ADVERTISEMENT

കോഴിക്കോട് ∙ ഹരിതയിലെ പരാതിക്കാർക്കു പൂർണ പിന്തുണ നൽകിയ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ല‍ിയയെ പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണു നടപടിയെന്ന് ലീഗ് ദേശീയ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ അറിയിച്ചു.  

ഹരിത അംഗങ്ങൾക്കു നേരെയുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ഫാത്തിമ ശക്തമായി രംഗത്തു വന്നിരുന്നു. പരാതിക്കാർ ഉൾപ്പെട്ട സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ലീഗ് നടപടിക്കെതിരെയും പ്രതിഷേധിച്ചു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ വനിതാ സ്ഥാനാർഥികളുടെ പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഫാത്തിമയുടെ പേരും ചർച്ചയിലുണ്ടായിരുന്നു. ഹരിതയെ പിന്തുണച്ചതാണോ ഫാത്തിമ തെഹ്‌ലിയ നടത്തിയ അച്ചടക്കലംഘനമെന്നു പാർട്ടി വ്യക്തമാക്കണമെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ പ്രതികരിച്ചു. പാർട്ടി ഒറ്റക്കെട്ടായാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് വിശ്വസിക്കുന്നില്ല. 

എന്നാൽ ലീഗിനെ സംബന്ധിച്ച് ഹരിത വിവാദം അവസാനിച്ചുവെന്നു ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ.സലാം പറഞ്ഞു. ഒറ്റപ്പെട്ട രാജികൾ മറ്റു ലക്ഷ്യങ്ങളോടെയാണ്. ഹരിത നേതാക്കൾ ലീഗ് നേതൃത്വത്തിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തുകൾ നേതാക്കൾക്കു ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്കാണ് അതു ലഭിക്കുന്നതെന്നു സലാം പറഞ്ഞു. 

'ഹരിത'യ്ക്കു നീതി ലഭിച്ചില്ലെന്നു തന്നെയാണു നിലപാട് എന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജൽ പറഞ്ഞു. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ എംഎസ്എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ലെന്നും ഷൈജൽ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുമെന്ന് ‘ഹരിതയുടെ’ പുതിയ പ്രസിഡന്റ് പി.എച്ച്.ആയിഷ ബാനു പറഞ്ഞു.

English Summary: Fathima Thahiliya removed form MSF national vice president post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com