ADVERTISEMENT

കൊച്ചി ∙ അടിച്ചുപിരിഞ്ഞ നേതൃയോഗത്തിനൊടുവിൽ ഐഎൻഎൽ രണ്ടായി പിളർന്നു. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും വെവ്വേറെ യോഗം ചേർന്നു പരസ്പരം പുറത്താക്കി. പാർട്ടിയിൽ ഭൂരിപക്ഷം അവകാശപ്പെട്ട ഇരുകൂട്ടരും എൽഡിഎഫിൽ തുടരുമെന്നു വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ തീരുമാനം നിർണായകമാകും. വിഭാഗീയത മാറ്റി ഒന്നിച്ചുപോകാൻ ഐഎൻഎല്ലിന് സിപിഎം നേരത്തേ കർശന താക്കീതു നൽകിയിരുന്നു.

പൂർണ ലോക്ഡൗൺ ദിനത്തിൽ ആൾക്കൂട്ടമായി കൊച്ചിയിൽ രാവിലെ ചേർന്ന ഐഎൻഎൽ നേതൃയോഗമാണ് അടിച്ചു പിരിഞ്ഞത്. മന്ത്രി അഹമ്മദ് ദേവർ‌കോവിലും യോഗത്തിലുണ്ടായിരുന്നു. 

വഹാബ് പക്ഷത്തെ രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. വിവരം അറിഞ്ഞതോടെ പുറത്ത് അണികൾ തമ്മിൽ പൊരിഞ്ഞ അടിയായി. യോഗസ്ഥലത്തു നേതാക്കൾ തമ്മിലും കയ്യാങ്കളി നടന്നു. പിന്നീട് വഹാബ് പക്ഷം കൊച്ചി തോപ്പുംപടിയിലും കാസിം പക്ഷം ആലുവ മാറമ്പിള്ളിയിലും യോഗം ചേർന്നു.

വർക്കിങ് പ്രസിഡന്റ് വി. ഹംസഹാജിയെ പുതിയ പ്രസിഡന്റായി കാസിം പക്ഷം തിരഞ്ഞെടുത്തു. പ്രസിഡന്റ് എ. പി. അബ്ദുൽ വഹാബ് ഉൾപ്പെടെയുള്ളവരെ പുറത്താക്കി. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി വഹാബ് പക്ഷവും അറിയിച്ചു.

ഇതിനിടെ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു യോഗം ചേരാൻ വേദിയൊരുക്കിയ ഹോട്ടലിനെതിരെ കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. മന്ത്രി ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തിട്ടില്ല. മന്ത്രി പ്രവർത്തകരെ കാണാൻ എത്തിയെന്നേയുള്ളൂവെന്നും വന്നയുടൻ മടങ്ങിയതിനാൽ കേസ് ആവശ്യമില്ലെന്നുമാണു പൊലീസ് നിലപാട്. സംഘർഷത്തിന്റെ പേരിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസുണ്ട്.

പിഎസ്‌സി വിൽപന മുതൽ മന്ത്രിയുടെ സ്റ്റാഫ് വരെ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർകോവിലിനെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് പ്രസിഡന്റ് അബ്ദുൽ വഹാബിന്റെ പക്ഷത്തിനെതിരെ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പക്ഷം ഉയർത്തിയത്. പാർട്ടിക്കു ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്കു വിറ്റു എന്നതാണ് കാസിം ഇരിക്കൂറിനെതിരായ ആരോപണം. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതു സംബന്ധിച്ചും വിവാദമുണ്ട്.

English Summary: Split in Indian National League party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com