ADVERTISEMENT

കോട്ടയം ∙ സഭയുടെയും നാടിന്റെയും പാരമ്പര്യത്തിനു പരമപ്രാധാന്യം നൽകിയ വ്യക്തിത്വമാണു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്മരണാർഥം ഓർത്തഡോക്സ് സഭ ദേവലോകം അരമനയിൽ സംഘടിപ്പിച്ച ‘സ്മൃതി സുകൃതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മറ്റുള്ള വിശ്വാസങ്ങളെ ഉൾക്കൊള്ളാൻ ഒരു ദശാബ്ദം നീണ്ടു നിന്ന ഉന്നത പദവി അദ്ദേഹം വിനിയോഗിച്ചു. ‍ജാതിമത ഭേദമന്യേ ഏതു വിശ്വാസത്തിലായാലും പ്രാർഥിക്കുക എന്ന വിശാലമായ കാഴ്ചപ്പാട് പരിശുദ്ധ ബാവാ മുന്നോട്ടു വച്ചിരുന്നു.

വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണു സമൂഹത്തെ ശക്തിപ്പെടുത്തുന്നത്. സഭയ്ക്കു വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

സഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിർബന്ധ ബുദ്ധിയോടെ  പെരുമാറിയിട്ടുണ്ട്.  സഭയുടെ പരമോന്നത സിംഹസനത്തിലേക്ക് ഉയർത്തുമ്പോൾ യോഗ്യൻ എന്നു പറഞ്ഞാണ് അവരോധിക്കുന്നത്. 11 കൊല്ലം പരിശുദ്ധബാവാ പിന്നിട്ട വഴിത്താരയിൽ ഒരിക്കൽപോലും ആ യോഗ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വീണ ജോർജ്, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു.

English Summary: Baselios Marthoma Paulose II Catholicos memorial meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com