ADVERTISEMENT

പാലക്കാട് ∙ ചന്ദ്രനഗറിനു സമീപം മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റി കെട്ടിടം കുത്തിത്തുറന്നു 7.5 കിലോ പണയ സ്വർണവും 18,000 രൂപയും കവർന്നു. 3.62 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കവർന്നു. അന്വേഷണത്തിനു ഡിവൈഎസ്പി പി. ശശികുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.  

വെള്ളിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണു മോഷണ വിവമറിഞ്ഞത്. സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയിലേക്കു താഴത്തെ നിലയിലെ ഇരുമ്പുഗ്രിൽ തകർത്താണു മോഷ്ടാക്കളെത്തിയത്. ആദ്യം മുന്നറിയിപ്പ് അലാം വിഛേദിച്ചു. ഷട്ടറിന്റെ പൂട്ടുപൊളിച്ചു ചില്ലും തകർത്ത് ഉള്ളിൽക്കടന്ന സംഘം ഡ്രില്ലർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഇരുമ്പഴികൾ മുറിച്ചുനീക്കി ലോക്കർ തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉരുക്കു കൊണ്ടു നിർമിച്ച ലോക്കർ പോലും എളുപ്പത്തിൽ തുരക്കാവുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചതായാണു പ്രാഥമിക വിവരം.  

സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കടത്തിയതിനാൽ സമീപത്തെ സ്ഥാപനങ്ങളിലെ ക്യാമറകളിൽ നിന്നു ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം. മോഷണരീതിയും മറ്റും വിശദമായി പരിശോധിച്ചു വരികയാണെന്നു ഡിവൈഎസ്പി പി. ശശികുമാർ അറിയിച്ചു. കവർച്ചയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമാണെന്നു പൊലീസ് സംശയിക്കുന്നു. 7,550 ഗ്രാം പണയ സ്വർണമാണു നഷ്ടപ്പെട്ടതെന്നും മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ടെന്നും സൊസൈറ്റി ഡയറക്ടർ കെ. ഷൈജു അറിയിച്ചു. ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലാത്തതു വലിയ വീഴ്ചയായി. 8 വർഷമായി ഇതേ കെട്ടിടത്തിലാണു സൊസൈറ്റി പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഭരണസമിതിക്കു കീഴിലാണു സൊസൈറ്റി.

English Summary: Robbery in  Palakkad Chandranagar Co-operative Bank 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com