ADVERTISEMENT

തിരുവനന്തപുരം∙ ഫോൺവിളി രണ്ടാമതും കുരുക്കായ സംഭവത്തിൽ സിപിഎമ്മോ സ്വന്തം പാ‍ർട്ടിയായ എൻസിപിയോ മന്ത്രി എ.കെ. ശശീന്ദ്രനെ തള്ളിപ്പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോടും ഫോൺ സംഭാഷണം ശശീന്ദ്രൻ ന്യായീകരിച്ചു. പക്ഷേ സ്ത്രീപക്ഷ ചർച്ചകൾ കേരളമാകെ ഉയരുന്ന സമയത്തു മന്ത്രിയുടെ ചെയ്തിയെ ആരും പരസ്യമായി ന്യായീകരിക്കില്ല. അതിനാൽ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ വിവാദം മുറുകിയാൽ സർക്കാരിനും ശശീന്ദ്രനും ആശങ്കയേറും. 

എൻസിപിയിലെ തർക്കവും പാർട്ടിയിൽ ചിലർക്കുള്ള വൈരവുമാണു സംഭാഷണം റിക്കോർഡ് ചെയ്ത് ഉപയോഗിച്ചതിനു പിന്നിലെന്നാണു മുഖ്യമന്ത്രിയോടും ശശീന്ദ്രൻ വിശദീകരിച്ചത്. തനിക്കു വിശ്വാസമുള്ള കൊല്ലത്തെ ചില നേതാക്കൾ അഭ്യർഥിച്ചപ്രകാരമാണു യുവതിയുടെ പിതാവിനെ വിളിച്ചത്. പരാതി നേരിടുന്ന എൻസിപി നിർവാഹക സമിതി അംഗം ജി. പത്മാകരൻ, താൻ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ധരിപ്പിച്ചതായും ശശീന്ദ്രൻ പറഞ്ഞു. 

യുവതിയുടെ പിതാവായ എൻസിപി കുണ്ടറ നിയോജക മണ്ഡലം നേതാവും പത്മാകരനും തമ്മിലുള്ള വിദ്വേഷം ആളിക്കത്തിക്കാനും തണുപ്പിക്കാനും ഒരുപോലെ ശ്രമം നടന്നെന്നാണ് എൻസിപി നേതൃത്വത്തിന്റെ വിലയിരുത്തൽ.  പൊലീസിൽ ഇവർ ഈ പരാതി നൽകിയതോടെ ശശീന്ദ്രനെ കൊണ്ട് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നു. തുടർന്നാണു കോഴിക്കോട് നിന്നു മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ച് ‘നല്ല നിലയിൽ എല്ലാം തീർക്കണ’മെന്ന നിർദേശം നൽകിയത്. 

തൽക്കാലം ശശീന്ദ്രന്റെ വിശദീകരണം ഉൾക്കൊള്ളാനാണ് എൻസിപി നേതൃത്വത്തിലെ ധാരണ. മന്ത്രിക്കെതിരെ ഉയർന്ന ആക്ഷേപത്തിനു പകരം പാർട്ടിക്കകത്തെ തർക്കങ്ങളാണ് അവർ അന്വേഷിക്കുന്നത്. സിപിഎം ഇക്കാര്യത്തിൽ മനസ്സു തുറന്നിട്ടില്ല. എൻസിപി ആദ്യം പരിശോധിക്കുമെന്നു നേതാക്കൾ പറഞ്ഞു. എൻസിപിയുടെ രണ്ടാമത്തെ എംഎൽഎ ആയ തോമസ് കെ.തോമസും ശശീന്ദ്രനെ പിന്തുണച്ചു. 

English Summary: Minister AK Saseendran accused of intervening in molestation case filed against party leader; Leaders response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com