ADVERTISEMENT

കൊല്ലം ∙ 5–ാം വയസ്സിൽ 3–ാം ക്ലാസിൽ ചേർന്നയാളാണു സി.വി. പത്മരാജൻ. അതുകൊണ്ടു മൂപ്പ് ഇത്തിരി കൂടും. പാർട്ടിയിലായാലും ഭരണത്തിലായാലും. ‘പത്മരാജൻ വക്കീൽ’ ഒരു അഭിപ്രായം പറഞ്ഞാൽ ചർച്ച അവിടെ തീരും. ഇന്ദിരാ കോൺഗ്രസിലെ ‘ഐ’ യോടാണു പ്രതിപത്തി കാട്ടിയതെങ്കിലും പിന്നീട് പാർട്ടിയിൽ ഏതു ഗ്രൂപ്പെന്നു കണ്ടുപിടിക്കാനാവാത്തത്ര നിഷ്പക്ഷതയുടെ നിൽക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രൗഢസാന്നിധ്യത്തിന് ഇന്ന് 90.

മുൻ കെപിസിസി പ്രസിഡന്റും കെ. കരുണാകരൻ- എ.െക ആന്റണി മന്ത്രിസഭകളിൽ അംഗവുമായിരുന്ന പത്മരാജന്റെ ജന്മനക്ഷത്രം കർക്കടകത്തിലെ ചോതി ജൂലൈ 18 നായിരുന്നെങ്കിലും ജനനത്തീയതി 22. 1982 ൽ ആദ്യമായി നിയസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായ പത്മരാജൻ അതു രാജിവച്ച് 1983-84 ൽ കെപിസിസി പ്രസിഡന്റായി. നന്ദാവനത്തു വാടകക്കെട്ടിടത്തിലാണ് അന്ന് പാർട്ടി ആസ്ഥാനം. പല പ്രസിഡന്റുമാർ വന്നെങ്കിലും ആസ്ഥാന മന്ദിരം എന്ന സ്വപ്നം നടക്കാതെ പോയി. പത്മരാജൻ ആ സ്വപ്നവുമായി സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളിലും പോയി ഫണ്ട് സ്വരൂപിച്ചു. ഫണ്ട് 30 ലക്ഷം കടന്നപ്പോൾ ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീടു പാർട്ടിയുടെ പേരിലെഴുതി. 

ഗ്രൂപ്പുകളാൽ പാർട്ടി കലുഷിതമായ കാലത്തു കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ പത്മരാജൻ ഇടറാതെ മുന്നോട്ടുനയിച്ചു. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും മിന്നുന്ന ജയം നേടി. കനത്ത ഗ്രൂപ്പു സംഘർഷത്തിനിടയിലും പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിഞ്ഞതാണു പത്മരാജൻ വക്കീലിന്റെ ഏറ്റവും വലിയ ഗുണമെന്ന് എ.കെ ആന്റണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഗ്രൂപ്പിനതീതമായി പാർട്ടി കെട്ടിപ്പടുക്കാൻ ഞാൻ ചില ശ്രമങ്ങൾ നടത്തി. പിന്നീടതു പൊളിഞ്ഞുപോയി. വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല. ഇപ്പോൾ കെ. സുധാകരൻ- വി.ഡി സതീശൻ ടീമിൽ പാർട്ടിയാകെ പ്രതീക്ഷയിലാണ്. ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയെ നയിക്കാൻ അവർക്കു കഴിയട്ടെ....’ പത്മരാജൻ ശുഭാപ്തിവിശ്വാസിയാണ്.

1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ പത്മരാജൻ ഇപ്പോഴും ബാർ കൗൺസിൽ അംഗമാണ്. ഇന്റർമീഡിയറ്റിന് പഠിച്ചിരുന്നപ്പോൾ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ്സുമായി ബന്ധപ്പെട്ട പത്മരാജൻ പിൽക്കാലത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നീ പടവുകൾ കയറിയാണ് കെപിസിസി പ്രസിഡന്റായത്. ഭാര്യ: അഡ്വ. വസന്തകുമാരി. മക്കൾ: സജി (മുൻ പ്രോജക്ട് മാനേജർ, ഇൻഫോസിസ്), അനി (വൈസ് പ്രസിഡന്റ്, വോഡഫോൺ-ഐഡിയ, മുംബൈ). മരുമകൾ: സ്മിത.

Content Highlight: C.V. Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com