ബസ് വഴിയിലായാൽ‌ മുപ്പത് മിനിറ്റിനകം പകരം സംവിധാനം

HIGHLIGHTS
  • യാത്രക്കാർ വലയാതിരിക്കാൻ കെഎസ്ആർടിസി നിർദേശം
KSRTC
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസുകൾ സർവീസ് സമയത്ത് ബ്രേക്ക് ഡൗൺ അല്ലെങ്കിൽ അപകടം കാരണം തുടർ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ നിർദേശം നൽകിയതായി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ബ്രേക്ക് ഡൗൺ കാരണം യാത്രക്കാരെ 30 മിനിറ്റിലധികം വഴിയിൽ നിർത്തരുതെന്നാണ് കർശന നിർദേശം. ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും. റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ യാത്ര തുടങ്ങും മുൻപ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു എന്ന പരാതിയും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിസർവേഷനുള്ള സർവീസുകൾ മുടക്കം കൂടാതെ നടത്തും.

യാത്രാവേളയിൽ ബ്രേക്ക് ഡൗൺ അല്ലെങ്കിൽ അപകടം ഉണ്ടായാൽ കണ്ടക്ടർ 5 മിനിറ്റിനകം വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തൊട്ടടുത്ത ഡിപ്പോയിൽ അറിയിച്ച് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തും. ദീർഘദൂര ബസുകൾ ബ്രേക്ക് ഡൗൺ ആയാൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നു പകരം ബസ് നൽകി സർവീസ് തുടരും.

സർവീസ് നടത്തിയ ബസിന്റെ അതേ ക്ലാസിലുള്ള ബസ് ലഭ്യമായില്ലെങ്കിൽ തൊട്ടടുത്ത ശ്രേണിയിൽ ലഭ്യമായ ബസ് ഉപയോഗിച്ച് അടുത്ത ഡിപ്പോ വരെ സർവീസ് തുടരും. തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാരെ അറിയിച്ച് പകരം സംവിധാനമൊരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിടിഒ, എടിഒമാർക്ക് ആയിരിക്കും.

സർവീസിന്റെ ഒരു ഭാഗത്തേക്കുള്ള ട്രിപ് മുടങ്ങിയാൽ തിരികെയുള്ള ട്രിപ്പിൽ  റിസർവേഷൻ ഉണ്ടെങ്കിൽ കണ്ടക്ടർമാർ ഈ വിവരം കൺട്രോൾ റൂമിൽ അറിയിച്ച് അവിടെ നിന്ന് ഉടൻ ആ യൂണിറ്റിലെ ഓഫിസറെ അറിയിച്ച് പകരം സംവിധാനമൊരുക്കി റിട്ടേൺ ട്രിപ്പ് നടത്തണം.

ബസുകൾക്ക് റിവേഴ്സ് ഹോൺ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന പതിവ് അപകടങ്ങൾ ഇല്ലാതാക്കാൻ എല്ലാ ബസുകൾക്കും റിവേഴ്സ് ഹോൺ ഘടിപ്പിക്കാൻ സിഎംഡി ബിജു പ്രഭാകർ കർശന നിർദേശം നൽകി. തമ്പാനൂർ ഡിപ്പോയിൽ ഇൗയിടെ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ് ഇൗ നടപടി. ഇപ്പോൾ ബസുകൾക്കൊന്നും ഇത് ഘടിപ്പിച്ചിട്ടില്ല. 

എല്ലാ ബസുകളിലും സംവരണം ചെയ്ത സീറ്റുകൾ യാത്രക്കാർക്ക് വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേകം നിറം നൽകി കളർ കോഡിങ് ഏർപ്പെടുത്താനും  നിർദേശിച്ചു.   ഡ്രൈവർ ക്യാബിനിലെ ചൂട് കുറയ്ക്കാൻ എല്ലാ ബസുകളിലും എയർ വെന്റ് ഡോർ, വാട്ടർ ബോട്ടിൽ ഹോൾഡർ, ഡ്രൈവർ സീറ്റ് ഡ്രൈവർക്ക് സൗകര്യപ്രദമായ രീതിയിൽ വയ്ക്കുന്നതിന് സംവിധാനം, സ്ഥലനാമ ബോർഡുകൾ തെളിഞ്ഞു കാണുന്നതിന് പ്രത്യേക എൽഇ‌ഡി ബോർഡുകൾ എന്നിവയും ഘടിപ്പിക്കുന്നതിന് എംഡി നിർദേശം നൽകി.

English Summary: KSRTC parallel arrangement in case of bus break down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA