ADVERTISEMENT

കണ്ണൂർ ∙ നാറാത്ത് രണ്ടാം മൈലിലുള്ള ഡോ.മാനസയുടെ വീട്ടിൽ നിന്ന് ഇപ്പോഴും അമ്മ സബിതയുടെ നിലവിളി ഉയരുകയാണ്. വെള്ളിയാഴ്ച ടിവിയിൽ മകളുടെ മരണവാർത്ത കേട്ടപ്പോൾത്തന്നെ തളർന്നുവീണുപോയിരുന്നു അമ്മ. ഇവരുടെ ആരോഗ്യനില പരിശോധിക്കാൻ ഇന്നലെ വീട്ടിൽ ഡോക്ടറും നഴ്സുമാരുമെത്തി. തളർച്ചയുള്ളതിനാൽ ഡ്രിപ്പ് നൽകി. 

മകളെപ്പറ്റി എപ്പോഴും സംസാരിച്ചിരുന്ന സബിതയുടെ കണ്ണീരടക്കാൻ രാമഗുരു സ്കൂളിലെ സഹഅധ്യാപകർക്കുമാകുന്നില്ല. അച്ഛൻ മാധവനും ഞെട്ടലിൽനിന്ന് മോചിതനായിട്ടില്ല. അനുജൻ അശ്വന്തും ദുരന്തം ഉൾക്കൊള്ളാനാകാതെ തളർന്നിരിപ്പാണ്. മാധവന്റെയും സബിതയുടെയും സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ വീട്ടിലെത്തിയിട്ടുണ്ട്. മാനസയുടെ നാട്ടിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നു.

നടുക്കത്തിലാണ് പ്രദേശവാസികളും. കെ.വി. സുമേഷ് എംഎൽഎ, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരും വീടു സന്ദർശിച്ചു.

കൊച്ചുമകളുടെ വിയോഗം ഉൾക്കൊള്ളാനാകാതെ മുത്തശ്ശി

കണ്ണൂർ ∙ ‘‘10 ദിവസം കഴിഞ്ഞാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനിരുന്ന കുഞ്ഞാണ്... ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞാണ് രണ്ടാഴ്ച മുൻപ് വീട്ടിൽ നിന്നിറങ്ങിയത്. ഒന്നര മാസത്തെ ഹൗസ് സർജൻസി വേണ്ടെന്നുവച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു’’– മാനസയുടെ മുത്തശ്ശി പത്മിനിയുടെ തേങ്ങൽ അടങ്ങുന്നില്ല. മുത്തശ്ശിയുടെ ഒരേയൊരു കൊച്ചുമകളാണ് മാനസ. മാനസയും അനുജൻ അശ്വന്തും മാത്രമാണ് പേരക്കുട്ടികൾ. അമ്മയുടെ വീടുമായി മാനസയ്ക്കു വലിയ അടുപ്പമായിരുന്നു. അവധിക്കു നാട്ടിലെത്തിയാൽ പകുതിയിലേറെ ദിവസങ്ങൾ ചെലവഴിക്കാറുള്ളതും ഈ വീട്ടിലാണ്.

വിശ്വസിക്കാനാകാതെ സഹപാഠികൾ

കോതമംഗലം ∙ തൊട്ടടുത്ത നിമിഷം വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി വെടിയേറ്റു വീണതു കണ്ട നടുക്കത്തിൽ നിന്നു മുക്തരായിട്ടില്ല മാനസയുടെ സഹപാഠികൾ. വെടിയൊച്ച കേട്ട് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുൻപ് മാനസയും ഒപ്പം അപരിചിതനായ വ്യക്തിയും രക്തം ചിന്തി മരിച്ചു കിടക്കുന്നതാണു കണ്ടത്. ഒപ്പമുണ്ടായിരുന്ന 3 പേരും ഇന്നലെ പൊലീസിനു മൊഴി നൽകിയശേഷം പിന്നീട് ആരുമായും സംസാരിച്ചില്ല. 

രാത്രിയോടെ തന്നെ ഇവരുടെ മാതാപിതാക്കൾ സ്ഥലത്തെത്തിയിരുന്നു. രാവിലെ ആശുപത്രിയിലെത്തിയപ്പോഴും മുഖത്തെ ഭീതിമാറിയിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ശേഷം ഇവർ സ്വന്തം വീടുകളിലേക്കു മടങ്ങി. കേസിലെ മുഖ്യസാക്ഷികളായ ഇവർക്ക് കൗൺസലിങിനു സൗകര്യം ഒരുക്കുമെന്നു പൊലീസ്  പറഞ്ഞു.

കോതമംഗലം പൊലീസ് കണ്ണൂരിൽ

കോതമംഗലം ∙ രഖിൽ ഉപയോഗിച്ച തോക്കു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കു കോതമംഗലം സ്റ്റേഷനിലെ എസ്ഐ മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം കണ്ണൂരിലെത്തി. 

13 തിരകൾ ഉപയോഗിക്കാവുന്ന തോക്കിൽ 7 തിരകൾ നിറയ്ക്കുകയും അതിൽ നാലെണ്ണം ഉതിർക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മാനസയ്ക്കു നേരെ 2 തവണ വെടിവച്ച ശേഷം രഖിൽ ഒരുവട്ടം സ്വയം നിറയൊഴിച്ചതായാണ് വ്യക്തമായത്. ഒരു വെടിയുണ്ട ലക്ഷ്യം തെറ്റിയെന്നാണു കരുതുന്നത്. 5 തിരകൾ രഖിലിന്റെ പോക്കറ്റിൽ നിന്നു കണ്ടെടുത്തു. മാനസയുടെയും രഖിലിന്റെയും ഫോൺവിളി വിവര‍ങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

Content Highlight: Manasa murder, Rakhil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com