ADVERTISEMENT

തൃശൂർ ∙ 300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ സിപിഎം ഭാരവാഹികളും ജീവനക്കാരും ഉൾപ്പെടെ 4 പ്രതികൾ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലെന്നു സൂചന. ഇവർ അറസ്റ്റിലായെന്ന് ഇന്നലെ ഉച്ച മുതൽ പ്രചാരണമുണ്ടെങ്കിലും അന്വേഷണസംഘം നിഷേധിച്ചു. ബാങ്കിന്റെ സെക്രട്ടറിയും സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ. സുനിൽ കുമാർ, മുൻ മാനേജരും പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയർ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ് എന്നിവരാണു കസ്റ്റഡിയിലായത്. എന്നാൽ, പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഇവർ ഒളിവിൽ തന്നെയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശൻ അറിയിച്ചു.

ബാങ്ക് വായ്പത്തട്ടിപ്പിൽ ഒരാഴ്ച മുൻപ് 6 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ 4 പ്രതികൾ തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിലുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മൊബൈൽ ഫോൺ ഉപേക്ഷിച്ചു 4 ദിവസമായി ഇവർ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഫ്ലാറ്റിനു താഴെയുള്ള സൂപ്പർ മാർക്കറ്റിൽ ഇവർ എത്തിയതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി സൂചനയുണ്ട്. രഹസ്യമായി ഫ്ലാറ്റിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം നാലു പേരെയും കസ്റ്റഡിയിലെടുത്തെന്നാണു സൂചന. ലോക്കൽ പൊലീസും സ്പെഷൽ ബ്രാഞ്ചുമൊന്നും വിവരമറിഞ്ഞില്ല.

വായ്പത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരൻ കരുവന്നൂർ പൊറത്തിശേരി കിരൺ, ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർ ഒളിവിലാണ്. കിരൺ വിദേശത്തേക്കു കടന്നതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ പിപിഇ കിറ്റ് ധരിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം അതീവ രഹസ്യമായി ഇവരുടെ വീടുകളിലെത്തിച്ചു തെളിവെടുത്തതായി സൂചനയുണ്ട്. റെയ്ഡിൽ 29 ബെനാമി രേഖകളിലായി 14.50 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തി.

English Summary: Karuvannur bank fraud, 4 in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com