ADVERTISEMENT

തിരുവനന്തപുരം ∙ വാങ്ങുന്ന മത്സ്യത്തിന്റെ പൂർണവിവരങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ‘മിമി ഫിഷ്’ എന്ന മൊബൈൽ ആപ്പിലൂടെ മത്സ്യത്തിന്റെ ചില്ലറ വിൽപന ആരംഭിക്കാൻ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു.  കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യം എന്നതു മുതൽ മത്സ്യബന്ധന തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരം ഉൾപ്പെടെ ഉപഭോക്താക്കൾക്ക് അറിയാനാകും എന്നതാണ് ആപ്പിന്റെ പ്രത്യേകത. 

മത്സ്യ‍ത്തിനും മൂല്യവർധിത ഉൽപന്നങ്ങൾക്കുമായി വിൽപനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാ‍നവുമാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക്  സമീപത്തുള്ള മി‍മി സ്റ്റോർ വഴിയോ ആപ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീൻ, ഉണക്കമീൻ, മീൻ കറി, മീൻ അച്ചാറുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിൽപനയ്ക്കെത്തിക്കുന്നത്.  

തീരദേശ വികസന കോർപറേഷന്റെ ‘പരിവർത്തനം’ പദ്ധതിക്കു കീഴിലാണ് സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മിമി ഫി‍ഷിന്റെ സേവനങ്ങൾ ആദ്യം ലഭ്യമാ‍കുകയെന്ന് പരിവർത്തനം പദ്ധതി ചീഫ് ഓഫ് ഓ‍പ്പറേഷൻസ് റോയ് നാ‍ഗേന്ദ്രൻ പറഞ്ഞു.  

കരയി‍ലെത്തും മുൻപ് വില 

കരയി‍ലെത്തുന്ന സമയം കണക്കാക്കാതെ തന്നെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിശ്ചിത വില ലഭ്യമാക്കും. മിമി ഫി‍ഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്ന ഐസ് പെട്ടികളിലാകും നൽകുക. മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തി‍ന്റെയും തൊഴിലാളികളുടെയും വിവരങ്ങൾ എന്നിവ ഇതുവഴി ലഭ്യമാകും.  

വൈദ്യുതി തടസ്സം ശീതീകരണത്തെ ബാധിക്കാതിരിക്കാനുള്ള സംവിധാനം മിമി സ്റ്റോറു‍കളിലുണ്ടാകും. മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്താൻ ഇത് സഹായിക്കും. അത്യാധുനിക രീതിയിൽ പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിലാകും ഹോം ഡെലിവറി.

English Summary: MIMI fish app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com