ADVERTISEMENT

മുംബൈ ∙ സ്കൂൾ വിട്ട് രക്ഷിതാക്കളുടെയടുത്തേക്ക് കുതിച്ചെത്തുന്ന കുട്ടികളെപ്പോലെ മുഹമ്മദ് കുഞ്ഞും അബ്ദുൽ റഷീദും വാഹനത്തിൽ നിന്ന് ജ്യേഷ്ഠന്റെ അരികിലേക്ക് ഓടിയെത്തി. അനുജൻമാരെ സജാദ് തങ്ങൾ വാരിപ്പുണർന്നു. 1976ൽ നടി റാണി ചന്ദ്രയടക്കം 95 പേർ മരിച്ച വിമാനാപകടത്തിൽ ഉൾപ്പെട്ടെന്നു ബന്ധുക്കളും സുഹൃത്തുക്കളും കരുതിയ സജാദ് തങ്ങൾ (70) നാട്ടിലെ കുടുംബാംഗങ്ങളുമായി ഒത്തുചേരുകയായിരുന്നു.

മുംബൈ പൻവേലിലെ സീൽ ആശ്രമത്തിലായിരുന്നു പുനസമാഗമം. കൊല്ലം ശാംസ്താംകോട്ട കളരിമുക്ക് പടനിലത്തു തെക്കേതിൽ വീട്ടിൽ നിന്ന് ഇളയ സഹോദരൻമാരും സഹോദരിയുടെ മകൻ എം.ജെ. സലിമുമാണ് മുംബൈയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കു നേത്രാവതി എക്സ്പ്രസിൽ നാട്ടിലേക്കു തിരിക്കും. 91 വയസ്സുള്ള ഉമ്മ ഫാത്തിമാ ബീവിയടക്കം  കാത്തിരിക്കുകയാണ്.  പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും കൂളിങ് ഗ്ലാസുമൊക്കെയാണ് അനുജൻമാരെത്തിയത്.

‘‘ഞാൻ രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ഗൾഫിൽ നിന്നു ജ്യേഷ്ഠൻ കൊണ്ടുവന്ന യാഡ്‌ലി പൗഡറിന്റെ മണവും ചോക്‌‌ലേറ്റിന്റെ രുചിയും ഇപ്പോഴും മനസ്സിലുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജ്യേഷ്ഠനെ കാണാതായത്. ഏതാണ്ട് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ സഹോദരനെ ദൈവം ‍ഞങ്ങളുടെ കരങ്ങളിൽ തിരിച്ചേൽപ്പിച്ചിരിക്കുന്നു. മുംബൈയിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം കുറെ അന്വേഷിച്ചിരുന്നു. അവസാനം കണ്ട മുഖമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാൽ, ജ്യേഷ്ഠന്റെ രൂപം മാറിപ്പോയി. അതായിരിക്കാം കണ്ടുപിടിക്കാൻ കഴിയാതിരുന്നത്’’- അനുജൻ മുഹമ്മദ് കുഞ്ഞ് പറഞ്ഞു.

ഗൾഫിലായിരിക്കെ സജാദ് തങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ പങ്കെടുത്തു മടങ്ങവെ നടി റാണി ചന്ദ്രയും സംഘവും സഞ്ചരിച്ച വിമാനം തകർന്നുവീണ് 95 പേരാണ് മരിച്ചത്. തനിക്കെതിരെ അന്വേഷണം വരുമോയെന്നു ഭയന്നാണ് നാട്ടിലേക്കു പോകാൻ അദ്ദേഹം മടിച്ചത്. ഗൾഫിൽ നിന്നു മുംബൈയിലെത്തി പല ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു.  ഒരുതവണ സുഹൃത്തിന്റെ വാഹനത്തിൽ കേരളത്തിലേക്കു യാത്ര ചെയ്തെങ്കിലും വീട്ടിൽ പോയില്ല.  

2019ൽ സുഹൃത്താണ് മുംബൈ ഘാട്കോപ്പറിലെ താമസസ്ഥലത്തു നിന്ന് പൻവേലിലെ സീൽ ആശ്രമത്തിലെത്തിച്ചത്. ആശ്രമ സ്ഥാപകനായ പാസ്റ്റർ കെ.എം.ഫിലിപ് നടത്തിയ ശ്രമങ്ങളാണ് കുടുംബത്തോടു കൂട്ടിയോജിപ്പിച്ചത്.

English Summary: Sajad Thangal reunion with family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com