ADVERTISEMENT

തൃശൂർ ∙ ഇടതുപക്ഷം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ – നിക്ഷേപത്തട്ടിപ്പുകളുടെ വ്യാപ്തി 300 കോടി രൂപയ്ക്കു മുകളിലെന്നു നിഗമനം. സഹകരണ വകുപ്പ് ഇൻസ്പെക്ടർമാർ ജോയിന്റ് റജിസ്ട്രാർക്കു നൽകിയ റിപ്പോർട്ടുകളും ഇടപാടുകാർ നൽകിയ പരാതികളും ക്രോഡീകരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി 300 കോടിക്കു മുകളിലെന്നു പ്രാഥമിക നിഗമനത്തിലെത്തിയത്. 

കേസിലെ മുഖ്യപ്രതികളിലൊരാളായ മുൻ മാനേജർ എം.കെ. ബിജു മുൻകൈ എടുത്ത് 379 വായ്പകൾ പാസാക്കിയെന്നും കണ്ടെത്തി. കേസ് ക്രൈം ബ്രാഞ്ചിനു വിട്ടു. ബാങ്ക് രേഖകൾ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതികളെ അറസ്റ്റു ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല. 

എൽഡിഎഫ് നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 125 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടന്നുവെന്ന പരാതിയിൽ ബാങ്കിന്റെ മുൻ സെക്രട്ടറിയും മാനേജരുമടക്കം  6 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ മൂന്നിരട്ടിയിലേറെ രൂപയുടെ ക്രമക്കേടുകൾ പ്രതികൾ നടത്തി എന്നാണ് സഹകരണ വകുപ്പിന്റെ പ്രാഥമ‍ിക കണ്ടെത്തൽ. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ തട്ടിപ്പ് മൂടിവയ്ക്കാൻ ഉന്നതതല ശ്രമം നടന്നെന്ന ആരോപണം പുകയുമ്പോഴും ഭരണസമിതി പിരിച്ചുവിടാൻ  നടപടി സ്വീകരിച്ചിട്ടില്ല. 

കരുവന്നൂർ ബാങ്ക് ക്രമക്കേട്: കോടികൾ കടമെടുത്തത് അംഗങ്ങൾ അറിയാതെ

തൃശൂർ ∙ സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെ പാർട്ടി അംഗങ്ങളുടെ പേരിൽ അവരറിയാതെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു കോടികൾ കടമെടുത്തു. സിഐടിയു അംഗങ്ങളായ തൊഴിലാളികൾ അടക്കമുള്ള പലരും ഇപ്പോൾ കടക്കെണിയിലാണ്.

50,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നൽകിയ ശേ‌ഷമാണ് രേ‌ഖകളിൽ ഒപ്പുവാങ്ങി 50 ലക്ഷം വീതം അവര‌റിയാതെ വായ്പയെടുത്തത്. ഇതിൽ 6 പേർ സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികളും ഓട്ടോക്കാരുമാണ്. തങ്ങളുടെ പേരിൽ വായ്പ എടുത്തെന്ന് അവർ ഇരിങ്ങാലക്കുടയിലെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

ജില്ലാ സെക്രട്ടേ‌റിയറ്റിലുണ്ടായിരുന്ന നേതാക്കളിൽ ചിലർ തന്നെയാണു ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഒരിക്കൽ പോലും ഇക്കാര്യം ചർച്ച ചെയ്യുകയോ ജില്ലാ നേതൃത്വത്തെ അറിയിക്കുകയോ ചെയ്തില്ല. പിന്നീട് വിവരമറിഞ്ഞ ജില്ലാ നേതൃത്വം പ്ര‌‌ശ്നം അവിടെ തീർക്കാൻ നിർദേശിച്ചു. പാർട്ടിക്കു വിവരം കിട്ടിയ ശേഷവും 100 കോടിയിലേറെ രൂപ വായ്പയെടുത്തെന്നും സൂചനയുണ്ട്.

തട്ടിപ്പുകാർക്ക് സഹായകമായ രീതിയിൽ സിപിഎം 2 കാര്യങ്ങൾ കൂടി ചെയ്തു. ഓഡിറ്റിനു പാർട്ടി സഖാക്കളെ മാത്രം നിയോഗിച്ചു. തട്ടിപ്പു കണ്ടെത്താൻ ഉത്തരവാദിത്തപ്പെട്ട സഹകരണ റജിസ്ട്രാർ ഓഫിസുകളിലെ പ്രധാന കസേരകളിൽ പാർട്ടിക്കു വേണ്ടപ്പെട്ടവരെ മാത്രം സ്ഥിരമായി നിയോഗിക്കുകയും ചെയ്തു. ഒരേ പേരിൽ തുടർച്ചയായി വായ്പകൾ കൊടുത്തതും വലിയ സംഖ്യ മതിയായ ഈടില്ലാതെ നൽകിയതും മാത്രം കണ്ടാൽ തട്ടിപ്പു കണ്ടെത്തുമായിരുന്നു. 

