ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വായ്പതട്ടിപ്പ് 2 വർഷത്തോളം സിപിഎം നേതൃത്വം മൂടിവച്ചു. ഈടും രേ‌ഖയുമില്ലാതെ നൽകിയ വായ്പകൾ അടച്ചുതീർത്തു തടിയൂരാനായിരുന്നു ബാങ്ക് അധികൃതരുടെ ശ്രമം. എന്നാൽ ‌റിയൽ എസ്റ്റേറ്റ് മാന്ദ്യം ഉണ്ടായതോടെ തിരിമറി നടത്തി നിക്ഷേപിച്ച കോടികൾ തിരിച്ചുകിട്ടാതായി. 

പാർട്ടി പ്രവർത്തകർ 2020 ആദ്യംതന്നെ തട്ടിപ്പിനെക്കു‌‌റിച്ചു നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. പരാതികൾ ‌ഏറിയതോടെ സഹകരണ ജില്ലാ ജോയിന്റ് റജിസ്ട്രാർ അന്വേഷണം തുടങ്ങി. 2019 ഓഗസ്റ്റ് 31നു സമർപ്പിച്ച റിപ്പോർട്ടിൽ അഴിമതിയുടെ വിശദമായ ചിത്രമുണ്ട്. ഇതിന്റെ കോപ്പി ബാങ്കിനും അതുവഴി സിപിഎം നേതാക്കളായ ബാങ്ക് ഡയ‌റക്ടർമാർക്കും കിട്ടിയിട്ടുണ്ട്. മറ്റു നേതാക്കൾക്കും പിന്നീട് ഇതിന്റെ കോപ്പി കിട്ടി. ബിജെപി ഇതിനെതിരെ സമരം തുടങ്ങുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. 

എന്നാൽ, റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യാതെ 2 വർഷത്തോളം മൂടിവച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പോലും ഇതേക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നു. ചില മുൻ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിമാരുമാണു ബാങ്ക് നിയന്ത്രിച്ചിരുന്നത്. കുറ്റക്കാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നു 3 ദിവസം മുൻപാണു സിപിഎം ജില്ലാ െസക്രട്ടറി എം.എം. വർഗീസ് പറഞ്ഞത്. പത്രക്കുറിപ്പിൽ ഒരിടത്തും തട്ടിപ്പെന്നോ 300 കോടിയുടെ ഇടപാടെന്നോ പറയുന്നില്ല. വായ്പയിലെ പ്രശ്നം എന്നുമാത്രമാണു പറയുന്നത്. 

സർക്കാർ നിയോഗിച്ച ഉദ്യോഗസ്‌‌ഥൻ അന്വേ‌ഷിച്ച റിപ്പോർട്ട് കൈവശമുണ്ടായിട്ടും എന്തുകൊണ്ടു പാർട്ടി ആർക്കെതിരെയും നടപടി എടുത്തില്ലെന്നത് സംശയങ്ങൾക്ക് ഇടനൽകുന്നു. പാവപ്പെട്ട തൊഴിലാളികളുടെ പേരിലാണു വായ്പ തട്ടിപ്പു നടത്തിയത്. 

ഒരു മുൻ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്തിലെ മുൻ അംഗവും ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയും അണിയറയിലുണ്ടായിരുന്നെന്ന പരാതി ശക്തമാണ്. എന്നാൽ ഇതുവരെ കേസിലെ പ്രതികൾ ബാ‌ങ്ക് ഉദ്യോഗസ്ഥർ മാത്രമാണ്. നേതാക്കളെ രക്ഷിച്ചെടുക്കുക എന്നതുതന്നെയായിരുന്നു പാർട്ടിയുടെ ലക്ഷ്യം. 

ഫണ്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്; ശബ്ദരേഖ പുറത്ത്

(കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ മൂർക്കനാട് ശാഖയിൽ സ്ഥിരനിക്ഷേപം നടത്തിയയാൾ പണം തിരിച്ചുകിട്ടാതായപ്പോൾ ബാങ്ക് പ്രസിഡന്റിനോടു സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്)

നിക്ഷേപകൻ: ഞാനിപ്പോൾ മൂർക്കനാട് സഹകരണ ബാങ്കിലുണ്ട്. എഫ്ഡി ഇട്ട പൈസ തരാൻ ഫണ്ടില്ലെന്നാ ഇവർ പറയുന്നത്. എന്താ ചെയ്യേണ്ടേ? 

