ADVERTISEMENT

തിരുവനന്തപുരം ∙ അടിക്കടി വിവാദ പ്രതികരണങ്ങൾ നടത്തുന്ന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണോയെന്നു സിപിഎം നേതൃത്വം പരിശോധിക്കും. സാധാരണഗതിയിൽ ഭരണം മാറുമ്പോൾ വനിതാ കമ്മിഷൻ പോലെയുള്ള രാഷ്ട്രീയ നിയമനങ്ങൾ നേടിയവർ രാജി വയ്ക്കുകയാണ് പതിവ്. എന്നാൽ തുടർഭരണം ആയതോടെ ഇതു വേണ്ടിവന്നില്ല.

2017 മേയ് 27നാണ് ജോസഫൈനെ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 5 വർഷ കാലാവധി പൂർത്തിയാക്കാൻ അവർക്ക് ഇനിയും ഒരു വർഷത്തിൽ താഴെ ബാക്കിയുണ്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഭരണം മാറുന്ന ഘട്ടത്തിൽ ചെയ്യുന്ന അഴിച്ചുപണി കമ്മിഷനിലും പാർട്ടി പരിഗണിക്കും. പ്രതികരണത്തെ ആദ്യം ന്യായീകരിച്ച ജോസഫൈൻ ഒടുവിൽ ഖേദത്തിനു തയാറായത് പാർട്ടി നിർദേശ പ്രകാരമാണ്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈൻ എന്നതാണ് പാർട്ടി നേതൃത്വത്തിനുള്ള പരിമിതി. ഉയർന്ന ഘടകത്തിൽ അംഗമായ മുതിർന്ന വനിതാ നേതാവിനെ പുറത്താക്കാൻ നേതൃത്വത്തിനു ബുദ്ധിമുട്ടുണ്ട്. എന്നാൽ, ഒടുവിൽ അവർ പങ്കെടുത്ത ചാനൽ ചർച്ചയിലെ ശരീരഭാഷയും പ്രതികരണ രീതിയും ‘എങ്കിൽ അനുഭവിക്ക്’ എന്ന് പരാതിക്കാരിയോടു നടത്തിയ പ്രതികരണവും ശക്തമായ അമർഷമാണ് നേതൃത്വത്തിൽ ഉയർത്തിയത്.

സ്ത്രീകളുടെ പ്രശ്നങ്ങളോട് പ്രതിബദ്ധതയുള്ള ആളായിരിക്കണം കമ്മിഷൻ ചെയർമാനും അംഗങ്ങളും എന്നാണ് വനിതാകമ്മിഷൻ രൂപീകരിച്ചുള്ള നിയമത്തിൽ തന്നെ വ്യക്തമാക്കുന്നത്. എ.കെ. ആന്റണി ആദ്യ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത് മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയെ ആയിരുന്നു

സ്ത്രീധന പീഡന മരണങ്ങൾ സമൂഹ മനസ്സാക്ഷിയെ പ്രക്ഷുബ്ധമാക്കിയ സമയത്താണ് ഒരു ഇരയുടെ ഫോണിലെ പരാതി കേട്ട് കമ്മിഷൻ അധ്യക്ഷ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് സമൂഹം നേരിട്ടു കാണുന്നത്. ‘മാറണം മനോഭാവം സ്ത്രീകളോട്’ എന്ന പേരിൽ സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാംപെയ്ൻ പ്രഖ്യാപിച്ച വേളയിൽ ആരുടെ മനോഭാവമാണ് മാറേണ്ടത് എന്ന ചോദ്യം പാർട്ടി നേരിടുന്നു.

നേരത്തെ കോടതിയും പൊലീസ് സ്റ്റേഷനും എല്ലാം പാർട്ടി തന്നെ എന്ന ജോസഫൈന്റെ പ്രതികരണവും ചില്ലറ പരുക്കല്ല സിപിഎമ്മിനു വരുത്തിയത്. 87 വയസ്സുള്ള പരാതിക്കാരിയെ അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി മുൻപ് കഥാകൃത്ത് ടി.പത്മനാഭനും ജോസഫൈന് എതിരെ പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ സൈബർ സഖാക്കളും പാർട്ടി അനുഭാവികളായ എഴുത്തുകാരും എല്ലാം അധ്യക്ഷയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

നേരത്തെ കമ്മിഷന് ഉള്ളിൽനിന്നു തന്നെ ജോസഫൈനെതിരേ പ്രതിഷേധം ഉരുണ്ടു കൂടിയിരുന്നു. ജീവനക്കാരായ സ്ത്രീകളോട് മയമില്ലാതെ പെരുമാറുന്നുവെന്ന ആക്ഷേപം ശക്തമായി. ഇക്കാര്യം അവർ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നേതൃത്വം അവരോടു സംസാരിക്കുകയും ചെയ്തിരുന്നു.

English Summary: protest against MC Josephine

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com