ADVERTISEMENT

ചേർത്തല ∙ ഏഴു വർഷത്തിലേറെയായി തളർന്നു കിടക്കുന്ന വിനോദിനു കരുത്താണ് മകൾ വിസ്മയ. എന്നും രാവിലെ വീട്ടിൽനിന്നു 15 അടി ഉയരത്തിലുള്ള റോഡിലേക്ക് വിനോദിനെ വിസ്മയയാണു കയ്യിലെടുത്തു കൊണ്ടുപോകുന്നത്. ഇന്ന് പതിവു യാത്രയുണ്ടാകില്ല; ഇന്ന് വിസ്മയയുടെ വിവാഹമാണ്. മാരാരിക്കുളം വലിയപറമ്പ് ജോംസണാണു ജാതിമത ചിന്തകൾക്കതീതമായി വിസ്മയയുടെ കൈ പിടിക്കുന്നത്.

ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം ഭാഗ്യക്കുറി വിൽക്കാനാണ് മുള്ളൻചിറ നികർത്തിൽ വിനോദിന്റെ (49) പതിവു യാത്ര. വിസ്മയ അച്ഛനെ എടുക്കുമ്പോൾ അനുജത്തി വിനയ വീൽചെയറുമായി പിന്നാലെയെത്തും.

2007ൽ ആണ് വിനോദിനെ വീഴ്ത്തിയ അപകടം. വീടിനടുത്ത് മരംവെട്ടിനു സഹായിക്കാൻ പോയതാണ്. മരത്തിനു താഴെ നിന്ന വിനോദിനു മരക്കഷണം വീണു ഗുരുതരമായി പരുക്കേറ്റു. വർഷങ്ങൾ നീണ്ട ചികിത്സ. നാഡികൾ ചതഞ്ഞു പോയതിനാൽ അരയ്ക്കു താഴെ തളർന്നു.

ഇലക്ട്രിക് മുച്ചക്ര വാഹനമുണ്ടെങ്കിലും ബാറ്ററി മാറ്റാൻ പണമില്ലാത്തതിനാൽ അത് ഉപയോഗിക്കുന്നില്ല. ചേർത്തലയിലെ വസ്ത്രശാലയിൽ ജീവനക്കാരിയാണു വിസ്മയ. വിനയ പ്ലസ്ടു വിദ്യാഭ്യാസം പൂ‍ർത്തിയാക്കി.

അപകടത്തിനു ശേഷം ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നു വിനോദ് പറയുന്നു. അന്നു മക്കൾക്ക് എട്ടും അഞ്ചും വയസ്സ്. വിനോദ് വർഷങ്ങളോളം ആശുപത്രിയിലും മറ്റുമായിരുന്നു. അക്കാലത്ത് മക്കൾ പഠിച്ചത് ആലപ്പുഴയിലെ ജീവകാരുണ്യ സ്ഥാപനത്തിൽ താമസിച്ചാണ്. പിന്നീട് ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ പലരുടെയും സഹായത്തോടെ ചെറിയ ഷെഡ് വച്ച് മൂവരും താമസമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com