ADVERTISEMENT

കോതമംഗലം ∙ വനിതാ ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ  കൊലപാതകത്തിന് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത കൈത്തോക്കുമായി ബന്ധപ്പെട്ട് ബിഹാറിൽ തോക്കുകൾ ഉണ്ടാക്കി കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്ക് അന്വേഷണം നീളുന്നു. കൊലയ്ക്കു ശേഷം തെളിവ് ഇല്ലാതാക്കാനായി എളുപ്പത്തിൽ അഴിച്ചെടുത്തു നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള തോക്കാണു മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു മരിച്ച രഖിൽ ഉപയോഗിച്ചത്.

ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത രഖിലിനു സ്വന്തം നിലയിൽ ഇത്തരത്തിലുള്ള പിസ്റ്റൾ കൈവശപ്പെടുത്തുക എളുപ്പമല്ലെന്നാണു പൊലീസ് നിഗമനം. പണം കൊടുത്താലും കേരളത്തിൽ തോക്കു ലഭിക്കുക എളുപ്പമുള്ള കാര്യവുമല്ല. രഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു തോക്കു സംഘടിപ്പിക്കാനാകാം എന്നു കരുതുന്നു. 

ശരീരത്തോടു തോക്കു ചേർത്തുവച്ചാണു (പോയിന്റ് ബ്ലാങ്ക്) മാനസയ്ക്കു നേരെയും സ്വയവും രഖിൽ 3 തവണ വെടിയുതിർത്തത്. തോക്കു ലഭ്യമായതിനൊപ്പം വെടിയുതിർക്കാനുള്ള പരിശീലനവും രഖിലിനു ലഭിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ സംശയം. പരിശീലനം ലഭിക്കാതെ വെടിയുതിർത്താൽ രഖിൽ ഉപയോഗിച്ച തരം പിസ്റ്റൾ കൈയിൽനിന്നു തെറിക്കും. എന്നാൽ 3 തവണ വെടിയുതിർത്തിട്ടും തോക്കു തെറിച്ചിട്ടില്ലെന്നാണു കണ്ടെത്തൽ.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. പി.വി.മാനസയുടെ ചിത്രം കരിങ്കൊടിക്കൊപ്പം അടച്ചിട്ട കോളജ് ഗേറ്റിൽ. ചിത്രം: മനോരമ
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. പി.വി.മാനസയുടെ ചിത്രം കരിങ്കൊടിക്കൊപ്പം അടച്ചിട്ട കോളജ് ഗേറ്റിൽ. ചിത്രം: മനോരമ

വെടി വച്ച സ്ഥാനങ്ങളും മരണം ഉറപ്പാക്കുന്നതാണെന്നതും പരിശീലനത്തിന്റെ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. കൊലക്കേസിലെ ഇരയും കൊലയാളിയും മരിച്ചതോടെ പ്രാഥമിക അന്വേഷണത്തിനു ശേഷം ‘നിർജീവ’ കുറ്റപത്രം നൽകി അവസാനിപ്പിക്കാമായിരുന്ന കേസിലാണു തോക്ക് പൊലീസിനു വെല്ലുവിളിയാകുന്നത്. 

മാനസയുടെയും രഖിലിന്റെയും  മൃതദേഹങ്ങൾ ഇന്നലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രിയോടെ സ്വദേശത്തേക്കു കൊണ്ടുപോയി. മാനസയുടെ മൃതദേഹം ഇന്നു രാവിലെ 8ന് കണ്ണൂർ നാറാത്തെ വീട്ടിലെത്തിക്കും. 9.30ന് വീട്ടിൽനിന്ന് എടുക്കും. 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. രഖിലിന്റെ മൃതദേഹം ഇന്നു രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. 9 മണിക്ക് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്കരിക്കും.

English Summary: Police doubts Rakhil got gun from Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com