ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയിൽ നിന്നു ഡിജിപി ടോമിൻ തച്ചങ്കരിയെ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി ഒഴിവാക്കി.

വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത് എന്നിവരാണു പട്ടികയിലുള്ളത്. ഈ പട്ടിക സംസ്ഥാന സർക്കാരിനു സമിതി കൈമാറും. അതിൽ ഒരാളെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ നിയമിക്കും. 2 വർഷമാണു കാലാവധി. 

മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ടോമിൻ തച്ചങ്കരിയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതു സർക്കാർ വൃത്തങ്ങളെ അമ്പരപ്പിച്ചു.

30 വർഷം സർവീസ് പൂർത്തിയാക്കിയ 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്. അതിൽ സീനിയോറിറ്റിയിൽ ഒന്നാമനായ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ ഈ പദവിയിലേക്കു തന്നെ പരിഗണിക്കേണ്ടതില്ലെന്നു ഇന്നലെ സമിതി യോഗത്തിനു മുൻപു രേഖാമൂലം അറിയിച്ചു. സമിതി സമ്മതം ചോദിച്ചപ്പോഴായിരുന്നു ഇത്.

രണ്ടാം സ്ഥാനം തച്ചങ്കരിക്കായിരുന്നു. എന്നാൽ അവിഹിത സ്വത്ത് സമ്പാദന കേസ് ഉൾപ്പെടെ അദ്ദേഹത്തിനെതിരെ പല ആക്ഷേപങ്ങളും സമിതി മുൻപാകെ ഉണ്ടായിരുന്നു. 

തച്ചങ്കരിയെ ഒഴിവാക്കിയതോടെ സീനിയോറിറ്റിയിൽ 3 മുതൽ 5 വരെയുള്ള സ്ഥാനക്കാർ പട്ടികയിൽ ഇടം നേടി. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയാണു നിലവിൽ തച്ചങ്കരി .

കേരളത്തിലെ 11 എസ്പിമാർക്ക് ഐപിഎസ് നൽകാനും സമിതി തീരുമാനിച്ചു. 2018 ലെ 11 ഒഴിവിലേക്കായി 30 എസ്പിമാരുടെ പട്ടികയാണു കേരളം നൽകിയത്. ഇതിൽ സീനിയോറിറ്റിയിൽ ആദ്യമുള്ള 11 പേർക്കാവും ഐപിഎസ് ലഭിക്കുക.

യുപിഎസ്‌സി അംഗം സ്മിത നാഗരാജ്, സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്, ആഭ്യന്തര മന്ത്രാലയ സ്പെഷൽ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു സമിതിയിലുണ്ടായിരുന്നത്.

English Summary: Tomin Thachankary excluded from DGP List

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com