ADVERTISEMENT

കോഴിക്കോട് ∙ രാമനാട്ടുകാര വാഹനാപകടം നടന്ന ദിവസം കൊടുവള്ളി സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നത് അർജുന്റെ കയ്യിൽ സ്വർണമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് ഇന്നലെ അറസ്റ്റിലായ ടി.കെ. സൂഫിയാന്റെ മൊഴി. കൊടുവള്ളി സംഘത്തിനെത്തുന്ന കള്ളക്കടത്തു സ്വർണം സ്ഥിരമായി തട്ടിയെടുക്കുന്ന അർജുനെ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം.

എന്നാൽ, ചെർപ്പുളശ്ശേരി സംഘം അർജുന്റെ കയ്യിൽ സ്വർണമുണ്ടെന്ന ധാരണയിലാണ് പിന്തുടർന്നതെന്നും സൂഫിയാൻ പൊലീസിനോട് പറഞ്ഞു. അർജുനെ കൊലപ്പടുത്തുകയായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തിന് ‘കൊലപ്പെടുത്തുകയല്ല, പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം’ എന്നായിരുന്നു മറുപടി. അർജുനെ വധിക്കാനുള്ള ക്വട്ടേഷൻ ഇവർക്കുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി കൊടുവള്ളി സംഘം കടത്തിയ സ്വർണം ഇരുപത്തഞ്ചോളം തവണയാണ് അർജുൻ തട്ടിയെടുത്തത്. ഇതോടെയാണ് അർജുനെ പൂട്ടാൻ കൊടുവള്ളി സംഘം തീരുമാനിച്ചതും കൊടുവള്ളി സ്വദേശിയായ സുഹൃത്ത് സൂഫിയാനെ ദൗത്യം ഏൽപ്പിച്ചതും. അടിവാരം, താമരശ്ശേരി, കൊടുവള്ളി, മഞ്ചേരി സ്വദേശികളെ ഉൾപ്പെടുത്തിയാണ് സൂഫിയാൻ സംഘം രൂപീകരിച്ചത്.

ദുബായിലുള്ള താമരശ്ശേരി സ്വദേശി മൊയ്തീനാണ് ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. അറസ്റ്റിലായ മടക്കൽ മുബഷീറാണ് ഈ സംഘത്തെ ഏകോപിപ്പിച്ചത്. സൂഫിയാൻ ആയിരുന്നു രണ്ടു സംഘങ്ങൾക്കും ഇടയിലെ കണ്ണി. സൂഫിയാൻ പറഞ്ഞ സുഹൃത്തിനായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം.

ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായാണ് കൊടുവള്ളി സംഘമെത്തിയത്. റോഡിൽ ലോറി കുറുകെയിട്ട് അർജുനെ തടയുകയായിരുന്നു ലക്ഷ്യം. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കുക മാത്രമായിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന്റെ ദൗത്യം. സ്വർണവുമായി എത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതറിഞ്ഞ് അർജുൻ പെട്ടെന്നു മടങ്ങിയതോടെ ഈ പ്ലാൻ നടന്നില്ല. അർജുനെ പിന്തുടർന്നു പിടികൂടാനായിരുന്നു അടുത്ത ശ്രമം.

കൊടുവള്ളി സംഘം അർജുന്റെ വാഹനത്തെ പിന്തുടരുന്നതു കണ്ട്, സ്വർണം അർജുന്റെ കയ്യിൽ എത്തിയെന്നു തെറ്റിദ്ധരിച്ചാണ് ചെർപ്പുളശ്ശേരി സംഘത്തിലെ 5 പേർ സഞ്ചരിച്ച ജീപ്പ് ഇവരെ പിന്തുടർന്നത്. ഒരു ഘട്ടത്തിൽ ഇവർ കൊടുവള്ളി സംഘത്തെയും മറികടന്നു മുന്നിലെത്തി. എന്നാൽ കാരിയറെ പിടികൂടിയ വിവരമറിഞ്ഞതോടെ ചെർപ്പുളശ്ശേരി സംഘം മടങ്ങി. 

അമിതവേഗതയിലായിരുന്ന അർജുനെ പിടികൂടാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോഴാണ് തങ്ങൾ മടങ്ങിയതെന്നു സൂഫിയാൻ പറയുന്നു. മടക്കയാത്രയിലാണ് അപകടമുണ്ടായത്. സംഭവത്തിനു ശേഷം താമരശ്ശേരി ചുരത്തിനു സമീപത്തുള്ള സുഹൃത്തിന്റെ കൃഷിയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ചതായും സൂഫിയാൻ പൊലീസിനോടു പറഞ്ഞു.

English Summary: Gold smuggling case accused soofiyan statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com