ADVERTISEMENT

തൃപ്പൂണിത്തുറ ∙ കടന്നുപോകുന്നതു മലയാള സിനിമയുടെ ചിരി മുത്തശ്ശൻ ! പക്ഷേ, ആ ചിരിക്കു പിന്നിൽ ജീവിതത്തിന്റെ കയ്പുണ്ടായിരുന്നു. 3 നാൾ അടുപ്പിച്ചു പട്ടിണി കിടന്ന ബാല്യത്തെപ്പറ്റി കെ.ടി.എസ്. പടന്നയിൽ പറഞ്ഞിട്ടുണ്ട്. പണമില്ലാഞ്ഞതിനാൽ പഠിപ്പു നിർത്തി. മില്ലിൽ നൂൽ നൂൽക്കലും ചകിരിയെണ്ണലുമായി കൂലിപ്പണിയെടുത്തു. കല്ലു ചുമന്നു, കരിങ്കല്ലു തല്ലി... അതെ. നോവിച്ച ജീവിതം മറന്നാണു പടന്നയിൽ സിനിമയിൽ ചിരിച്ചതും ചിരിപ്പിച്ചതും.

‘എന്റെ മകനാണ് ഇവൻ... ഇവന്റെ മകനാണ് അവൻ... അവന്റെ മകനാണ് അവൻ, പ്രേമചന്ദ്രൻ....’ ‘അനിയൻ ബാവ, ചേട്ടൻ ബാവ’ എന്ന ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ ചലച്ചിത്രാസ്വാദകരെ കുടുകുടാ ചിരിപ്പിച്ച പടന്നയിലിനെ സിനിമ കണ്ടവർ മറക്കില്ല. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന സിനിമയിലെ ‘ചിക്കൻ ഇച്ചിരി മുറ്റാ’ എന്ന ഡയലോഗും സമൂസ ആണെന്നു കരുതി പന്നിപ്പടക്കം കടിക്കുന്ന ‘വാമനപുരം ബസ് റൂട്ടി’ലെ കഥാപാത്രവും മലയാളിക്കു ചിരി സമ്മാനിച്ചു. നാടകത്തിലെ കെ.ടി.എസിന്റെ അഭിനയം കണ്ടതാണു സംവിധായകൻ രാജസേനൻ ‘അനിയൻ ബാവ, ചേട്ടൻ ബാവ’യിലൂടെ ചലച്ചിത്രലോകത്തേക്കു പടന്നയിലിനു കവാടം തുറന്നത്. 

കെ.ടി.എസ്.പടന്നയിലിന്റെ പിതാവ് കൊച്ചുപടന്നയിൽ തായി അറിയപ്പെടുന്ന ഉടുക്കു വാദകനും കോൽക്കളി, കാവടിച്ചിന്ത് കലാകാരനുമായിരുന്നു. ആരോടും പരാതി പറയാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതേ വഴിയിലാണു നാടക–സിനിമാ രംഗത്തു കെ.ടി.എസും ജീവിച്ചത്. ഒരിക്കലും അദ്ദേഹം കണക്കുപറഞ്ഞു പ്രതിഫലം വാങ്ങിയില്ല, നാടകത്തോടുള്ള ആത്മാർഥത മൂലം സിനിമയിൽ കിട്ടിയ അവസരം വേണ്ടെന്നുവച്ച സന്ദർഭങ്ങളുമുണ്ട്. 

ചങ്ങനാശ്ശേരി ‘ഗീഥ’യിൽ അഭിനയിക്കുന്ന കാലത്ത് ഷീലയും സത്യനും നായികാനായകരായ സിനിമയിൽ സുഹൃത്ത് സി.പി. ആന്റണി പടന്നയിലിനു വേഷം നൽകിയെങ്കിലും പകരക്കാരനില്ലാതെ നാടകസമിതി വിഷമിക്കുമെന്നോർത്ത് അദ്ദേഹം സിനിമ വേണ്ടെന്നുവച്ചു. ഇതറിഞ്ഞ ആന്റണി പടന്നയിലിനോടു തെറ്റി. പിന്നീടു സിനിമയിൽ സജീവമായശേഷം പടന്നയിൽ ആന്റണിയെ കാണാൻ ചെന്നു. ആന്റണിയുടെ വെല്ലുവിളി തന്നെയൊരു വാശിക്കാരനാക്കിയ കാര്യം പറഞ്ഞു. സുഹൃത്തുക്കൾ പരസ്പരം ആശ്ലേഷിച്ചു.

എം.എസ്. തൃപ്പൂണിത്തുറയ്ക്കും കലാശാല ബാബുവിനും പിന്നാലെ സിനിമാ ലോകത്തു തൃപ്പൂണിത്തുറയുടെ വിലാസം രേഖപ്പെടുത്തിയ കെ.ടി.എസ്. പടന്നയിലും ഒടുവിൽ ഓർമയാകുന്നു.

Content Highlight: KTS Padannayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com