ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിലേക്ക്. നിലവിൽ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഡോസ് വാക്സീൻ ഇന്നു വിതരണം ചെയ്താൽ നാളെ മുതൽ കുത്തിവയ്പ് നിർത്തി വയ്ക്കേണ്ടി വരും. ഇന്നും നാളെയും വാക്സീൻ ലഭിക്കാനുള്ള സാധ്യതയില്ല. കേരളത്തിന് അടുത്ത ഘട്ടം വാക്സീൻ 29ന് ലഭ്യമാക്കുമെന്നാണു കേന്ദ്രം അറിയിച്ചത്.

ഞായറാഴ്ച കുത്തിവയ്പ് കേന്ദ്രങ്ങൾ കുറവായതിനാലാണ് ഇന്നത്തേക്ക് ഇത്രയെങ്കിലും ബാക്കി വന്നത്. വാക്സീൻ ക്ഷാമം മൂലം ഇന്നു വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചേക്കും. 

കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള 1.48 കോടി പേർ ഇപ്പോഴും ആദ്യ ഡോസിനു കാത്തിരിക്കുകയാണ് . 45 വയസ്സിനു മുകളിലുള്ള 27 ലക്ഷം പേർക്ക് ഇതുവരെ ഒരു ഡോസ് വാക്സീൻ പോലും ലഭിച്ചിട്ടില്ല. 70 ലക്ഷത്തിലേറെ പേർക്ക് ഒരു ഡോസ് കിട്ടി; രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ആകെ 1.13 കോടി ആളുകളാണ് ഈ വിഭാഗത്തിലുള്ളത്. 18–44 പ്രായപരിധിയിലുള്ള ഒന്നര കോടി പേരിൽ ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേർക്കാണ്. രണ്ടു ഡോസും ലഭിച്ചത് രണ്ടര ലക്ഷം പേർക്കും. 

കേരളത്തിൽ ഇന്നലെ 17,466 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 11.91% ആയിരുന്ന രോഗ സ്ഥിരീകരണനിരക്ക് (ടിപിആർ) ഇന്നലെ വീണ്ടും ഉയർന്ന് 12.3% ആയി. 66 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക മരണസംഖ്യ 16,035 ആയി. 15,247 പേർ രോഗമുക്തരായി. 1,40,276 പേരാണു ചികിത്സയിലുള്ളത്.

English Summary: Vaccine shortage; Kerala covid vaccination activities will delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com