വലിയ വായ്പകൾ എല്ലാം ഭരണസമിതി അ‌റിഞ്ഞിരിക്കണമെന്നിരിക്കെ 300 കോടി രൂപ വായ്പയായി നൽകിയതു അവരുടെ അറിവോടെയല്ലെന്ന വാദം ശരിയല്ല. മാത്രമല്ല നി‌‌ക്ഷേപ– വായ്പ അനുപാതം തെറ്റിയതും റിസർവ് മണി ഇല്ലാതായതും ഭരണസമിതി അറിയാതെ ബാങ്കിനു മുന്നോട്ടു പോകാനാകില്ല. സിപിഎം നേതാക്കളടങ്ങിയ ഭരണസമിതിക്ക് ഇതേക്കുറിച്ചു കൃത്യമായ ധാരണയുണ്ടായിരുന്നെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

ജപ്തിയിലായ ഭൂമി ഈടുവച്ച് നൽകിയത് 1.85 കോടി രൂപ

തൃശൂർ ∙ 23 ലക്ഷം രൂപ കടത്തിലായി ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ ആധാരത്തിന്റെ പകർപ്പുകളുപയോഗിച്ചു തരപ്പെടുത്തിയത് 1.85 കോടിയുടെ വായ്പ. 4 വായ്പകളിലായാണ് ഇത്രയധികം തുക. ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ മുൻ ഉടമയുടെ പേരിൽ കെഎസ്എഫ്ഇയിൽ 2 കുറികളിലായി 23 ലക്ഷം രൂപ കടം വന്നിരുന്നു. ചാലക്കുടി താലൂക്ക് അധികൃതർ ഭൂമി ജപ്തി ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷമാണ് ഇതേ ഭൂമി ഈടുവച്ചു സഹകരണ ബാങ്ക് വായ്പ അനുവദിച്ചത്. 

തട്ടിച്ച പണം സ്വരുക്കൂട്ടി തേക്കടിയിൽ റിസോർട്ട്

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ – നിക്ഷേപത്തട്ടിപ്പുകളിലൂടെ സ്വരൂപിച്ച കോടിക്കണക്കിനു രൂപ ഉപയോഗിച്ചു പ്രതികൾ 9 വൻ സംരംഭങ്ങൾ നടത്തിയതായി കണ്ടെത്തി. 10.49 കോടി രൂപ മുടക്കി തേക്കടി റിസോർട്സ് ലിമിറ്റഡ് എന്ന പേരിൽ റിസോർട്ട് ആരംഭിച്ചു. ബാങ്കിന്റെ മുൻ മാനേജർ എം.കെ. ബിജുവും കമ്മിഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേർ ആയിരുന്നു ഡയറക്ടർമാർ.

50 ലക്ഷം രൂപ ചെലവിൽ ലക്സ്‌വേ ഹോട്ടൽസ് ആൻഡ് റിസോർട്സ് ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടലും നടത്തി. തൃശൂരിലെ മാടായിക്കോണം കേന്ദ്രീകരിച്ച് സിസിഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 10 ലക്ഷം രൂപ മൂലധനമായി ആരംഭിച്ച കമ്പനി നടത്തിയതും പ്രതികൾ തന്നെ. 98 ലക്ഷം രൂപ മൂലധനത്തിൽ പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും ഇവർ നടത്തി. പ്രതികളായ ബിജു, ബിജോയ്, ജിൽസ്, കിരൺ തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചേർന്നായിരുന്നു സ്ഥാപനങ്ങളുടെ നടത്തിപ്പ്. ഭരണസമിതിയിലുള്ളതും ഇവർ തന്നെ.

ഈടുവച്ച ഭൂമി വിറ്റുപോയി; ബാങ്ക് ‘അറിഞ്ഞില്ല’

തൃശൂർ ∙ 50 ലക്ഷം വീതമുള്ള 5 വായ്പകൾക്ക് ഈടായി വച്ച ഭൂമി ബാങ്ക് ‘അറിയാതെ’ വിറ്റുപോയി. കൊറ്റനെല്ലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ സ്വദേശികളായ 5 പേരാണ് ഭൂമിയുടെ ആധാരം പണയം വച്ച് 50 ലക്ഷം രൂപ വീതം വായ്പയെടുത്തത്. ഇവരാരും ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നു മാത്രമല്ല, ഈടുവച്ച ഭൂരേഖകൾ ഉപയോഗിച്ചു സ്ഥലം വിൽപന നടത്തി. ഇതിലൊരാളുടെ ഭൂമി വിലയ്ക്കു വാങ്ങിയയാൾ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കിൽ നിന്നു തന്നെ 3 കോടിയുടെ രൂപ വായ്പ തരപ്പെടുത്തി! ഭൂമി പോക്കുവരവ് ചെയ്ത ദിവസം തന്നെയാണ് വായ്പയും അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് ബാങ്കിലെ അക്കൗണ്ടന്റിന്റെ പിതാവിന്റെ പേരിലുള്ള വായ്പകൾ അവസാനിപ്പിച്ചതായും സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തി.

പരിധി 50 ലക്ഷം; ഒരു കോടിക്കു മേൽ ലഭിച്ചത് 94 പേർക്ക്

തൃശൂർ ∙ സഹകരണ ബാങ്കിൽ നിന്ന് ഒരപേക്ഷകനു അനുവദിക്കാവുന്ന പരമാവധി വായ്പത്തുക 50 ലക്ഷമാണെന്നിരിക്കെ പല വായ്പകളിലായി ഒരു കോടിയിലേറെ രൂപ തരപ്പെടുത്തിയത് 94 പേരെന്നു സൂചന. ഇതിൽ 5 മുതൽ 14 കോടി രൂപ ബാധ്യതയുള്ള 12 പേരുണ്ട്. നിലവിലുള്ള വായ്പ അടച്ചുതീർക്കാതെ മറ്റു വായ്പകൾ അനുവദിക്കരുതെന്നു നിർദേശമുണ്ടെങ്കിലും ഏഴും എട്ടും വായ്പകൾ വരെ ഒരു കുടുംബത്തിനു തന്നെ അനുവദിച്ചതായും കണ്ടെത്തി. 

English Summary: Crime branch to probe on Karuvannur bank fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com