ബാങ്ക് പ്രസിഡന്റ്: ഫണ്ട് വരുന്നതിനനുസരിച്ചു പൈസ തരാൻ പറ്റും. അടവൊന്നും വര‍ാത്തതുകൊണ്ടാ പൈസ ഇല്ലാത്തത്. കുറച്ചുദിവസമായി നിക്ഷേപമൊന്നും ഇല്ല. വിത്ഡ്രോവൽ മാത്രമേ നടക്കുന്നുള്ളൂ. 

നിക്ഷേപകൻ: 300 രൂപ പോലും ആൾക്കാർക്ക് എടുത്തുകൊടുക്കാനില്ലെങ്കിൽ ബാങ്ക് തുറന്നുവച്ചിരിക്കുന്നതെന്ത‍‌ിനാണെന്ന് ചോദിച്ച് ആൾക്കാർ ബഹളമുണ്ടാക്കുകയാണ്. 

പ്രസിഡന്റ്: കുറച്ചുദിവസം കൊണ്ടു പരിഹരിക്കാവുന്ന കേസേ ഉള്ളൂ. വായ്പക്കാരെ നമ്മൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയ ഡിപ്പോസിറ്റുകാർക്ക് അടുത്ത മാസം പൈസ കൊടുക്കാനുള്ള സംവിധാനം നമ്മൾ ആലോചിക്കുന്നുണ്ട്. 

നിക്ഷേപകൻ: ഞങ്ങളുടെ കയ്യിൽ കാശില്ലെന്നു പറഞ്ഞ് ബാങ്കിന്റെ പുറത്തൊരു ബോർഡ് വയ്ക്കുന്നതല്ലേ ഇതില‍ും ഭേദം? ഞങ്ങളിവിടെ മണിക്കൂറോളം ക്യൂ നിന്നാ അകത്തു കയറുന്നത്. 

പ്രസിഡന്റ്: നിങ്ങളെന്താണ് പറയുന്നത്? അങ്ങനെ ബോർഡ് വയ്ക്കാനൊക്കെ എആറിന്റെ (അസി. റജിസ്ട്രാർ) അനുമതി വേണം. 

നിക്ഷേപകൻ: നിങ്ങളെന്തായാലും ബാങ്കിന്റെ പ്രസിഡന്റല്ലേ. ഇവിടേക്കു വരൂ, നമുക്ക് നേരിട്ടു സംസാരിക്കാം. 

പ്രസിഡന്റ്: ഞങ്ങളെന്തായാലും ഇട്ടെറിഞ്ഞു പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ ഉണ്ടാകും. 4 മാസം കൂടി കാലാവധിയുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു മുന്നോട്ടുപോകും. തിരക്കുപിടിച്ചിട്ടു കാര്യമില്ല. (ഹലോ.. ഹലോ.. എന്നു പലവട്ടം) 

നിക്ഷേപകൻ: ചേട്ടൻ കേൾക്കാത്ത പോലെ ഹലോ ഹലോ എന്നു പറഞ്ഞിട്ടു കാര്യമില്ല. നേരിട്ടു വരൂ, നമുക്ക് സംസാരിക്കാം. 

വായ്പത്തട്ടിപ്പുകാരെ സംരക്ഷിക്കില്ല: വാസവൻ

കോട്ടയം ∙ സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാൻ സമഗ്രമായ നിയമ നിർമാണം നടത്തുമെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കില്ല. ശക്തമായ അന്വേഷണം നടത്തും. ഓഡിറ്റിങ് കൂടുതൽ ശക്തമാക്കും. 

സഹകരണ വകുപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനു തിരിച്ചടിയാണ്. സംസ്ഥാനത്തിന്റെ അവകാശം സംരക്ഷിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് വിധി ലഭിച്ചത്. സഹകരണ പ്രസ്ഥാനം സംസ്ഥാന വിഷയമാണെന്നു കോടതി അംഗീകരിച്ചു. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം അട്ടിമറിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

Content Highlight: Karuvannor Bank Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com