി ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരും. ജനപ്രതിനിധികൾക്കു കെപിസിസി ഭാരവാഹികളാകാൻ വിലക്കില്ലെങ്കിലും മറ്റുള്ളവർക്കു മുൻഗണന നൽകാനാണു ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ ഒഴിവാക്കി നിർത്തില്ലെങ്കിലും അധിക പരിഗണന ഉണ്ടാകില്ല. കെപിസിസി ഭാരവാഹിത്വത്തിലേക്കു പട്ടിക സമർപ്പിക്കാൻ ഗ്രൂപ്പ് നേതൃത്വങ്ങളെ ചുമതലപ്പെടുത്തുന്ന കീഴ്‌വഴക്കം സുധാകരൻ ഒഴിവാക്കും. പകരം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കാനാണു നീക്കം. അഴിച്ചുപണിക്ക് 3–4 മാസം വേണ്ടിവരുമെന്നാണു സുധാകരൻ അറിയിച്ചതെങ്കിലും രണ്ടു മാസത്തിനകം തീർക്കുകയാണു ലക്ഷ്യം.

അനുനയപ്പെട്ട് ഗ്രൂപ്പുകൾ

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ രാഹുൽ ഗാന്ധി ചർച്ചയ്ക്കു വിളിച്ചതോടെ എ–ഐ ഗ്രൂപ്പുകളുടെ പരിഭവം കുറഞ്ഞു. ഇരു നേതാക്കളെയും വിശ്വാസത്തിലെടുത്തു മാത്രമേ നീങ്ങൂവെന്നു സുധാകരനും വ്യക്തമാക്കി. എന്നാൽ ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് സമ്മർദങ്ങൾ അരുതെന്ന് ഇരുവരോടും അദ്ദേഹം അഭ്യർഥിച്ചു. കാര്യപ്രാപ്തി ഉള്ളവരെ ഗ്രൂപ്പിന്റെ പേരിൽ മാറ്റിനിർത്തില്ലെന്നു വ്യക്തമാക്കി. ദിവസവും പരസ്പരം ചർച്ച വേണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുധാകരനും ധാരണയിലെത്തി.

ബിജെപിക്കെതിരെ സന്ധിയില്ലാത്ത നിലപാടു തന്നെ സുധാകരൻ സ്വീകരിക്കണമെന്നു രാഷ്ട്രീയ കാര്യസമിതിയിൽ നിർദേശം വന്നു. കളങ്കിതരായവരെ ഇന്ദിരാ ഭവനിൽ അദ്ദേഹം അടുപ്പിക്കരുതെന്ന ആവശ്യവും ഉണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാനുള്ള മേഖലാ സമിതിയിലെ അംഗങ്ങളെ അടുത്ത ദിവസം പ്രഖ്യാപിക്കും. എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു സുധാകരൻ സമയം ചോദിച്ചെങ്കിലും അടുത്ത ആഴ്ചയേ ഡൽഹി യാത്രയ്ക്കു സാധ്യത ഉള്ളൂ.

English Summary: KPCC to revamp Youth Congress and KSU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com